സമൂഹത്തെ നശിപ്പിക്കുന്നതല്ല ഫേസ്ബുക്കെന്ന് സിഇഒ മാര്‍ക് സുക്കര്‍ബര്‍ഗ്. ഫേസ്ബുക്കിന്റെ നിലപാടുകള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ആക്സിയോസ് ഓണ്‍ എച്ച്ബിഒയ്ക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫേസ്ബുക്ക് യാഥാസ്ഥിതികരാണ് നയിക്കുന്നതെന്ന പ്രചാരണം ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിന്റെ സേവനം എന്നത് വലതുപക്ഷത്തിന്റെ എക്കോ ചേംബറല്ലെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടിയ മാധ്യമമാണ് ഫേസ്ബുക്കെന്ന ചരിത്രം വിലയിരുത്തുമെന്ന ആക്ഷേപത്തെ അദ്ദേഹം തള്ളികളഞ്ഞു.
"തനിക്ക് ജനാധിപത്യത്തില്‍ വിശ്വാസമുണ്ട്." വ്യക്തികളെ കൂടുതല്‍ ശാക്തികരിക്കുകയാണ് ഇന്റര്‍നെറ്റ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ യാഥാസ്ഥിതിക നിലപാടുകള്‍ക്കാണ് ഫേസ്ബുക്കില്‍ കൂടുതല്‍ പ്രാമുഖ്യം കിട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ പ്രകോപിപ്പിക്കുന്ന പോസ്റ്റുകള്‍ കൂടുതല്‍ പേരില്‍ എത്തിക്കുന്ന തരത്തിലാണ് ഫേസ്ബുക്കിന്റെ അല്‍ഗോരിതമെന്നത് തെറ്റായ നിഗമനമാണെന്നും അദ്ദേഹം പറഞ്ഞു. വാക്സിന് വിരുദ്ധ പോസ്റ്റുകള്‍ നീക്കം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പ്രതിരോധ മരുന്ന് പരീക്ഷണം നടക്കുന്ന ഘട്ടത്തിൽ മരുന്നിനെതിരെ പ്രചാരണത്തിന് ഫേസ്ബുക്ക് വേദി നൽകുന്നു വെന്ന ആക്ഷേപമുണ്ടായിരുന്നു
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുപ്പത് ദിവസം മുമ്പ് രാഷ്ട്രീയ പരസ്യങ്ങള്‍ നീക്കം ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ എഴ് ദിവസം മുമ്പ് രാഷ്ട്രീയ പരസ്യങ്ങള്‍ ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ട്രംപ് ഉള്‍പ്പെടെയുള്ള വലതുപക്ഷ നേതാക്കള്‍ക്ക് ഫേസ്ബുക്ക് വലിയ പ്രധാന്യം നല്‍കുന്നുവെന്ന വിമര്‍ശനം നേരത്തെ ഉണ്ടായിരുന്നു. ഇന്ത്യയില്‍ വിദ്വേഷ പ്രചാരണത്തിന് ഫേസ്ബുക്ക് ഉപയോഗിച്ച ബിജെപി നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാത്തത് വലിയ വിമര്‍ശനം ഉണ്ടാക്കിയിരുന്നു. പാര്‍ലമെന്ററി കാര്യസമിതി, ഫേസ്ബുക്കിന്റെ ഇന്ത്യ തലവനെ വിളിപ്പിച്ച് വിശദീകരണം തേടിയിരുന്നു. ഇതേ തുടര്‍ന്നാണ് ഫേസ്ബുക്കിന്റെ വിദ്വേഷ പ്രചാരണം നടത്തിയ ബിജെപി നേതാവ് രാജസിങ്ങിനെ നീക്കം ചെയ്തിരുന്നു.