Top

മാൾട്ട പ്രധാനമന്ത്രി രാജി വെച്ചു; മെഴുകുതിരി കത്തിച്ച് ആഹ്ലാദം പ്രകടിപ്പിച്ച് ജനത

മാൾട്ട പ്രധാനമന്ത്രി രാജി വെച്ചു; മെഴുകുതിരി കത്തിച്ച് ആഹ്ലാദം പ്രകടിപ്പിച്ച് ജനത

പാനമ രേഖകളുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുകൊണ്ടുവന്ന മാധ്യമ പ്രവർത്തകരിൽ ഒരാളായ ഡാഫ്‌ന കരുവാന ഗലീസിയയെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉടലെടുത്ത ഭരണഘടനാപരവും രാഷ്ട്രീയവുമായ പ്രതിസന്ധിയെത്തുടർന്ന് മാൾട്ടയിലെ പ്രധാനമന്ത്രി ജോസഫ് മസ്കറ്റ് രാജിവച്ചു. ഞായറാഴ്ച വൈകുന്നേരം ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്ത പ്രസംഗത്തിലാണ് മസ്കറ്റ് രാജിവിവരം അറിയിച്ചത്. എന്നാൽ ഭരണകക്ഷിയായ ലേബർ പാർട്ടി പുതിയ നേതാവിനെ ജനുവരിയിൽ തിരഞ്ഞെടുക്കുന്നതുവരെ അധികാരത്തിൽ തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

വളരെ വൈകാരികമായാണ് മാൾട്ടക്കാർ ജോസഫ് മസ്കറ്റിന്റെ രാജിയെ വരവേറ്റത്. വാലറ്റയിലെ തെരുവുകളിൽ ഒത്തുകൂടിയ ആയിരക്കണക്കിന് ആളുകൾ മെഴുകുതിരികൾ കത്തിച്ചു പിടിച്ചും, മാൾട്ടയുടെ ചുവപ്പും വെള്ളയും നിറമുള്ള പതാക ഉയർത്തികാട്ടിയും, ദേശീയഗാനം ആലപിച്ചുകൊണ്ടുമാണ് സമര പരിപാടികൾ അവസാനിപ്പിച്ചത്. വിടവാങ്ങൽ പ്രസംഗത്തിൽ കരുവാന ഗലീസിയയുടെ കൊലപാതകത്തിൽ 'അതീവ ഖേദം' പ്രകടിപ്പിച്ച ജോസഫ് മസ്കറ്റ് പക്ഷേ, 'ഈ കേസുകൊണ്ടൊന്നും നമ്മുടെ രാജ്യം എന്താണെന്ന് നിർവചിക്കാൻ കഴിയില്ല' എന്നും പറഞ്ഞു.

2017 ഒക്ടോബറിലാണ് വീടിനു സമീപത്തു വെച്ചുണ്ടായ കാർ ബോംബ് സ്ഫോടനത്തില്‍ കരുവാന ഗലീസിയ കൊല്ലപ്പെടുന്നത്. അവരുടെ ഘാതകരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ബഹുജന സമരം വലിയ പ്രക്ഷോഭമായി പരിണമിച്ചതോടെ മാള്‍ട്ടയില്‍ ഭരണ പ്രതിസന്ധി രൂക്ഷമായി. രാജ്യത്തു നടക്കുന്ന അഴിമതിയിൽ പ്രധാനമന്ത്രിയുടെ സ്റ്റാഫ് മേധാവി കീത്ത് ഷെംബ്രിക്കും അന്നത്തെ ഊർജമന്ത്രിയും ഇപ്പോഴത്തെ ടൂറിസം മന്ത്രിയുമായ കോണ്‍റാഡ് മിസിക്കും പങ്കുണ്ടെന്നും കരുവാന ബ്ലോഗിൽ ആരോപിച്ചിരുന്നു. കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾക്കു മുമ്പായിരുന്നു അവർ ഇരുവരുടെയും പേരുകൾ പരാമര്‍ശിച്ചുകൊണ്ടുള്ള ബ്ലോഗ് പ്രസിദ്ധീകരിച്ചത്. പ്രതിഷേധം ശക്തമായതോടെ ഇരുവരും രാജിവെച്ചു. അതോടെ കുറ്റാരോപിതരായവരെ സംരക്ഷിച്ച പ്രധാനമന്ത്രിയും രാജിവെക്കണമെന്ന ആവശ്യമുയർന്നു.

പാനമ പേപ്പേഴ്സ് എന്നറിയപ്പെടുന്ന ഓഫ്‌ഷോർ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കരുവാന ഗലീസിയ പല അഴിമതികളും തുറന്നു കാട്ടിയിരുന്നത്. ഷെംബ്രിക്കും മിസിയും അതിലെ പ്രധാന കുറ്റാരോപിതരായിരുന്നു. കരുവാന ഗലീഷ്യയുടെ വെളിപ്പെടുത്തലുകള്‍ മാള്‍ട്ടയില്‍ പൊതുതിരഞ്ഞെടുപ്പിന് വഴിവെച്ചിരുന്നു. ലേബര്‍പാര്‍ട്ടി മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചുവെങ്കിലും അത് മാൾട്ടയിലെ രാഷ്ട്രീയമായ അസ്വസ്ഥതകളെ ശമിപ്പിച്ചില്ല. അഞ്ചുമാസത്തിനുശേഷം കരുവാന ഗലീഷ്യ കൊല്ലപ്പെട്ടു. കൊലപാതകത്തില്‍ ഷെംബ്രിക്കിനും മിസിക്കും പങ്കുണ്ടെന്ന ആരോപണം ശക്തമായിരിക്കെയാണ് അവരുമായി ഏറ്റവും അടുപ്പമുള്ള വ്യവസായിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.


Next Story

Related Stories