TopTop
Begin typing your search above and press return to search.

കൊറോണ സൃഷ്ടിച്ച അരക്ഷിതാവസ്ഥ ഇസ്രായേലിന്റെ രാഷ്ട്രീയ അനിശ്ചിതത്വം നീക്കുമോ?

കൊറോണ സൃഷ്ടിച്ച അരക്ഷിതാവസ്ഥ ഇസ്രായേലിന്റെ രാഷ്ട്രീയ അനിശ്ചിതത്വം നീക്കുമോ?

കൊറോണ വൈറസ് വ്യാപനം സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയെ നേരിടുന്നതിന് നടത്തേണ്ടുന്ന അടിയന്തിരനീക്കങ്ങള്‍ ഇസ്രായേലിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് അറുതി വരുത്തുമോയെന്ന ചര്‍ച്ച വ്യാപകമായി നടക്കുന്നുണ്ട്. പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ സര്‍ക്കാരിനെ മറിച്ചിടാന്‍ ശ്രമങ്ങള്‍ നടത്തിവരികയായിരുന്ന അദ്ദേഹത്തിന്റെ എതിരാളി ബെന്നി ഗാന്റ്സ് ഇപ്പോള്‍ സംസാരിക്കുന്നത് ഒരു സഖ്യ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെക്കുറിച്ചാണ്. മൂന്ന് തെരഞ്ഞെടുപ്പുകളാണ് വ്യക്തമായ ജനവിധിയില്ലാതെ ഇസ്രായേലില്‍ നടന്നത്. ഇതിനുശേഷം രാജ്യത്ത് രാഷ്ട്രീയ അനിശ്ചിതത്വം തുടരുകയാണ്. ഒരു വര്‍ഷത്തോളമായി തുടരുന്ന ഈ പ്രതിസന്ധി അവസാനിപ്പിക്കാനായി സഖ്യസർക്കാർ രൂപീകരിക്കുന്നതിനുള്ള സമയപരിധി നീട്ടണമെന്ന പ്രതിപക്ഷ നേതാവ് ബെന്നി ഗാന്റ്സിന്റെ അഭ്യർത്ഥന ഇസ്രായേൽ പ്രസിഡന്റ് സ്വീകരിച്ചു. തന്റെ എതിരാളിയായ ബെഞ്ചമിൻ നെതന്യാഹുവുമായി അദ്ദേഹം സഖ്യ ചര്‍ച്ചകള്‍ പുനരാരംഭിച്ചിരിക്കുകയാണ്. തിങ്കളാഴ്ച അർദ്ധരാത്രി അവസാനിച്ച സമയപരിധി നീട്ടില്ലെന്ന് പ്രസിഡന്‍റ് റുവെൻ റിവ്‌ലിൻ പറഞ്ഞിരുന്നു. അധികാരം പങ്കിടുന്നത് സംബന്ധിച്ച് ഗാന്റ്സും നെതന്യാഹുവും ഇപ്പോഴും ഒരു സമവായത്തില്‍ എത്തിയിട്ടില്ല എന്നാണ് അറിയുന്നത്.

തിങ്കളാഴ്ച വൈകുന്നേരം ഗാന്റ്സ് നെതന്യാഹുവിനോട് ടെലിവിഷനിലൂടെ ചര്‍ച്ചകള്‍ സജീവമാക്കേണ്ടാതിനെ കുറിച്ച് സൂചിപ്പിച്ചതോടെ നെതന്യാഹു അദ്ദേഹത്തെ തന്റെ വസതിയിലേക്ക് വിളിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും സംയുക്തമായാണ് പ്രസിഡന്‍റിനോട് സമയപരിധി നീട്ടി ചോദിച്ചത്. 'നമ്മുടെ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവച്ച് ഒരുമിച്ച് പ്രവർത്തിക്കണമെന്നാണ് ഇസ്രായേലികൾ ആഗ്രഹിക്കുന്നത്' എന്ന് അദ്ദേഹം നെതന്യാഹുവിനോട്‌ ടെലിവിഷനിലൂടെ പറഞ്ഞു.

തിങ്കളാഴ്ച അർദ്ധരാത്രിക്ക് തൊട്ടുമുമ്പ് 48 മണിക്കൂർകൂടി സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള സമയപരിധി വിപുലീകരണത്തിനുള്ള അഭ്യർത്ഥന വന്നതായി പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. 'ഇരു വിഭാഗവും തമ്മില്‍ ചര്‍ച്ചകള്‍ വളരെ സജീവമാകുകയും സമവായത്തിനടുത്ത് എത്തിയിട്ടുണ്ടെന്നും' പ്രസിഡന്റിന്റെ ഓഫീസ് പറയുന്നു.

കഴിഞ്ഞ വർഷം നടന്ന മൂന്ന് തിരഞ്ഞെടുപ്പുകളിലും പരസ്പരം പോരാടിയ നെതന്യാഹുവും ഗാന്റ്സും, കൊറോണ വൈറസ് പകർച്ചവ്യാധിയെ രാജ്യം അഭിമുഖീകരിക്കുന്നതിനാൽ ഒരു ധാരണയിലെത്താൻ തീരുമാനിക്കുകയായിരുന്നു. ഇരുവർക്കും പാർലമെന്റിൽ ഭൂരിപക്ഷത്തിന് മതിയായ സീറ്റുകളില്ല. അതിനാൽ ഒരു അധികാര പങ്കിടൽ കരാർ ഉണ്ടാക്കാനാണ് ഇപ്പോള്‍ ഇരുവരും ശ്രമിക്കുന്നത്. എന്നിരുന്നാലും, ഇതിനേക്കാള്‍ ഗൗരവമുള്ള പല ചര്‍ച്ചകളും നേരത്തെ പരാജയപ്പെട്ട ചരിത്രമുള്ളതിനാല്‍ വലിയ പ്രതീക്ഷയൊന്നും ആരും വച്ചുപുലര്‍ത്തുന്നുമില്ല.

ഈ ശ്രമങ്ങളും വിജയിച്ചില്ലെങ്കില്‍ ഒരു നാലാം തെരഞ്ഞെടുപ്പിലേക്ക് പോകേണ്ടതായി വരും ഇസ്രായേലിന്. മാര്‍ച്ച് 2നാണ് അവസാനത്തെ തെരഞ്ഞെടുപ്പ് നടന്നത്. ചൊവ്വാഴ്ച ഇരുപാര്‍ട്ടികളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെങ്കിലും ഒരു തീരുമാനത്തിലെത്താനാകാതെ പിരിഞ്ഞു. തെരഞ്ഞെടുപ്പില്‍ നെതന്യാഹുവിനെക്കാള്‍ തരക്കേടില്ലാത്ത നിലയിലാണ് ഗാന്റ്സ് എത്തിയിരിക്കുന്നതെങ്കിലും ഒരു സര്‍ക്കാര്‍ രൂപീകരണത്തിനുള്ള പാങ്ങില്ല. നെതന്യാഹുവിനോടൊപ്പം ചേരാന്‍ തന്റെ പാര്‍ട്ടിയെ പൂര്‍ണമായും ബോധ്യപ്പെടുത്താന്‍ ഗാന്റ്സിന് സാധിച്ചിട്ടുമില്ല. നെതന്യാഹുവിനൊപ്പം ഒരു സര്‍ക്കാര്‍ രൂപീകരണമെന്നത് ഗാന്റ്സ് തുടക്കം മുതലേ എതിര്‍ത്തു വന്നതാണ്. നെതന്യാഹു അഴിമതിക്കേസുകളില്‍ പെട്ടിട്ടുള്ളയാളാണെന്ന് ഗാന്റ്സ് തന്റെ ഭാഗം സ്ഥാപിക്കാനായി ചൂണ്ടിക്കാട്ടുകയുമുണ്ടായി. ഇതിനു ശേഷമാണ് കൊറോണ വൈറസ് രാജ്യത്തെ ആക്രമിക്കുന്നത്.

ആദ്യത്തെ 18 മാസം നെതന്യാഹുവിനും രണ്ടാമത്തെ 18 മാസം ഗാന്റ്സിനും പ്രധാനമന്ത്രിസ്ഥാനത്ത് ഇരിക്കാന്‍ കഴിയണം എന്നതാണ് നെതന്യാഹു ഉന്നയിക്കുന്ന ആവശ്യം. ഇക്കാര്യം അദ്ദേഹം പരസ്യമായി പറയുകയും ചെയ്തു. നിലവിലെ ആരോഗ്യ അടിയന്തിരനിലയെ കൈകാര്യം ചെയ്യാന്‍ സഖ്യ സര്‍ക്കാര്‍ ആവശ്യമാണെന്നും നെതന്യാഹു വ്യക്തമാക്കി. ഈ നിര്‍ദ്ദേശത്തെ ഗാന്റ്സ് തത്വത്തില്‍ അംഗീകരിക്കുകയുമുണ്ടായി. ആയിരക്കണക്കിന് ഇസ്രായേലികളെ കൊറോണ രോഗം ബാധിച്ചു കഴിഞ്ഞിട്ടുണ്ട്. 118 പേര്‍ ഇതിനകം മരിക്കുകയും ചെയ്തു.

എന്നാല്‍ ഇതത്ര എളുപ്പമാകില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിരവധി വിഷയങ്ങളില്‍ ഇരു നേതാക്കളും തമ്മില്‍ വലിയ ഭിന്നതയുണ്ട്. ഇസ്രായേല്‍-പലസ്തീന്‍ പ്രശ്നം അവസാനിപ്പിക്കണമെന്ന ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശത്തെ അവഗണിച്ച് വെസ്റ്റ് ബങ്കിലെ വലിയൊരു പ്രദേശം ഇസ്രായേലിനോട് കൂട്ടിച്ചേര്‍ക്കുന്ന നടപടികളിലേക്ക് നെതന്യാഹു പോയിക്കഴിഞ്ഞു. ഏകപക്ഷീയമായ ഈ നിലപാടിനെ ഗാന്റ്സ് എതിര്‍ക്കുന്നു. അന്തര്‍ദ്ദേശീയമായി ഒരു പൊതുസമ്മതം രൂപപ്പെടുത്താതെ ഇത്തരം നടപടികള്‍ പാടില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. കൂടാതെ, സുപ്രീംകോടതി ജഡ്ജിമാരെ നിയമിക്കുന്നതില്‍ നെതന്യാഹു നടത്തിയ കള്ളക്കളികള്‍ സംബന്ധിച്ച് ഗൗരവമേറിയ ആരോപണങ്ങള്‍ ഗാന്റ്സിന്റെ പാര്‍ട്ടിക്കുണ്ട്. നടപടിക്രമങ്ങളെല്ലാം ലംഘിച്ചു കൊണ്ടായിരുന്നു നെതന്യാഹുവിന്റെ നീക്കം. ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്തിട്ടുള്ളയാള്‍ പ്രധാനമന്ത്രിയാകുന്നതില്‍ സുപ്രീംകോടതി ഇടപെടാതിരിക്കാനുള്ള ശ്രമമാണ് നെതന്യാഹു നടത്തിക്കൊണ്ടിരിക്കുന്നതെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. താന്‍ വിചാരണ ചെയ്യപ്പെടുന്നത് തടയണമെങ്കില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ താനുണ്ടായിരിക്കണമെന്നതാണ് നെതന്യാഹുവിന് നേരിടാനുള്ള പ്രശ്നം.


Next Story

Related Stories