TopTop
Begin typing your search above and press return to search.

ഇറ്റലിയിൽ പുതിയ നാസി പാർട്ടി രൂപീകരിക്കാൻ ശ്രമം, വലതുപക്ഷ തീവ്രവാദികൾ അറസ്റ്റിൽ

ഇറ്റലിയിൽ പുതിയ നാസി പാർട്ടി രൂപീകരിക്കാൻ ശ്രമം, വലതുപക്ഷ തീവ്രവാദികൾ അറസ്റ്റിൽ

പുതിയ നാസി പാർട്ടി രൂപീകരിക്കാൻ ഇറങ്ങിത്തിരിച്ച 19 വലതുപക്ഷ തീവ്രവാദികളെ അറസ്റ്റ് ചെയ്തതായി ഇറ്റാലിയൻ പോലീസ്. ഇറ്റലിയിലാകമാനം പോലീസ് നടത്തിയ റെയ്ഡുകളിൽ ആയുധങ്ങൾ, സ്‌ഫോടകവസ്തുക്കൾ, സ്വസ്തികകൾ ഉൾക്കൊള്ളുന്ന നാസി ഫലകങ്ങൾ, നാസി പതാകകൾ, അഡോൾഫ് ഹിറ്റ്‌ലർ, ബെനിറ്റോ മുസ്സോളിനി എന്നിവരുടെ പുസ്തകങ്ങൾ തുടങ്ങിയവ പോലീസ് കണ്ടെത്തി.

'ഇറ്റാലിയൻ നാഷണൽ സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർട്ടി' എന്ന പേരിലാണ് അവർ നാസി അനുകൂല, സെനോഫോബിക്, ആന്റിസെമിറ്റിക് ഗ്രൂപ്പ് സൃഷിട്ടിക്കാൻ തയ്യാറെടുത്തത് എന്ന് അന്വേഷണോദ്യോഗസ്ഥർ പറഞ്ഞു. 'ഓപ്പറേഷൻ ബ്ലാക്ക് ഷാഡോസ്' എന്ന പേരിലാണ് രാജ്യ വ്യാപാക റെയ്ഡ് നടത്തിയത്.

ബ്രിട്ടന്റെ കോംബാറ്റ് 18, പോർച്ചുഗലിന്റെ ന്യൂ ഓർഡർ തുടങ്ങിയ തീവ്ര വലതുപക്ഷ നവ-നാസി സംഘടനകളുമായി പിടിയിലായവർക്ക് ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു. ഇറ്റലിയുടെ വടക്ക് ഭാഗത്തുള്ള പാദുവ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു 50 കാരിയാണ് സംഘടനയുടെ മേധാവി. ഒരു സർക്കാർ ഉദ്യോഗസ്ഥകൂടിയായ അവരുടെ പേരിൽ ഇതുവരെ യാതൊരുവിധ ക്രിമിനൽ കേസുകളും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ല. 'ഹിറ്റ്‌ലറുടെ സർജന്റ് മേജർ' എന്ന പേരിലാണ് സംഘടനക്കുള്ളിൽ അവർ അറിയപ്പെടുന്നത്. അവരുടെ വീട്ടിൽനിന്നും നിരവധി സ്വസ്തികകളും ആന്റിസെമിറ്റിക് വസ്തുക്കളും അന്വേഷകർ കണ്ടെത്തി.

സിസിലിയിൽ നിന്നുള്ള 26 കാരിയാണ് മറ്റൊരു പ്രതി. 'മിസ് ഹിറ്റ്‌ലർ' എന്ന പേരിൽ നടന്ന ഒരു ഓൺലൈൻ സൗന്ദര്യമത്സരത്തിലെ വിജയികൂടിയായ അവർ ഓഗസ്റ്റിൽ ലിസ്ബണിൽ നടന്ന ഒരു വലതുപക്ഷ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചിരുന്നു. കുപ്രസിദ്ധമായ കാലാബ്രിയൻ മാഫിയയുടെ മുൻ സീനിയർ അംഗമായിരുന്ന ഒരാളാണ് തീവ്രവാദികൾക്ക് ട്രെയിനിംഗ് നൽകുന്നത്. നേരത്തെ പൊലീസിന് രഹസ്യ വിവരങ്ങൾ നൽകി സഹായിച്ചിരുന്ന ആൾ കൂടിയാണ് അദ്ദേഹം. നവ ഫാസിസ്റ്റ് രാഷ്ട്രീയ പാർട്ടിയായ ഫോർസ നുവോവയുടെ ലിഗൂറിയയിലും അയാൾ പ്രവർത്തിച്ചിട്ടുണ്ട്.

പിടിയിലായവരിൽ നിന്നും മധ്യ ഇടതുപക്ഷ ഡെമോക്രാറ്റിക് പാർട്ടിയുടെ രണ്ട് എം‌പിമാർക്കെതിരെയുള്ള ലഘുലേഖകൾ പോലീസ് കണ്ടെത്തി. ഇറ്റാലിയൻ ജൂത സമൂഹത്തിലെ പ്രമുഖനായ ഇമാനുവൽ ഫിയാനോ, മുൻ പാർലമെന്ററി സ്പീക്കറായ ലോറ ബോൾഡ്രിനി എന്നിവർക്കെതിരെയാണ് നാസി അനുകൂലികൾ അപമാനകരമായ ലഘുലേഖകൾ വിതരണം ചെയ്യുന്നത്. കഴിഞ്ഞ ജൂലൈയിൽ മൂന്ന് നാസി അനുകൂല തീവ്രവാദികളെ വടക്കൻ ഇറ്റലിയിൽ നിന്നും പോലീസ് പിടികൂടിയിരുന്നു. അവരിൽനിന്നും നാസി ചിഹ്നങ്ങൾ ഉൾക്കൊള്ളുന്ന വസ്തുക്കളും മൂന്ന് മീറ്റർ നീളമുള്ള എയർ-ടു-എയർ മിസൈലും പിടിച്ചെടുത്തിരുന്നു.


Next Story

Related Stories