Top

തുർക്കി വടക്കുകിഴക്കൻ സിറിയയിൽ ബോംബാക്രമണം തുടരുന്നു; കുർദ്ദുകൾ കൂട്ടപ്പലായനത്തിൽ

തുർക്കി വടക്കുകിഴക്കൻ സിറിയയിൽ ബോംബാക്രമണം തുടരുന്നു; കുർദ്ദുകൾ കൂട്ടപ്പലായനത്തിൽ

വടക്കുകിഴക്കൻ സിറിയയിലെ പ്രധാന പട്ടണങ്ങളിൽ നിന്ന് കുർദ് വംശജരായ സാധാരണക്കാർ‌ പലായനം ചെയ്തു തുടങ്ങി. അതിനിടെ തുര്‍ക്കിക്കുമേല്‍ ഉപരോധം ഏർപ്പെടുത്താനുള്ള സാധ്യത ആരായുകയാണ് ഡോണൾഡ് ട്രംപ്. കുർദുകളുടെ നിയന്ത്രണത്തിലുള്ള പട്ടണങ്ങളായ റാസ് അൽ-ഐൻ, ടെൽ അബിയാദ് എന്നിവിടങ്ങളിൽ തുര്‍ക്കി സേന വെള്ളിയാഴ്ച വ്യോമാക്രമണവും ഷെല്ലാക്രമണവും നടത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

പട്ടണങ്ങളിൽ നിന്നും ചുറ്റുമുള്ള ഗ്രാമങ്ങളിൽ നിന്നും ആയിരക്കണക്കിന് സിവിലിയന്മാർ പലായനം ചെയ്തിട്ടുണ്ട്. തുർക്കി പീരങ്കികൾ ഇറക്കിയതോടെ റാസ് അൽ-ഐനിനടുത്തുള്ള നാലായിരത്തോളം സിറിയക്കാര്‍ താമസിച്ചിരുന്ന ഒരു ക്യാമ്പ് ഒഴിപ്പിച്ചതായി കുർദ് ഭരണാധികാരികൾ പറഞ്ഞു. വടക്കുകിഴക്കൻ സിറിയയില്‍ തുര്‍ക്കി സൈന്യം അഞ്ച് മൈലോളം മുന്നേറ്റം നടത്തിയതായി തുർക്കി വൈസ് പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. സമയം മുതലെടുത്ത്‌ ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണം നടത്തിയേക്കുമെന്ന ഭീതിക്കിടെ ഖാമിഷ്‌ലി പട്ടണത്തിലെ ഒരു പ്രശസ്ത റെസ്റ്ററന്റിന് പുറത്ത് ഒരു കാർ ബോംബ് സ്ഫോടനമുണ്ടായതായി കുർദിഷ് പ്രവർത്തകർ റിപ്പോർട്ട് ചെയ്തു. തുടർന്ന് ഒരാൾ കൊല്ലപ്പെട്ടുവെന്നും ഇതുവരെ ഒരു ഗ്രൂപ്പും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലെന്നും കുർദിഷ് മാധ്യമ കൂട്ടായ റോജാവ ഇൻഫർമേഷൻ സെന്റർ പറയുന്നു.

ജീവനക്കാര്‍ എത്താതായതോടെ ടെൽ അബിയാദിലെ ആശുപത്രി അടച്ചിട്ടു. തുര്‍ക്കി ആക്രമണം അവസാനിപ്പിക്കണമെന്നും, അല്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും യുഎസ് പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പർ പറഞ്ഞു. തുര്‍ക്കിയുടെ സൈനിക നടപടി ആരംഭിച്ചതിനുശേഷം 64,000 പേർ സിറിയയിൽ നിന്ന് പലായനം ചെയ്തതായി ഇന്റർനാഷണൽ റെസ്ക്യൂ കമ്മിറ്റി പറയുന്നു. കമിഷ്‌ലിയിൽ 11 വയസുള്ള ആൺകുട്ടി ഉൾപ്പെടെ 11 സിവിലിയന്മാർ കൊല്ലപ്പെട്ടതായി കുർദിഷ് റെഡ് ക്രസന്റ് അറിയിച്ചു. ഇറാഖ് അതിർത്തിയിലെ ഐൻ ദിവാർ മുതൽ പടിഞ്ഞാറ് 400 കിലോമീറ്റർ അകലെയുള്ള കൊബാനെ വരെയുള്ള വിവിധ സ്ഥലങ്ങളിൽ ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്യപ്പെട്ടു.

വടക്കന്‍ സിറിയയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി കഴിഞ്ഞ മാസംതന്നെ തുര്‍ക്കിയും യുഎസും തമ്മില്‍ ധാരണയില്‍ എത്തിയിരുന്നു. അവിടെ യുദ്ധരഹിത മേഖല സ്ഥാപിക്കാനും, പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ തുര്‍ക്കിയില്‍ പ്രത്യേക കേന്ദ്രം തുടങ്ങാനുമാണ് തീരുമാനമായിരുന്നത്. ഇതോടെ വടക്കന്‍ സിറിയ വിഷയത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നിലനിന്ന സംഘര്‍ഷത്തിന് താല്‍ക്കാലിക വിരാമമാവുകയും ചെയ്തു.

എന്നാലിപ്പോള്‍ തുര്‍ക്കിയും, അവരുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന 'ഫ്രീ സിറിയന്‍ നാഷണല്‍ ആര്‍മി'യുമാണ്‌ ആക്രമണം നടത്തിക്കൊണ്ടിരിക്കുന്നത്. 'ഓപ്പറേഷന്‍ പീസ്‌ സ്പ്രിംഗ്' എന്ന് പേരിട്ടിരിക്കുന്ന സൈനികനീക്കം കുര്‍ദിഷ് - ഐഎസ് തീവ്രവാദികളേയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് എർദോഗാന്‍ പറഞ്ഞിരുന്നു. മേഖലയില്‍ സമാധാനം കൊണ്ടുവരാനും 'ഭീകര ഇടനാഴി' രൂപപ്പെടുന്നത് തടയാനുമാണ് ഓപ്പറേഷന്‍ പീസ്‌ സ്പ്രിംഗ് എന്നാണ് അദ്ദേഹത്തിന്‍റെ അവകാശവാദം.


Next Story

Related Stories