യുഎസ് തിരഞ്ഞെടുപ്പിനെതിരെ വീണ്ടും ഡൊണാള്‍ഡ് ട്രംപ്. ജോ ബൈഡന്റെ ജയം വ്യാജ വാര്‍ത്താ മാധ്യമങ്ങളുടെ കാഴ്ചയില്‍ മാത്രമാണെന്നും ഇതൊന്നും താന്‍ അംഗീകരിക്കില്ലെന്നുമാണ് ട്രംപിന്റെ പുതിയ പ്രതികരണം. ഏതു ഭരണമാണ് വരാനിരിക്കുന്നതെന്ന് കാലം തെളിയിക്കുമെന്ന് കഴിഞ്ഞദിവസം ട്രംപ് പറഞ്ഞിരുന്നു. ഭരണ കൈമാറ്റം ട്രംപ് പാതിമനസോടെ അംഗീകരിച്ചതിനെത്തുടര്ന്നുള്ള പ്രതികരണമായാണ് അതിനെ പലരും സ്വീകരിച്ചത്. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളിലാണ് ബൈഡന്റെ ജയം അംഗീകരിക്കില്ലെന്ന് ആവര്‍ത്തിച്ച് ട്രംപ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
മണിക്കൂറുകള്‍ക്കിടെ നിരവധി ട്വീറ്റുകളിലൂടെയാണ് ട്രംപ് തിരഞ്ഞെടുപ്പിനെതിരെ പ്രതികരിച്ചിരിക്കുന്നത്. കൃത്രിമമായ തിരഞ്ഞെടുപ്പായിരുന്നതിനാല്‍ അദ്ദേഹം ജയിച്ചു. വോട്ടുകള്‍ പരിശോധിക്കുന്നതിനും നിരീക്ഷിക്കുന്നതിനും ആരെയും അനുവദിച്ചില്ല. വളരെ മോശമെന്ന് പേരുകേട്ട തീവ്ര ഇടതുപക്ഷ കമ്പനിയായ ഡൊമിനീയനാണ് വോട്ടുകള്‍ കണക്കാക്കിയതെന്നായിരുന്നു ആദ്യ ആരോപണം. കൃത്രിമമായി നടത്തപ്പെട്ട തിരഞ്ഞെടുപ്പ്, ഞങ്ങള്‍ ജയിക്കും എന്നായിരുന്നു ഒരു മണിക്കൂറിനുശേഷം ട്രംപ് ട്വിറ്ററില്‍ കുറിച്ചത്. വ്യാജ വാര്‍ത്താ മാധ്യമങ്ങളുടെ കണ്ണില്‍ മാത്രമാണ് ബൈഡന് ജയിച്ചത്. ഞാനിത് അംഗീകരിക്കില്ല. ഞങ്ങള്‍ക്ക് ഇനിയും അധികദൂരം പോകേണ്ടതുണ്ട്. കൃത്രിമമായി നടത്തപ്പെട്ടൊരു തിരഞ്ഞെടുപ്പായിരുന്നു ഇത്- എന്നായിരുന്നു ട്രംപിന്റെ അവസാന ട്വീറ്റ്. അതേസമയം, തിരഞ്ഞെടുപ്പില്‍ തട്ടിപ്പു നടന്നതായുള്ള അവകാശവാദം തര്‍ക്കവിഷയമാണെന്ന് എല്ലാം ട്വീറ്റുകളിലും ട്വിറ്റര്‍ മുന്നറിയിപ്പ് ഫ്ളാഗ് ചേര്‍ത്തിട്ടുണ്ട്.
ബൈഡന്റെ ജയം അംഗീകരിക്കാത്ത ട്രംപ് അനുകൂലികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയതിനു പിന്നാലെയാണ് ട്രംപിന്റെ ട്വീറ്റുകള്‍. തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായുള്ള ട്രംപിന്റെ വാദങ്ങള്‍ക്ക് കോടതിയില്‍ ഉള്‍പ്പെടെ തിരിച്ചടി നേരിട്ടതോടെയാണ് തീവ്ര വലതു പക്ഷ വാദികള്‍ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. പ്രതിഷേധത്തിന്റെ വീഡിയോ ട്രംപ് ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.
നിയമപരമായ വോട്ടില്‍ ഭൂരിപക്ഷം തനിക്കാണെന്ന് അവകാശപ്പെട്ടിരുന്ന ട്രംപ് താന്‍ പ്രസിഡന്റായി തുടരുമോ എന്ന് സമയമാകുമ്പോള്‍ അറിയാമെന്ന് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഏത് ഭരണകൂടമാണുണ്ടാവുക എന്ന് ആര്‍ക്കറിയാം. സമയമാകുമ്പോള്‍ അറിയാം എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. അന്തിമഫലം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബൈഡന് 306 ഇലക്ടറല്‍ വോട്ടുകള്‍ നേടിയതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നതിനുപിന്നാലെയായിരുന്നു ട്രംപിന്റെ പ്രതികരണം. ട്രംപ് 232 വോട്ടുകളാണ് നേടിയത്. 270 വോട്ടാണ് പ്രസിഡന്റാകാന്‍ വേണ്ടത്.