TopTop
Begin typing your search above and press return to search.

അഴിമതി, തട്ടിപ്പ്, വിശ്വാസ വഞ്ചന; ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ കുറ്റം ചുമത്തി

അഴിമതി, തട്ടിപ്പ്, വിശ്വാസ വഞ്ചന; ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ കുറ്റം ചുമത്തി

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പേരിൽ അഴിമതിക്കേസുകളിൽ കുറ്റം ചുമത്തി. മൂന്നുകേസുകളിലായി പണംതട്ടിപ്പ്, വിശ്വാസവഞ്ചന, കൈക്കൂലി എന്നീ കുറ്റങ്ങളാണ് അറ്റോര്‍ണി ജനറല്‍ അവിഷെ മാന്‍ഡില്‍ബ്ലിറ്റ് ചുമത്തിയിരിക്കുന്നത്. ഇസ്രായേലില്‍ അധികാരത്തിലിരിക്കെ ഒരു പ്രധാനമന്ത്രിക്കെതിരെ കുറ്റം ചുമത്തുന്നത് ഇതാദ്യമാണ്. സര്‍ക്കാറിന്‍റെയും നേതാന്യാഹുവിന്‍റെയും രാഷ്ട്രീയ ഭാവി ഇതോടെ കൂടുതല്‍ പ്രതിസന്ധിയിലാകും.

തനിക്കലുകൂലമായ വാര്‍ത്ത നല്‍കുന്നതിനു വേണ്ടി ഒരു മാധ്യമ ഗ്രൂപ്പിന് അനധികൃതമായി ചട്ടങ്ങളില്‍ ഇളവുനല്‍കി, ഹോളിവുഡ് നിര്‍മാതാവും ഇസ്രായേലി പൌരനുമായ ആര്‍നോണ്‍ മില്‍ച്ചനില്‍, ഓസ്ട്രേലിയന്‍ ശതകോടീശ്വരനായ ജെയിംസ് പാക്കർ എന്നിവരിൽ നിന്നും നേതാന്യാഹുവും ഭാര്യയും വിലപിടിപ്പുള്ള സമ്മാനങ്ങള്‍ കൈപറ്റി തുടങ്ങിയ മൂന്നു കേസുകളാണ് നെതന്യാഹുവിനെതിരെ ചുമത്തിയിരിക്കുന്നത്.

‘അധികാരത്തിലിരിക്കുന്ന ഒരു പ്രധാനമന്ത്രിക്കെതിരെ വളരെ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ആരോപിച്ചുകൊണ്ട്‌ കുറ്റപത്രം നൽകാൻ അറ്റോർണി ജനറൽ തീരുമാനിക്കുന്ന ദിവസം ഇസ്രായേലി പൌരന്മാര്‍ക്കും എനിക്കും അത്യന്തം വേദനാജനകമായ ദിവസമാണെന്ന്’ മാന്‍ഡില്‍ബ്ലിറ്റ് പറഞ്ഞു. മൂന്നു വര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണ് നെതന്യാഹുവിനെതിരെ നാടകീയമായ നീക്കള്‍ നടന്നിരിക്കുന്നത്. ഇസ്രായേലില്‍ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച പ്രധാനമന്ത്രിയെ സംബന്ധിച്ചിടത്തോളം തീർത്തും അനിശ്ചിതത്വം നിറഞ്ഞുനിൽക്കുന്ന സമയത്തുതന്നെ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടു എന്നതും ശ്രദ്ധേയമാണ്. ഈ വർഷം നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിച്ച് അധികാരം നിലനിര്‍ത്താന്‍ അദ്ദേഹത്തിനറെ ലികുഡ് പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നില്ല. എന്നിട്ടും മറ്റുള്ള കക്ഷികളെ കൂട്ടുപിടിച്ച് എങ്ങിനെയെങ്കിലും അധികാരത്തിൽ തുടരാൻ ശ്രമിക്കുകയാണ് നെതന്യാഹു.

അതേസമയം, ആരോപണങ്ങള്‍ നിഷേധിച്ച നെതന്യാഹു ഇടതുപക്ഷവും മാധ്യമങ്ങളും തന്നെ വേട്ടയാടുകയാണെന്നാണ് ആരോപിക്കുന്നത്. ഇത്തരം ആരോപണങ്ങളുടെ മേല്‍ അദ്ദേഹം രാജിവയ്ക്കാന്‍ തയ്യാറല്ലെന്നും നിയമപരമായി നേരിടുമെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. നെതന്യാഹുവിനെതിരേ വ്യക്തമായ തെളിവുണ്ടെന്നും അഴിമതിക്കും മറ്റു കുറ്റങ്ങള്‍ക്കും കേസെടുക്കണമെന്നും പോലിസ് ശുപാര്‍ശ ചെയ്തിരുന്നെങ്കിലും കേസെടുക്കുന്ന കാര്യത്തില്‍ അറ്റോര്‍ണി ജനറല്‍ അന്തിമ തീരുമാനമെടുത്തത് കഴിഞ്ഞ ദിവസമാണ്.

എന്നാല്‍ നെതന്യാഹുവിന്റെ വാക്കുകള്‍ക്ക് മറുപടിയുമായി അറ്റോര്‍ണി ജനറല്‍തന്നെ രംഗത്തെത്തി. ‘ഇതൊരു ഇടത് വലത് പ്രശ്നമല്ല, രാഷ്ട്രീയ പ്രശ്നമേയല്ല’ എന്നാണ് അദ്ദേഹം പറഞ്ഞത്. കുറ്റം ആരോപിക്കപ്പെട്ടാല്‍ മാത്രം പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജിവയ്ക്കണമെന്ന് ഇസ്രായേല്‍ നിയമം അനുശാസിക്കുന്നില്ലെന്നതും, വിചാരണാ പ്രക്രിയകള്‍ പൂര്‍ത്തിയാവാന്‍ കാലതാമസമെടുക്കുമെന്നതുമാണ് നെതന്യാഹുവിന് നേരിയ ആശ്വാസമെങ്കിലും നല്‍കുന്നത്.


Next Story

Related Stories