TopTop
Begin typing your search above and press return to search.

ഹോങ്കോങ് ജനാധിപത്യ സമരത്തിന് ആറ് മാസം, മനുഷ്യ സാഗരം തീര്‍ത്ത് പ്രക്ഷോഭകര്‍

ഹോങ്കോങ് ജനാധിപത്യ സമരത്തിന് ആറ് മാസം, മനുഷ്യ സാഗരം തീര്‍ത്ത് പ്രക്ഷോഭകര്‍

ഹോങ്കോങ്ങില്‍ ജനാധിപത്യ പ്രക്ഷോഭത്തിന് ആറ് മാസം. പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ സൂചന നല്‍കി ആയിരങ്ങള്‍ പങ്കെടുത്ത പ്രകടനമാണ് കഴിഞ്ഞ ദിവസം നടന്നത്.

സമരം ശക്തമാക്കുമെന്ന് കഴിഞ്ഞയാഴ്ച ജനാധിപത്യ അനുകൂലികള്‍ സൂചന നല്‍കിയിരുന്നു.
ഓഗസ്റ്റ് 18-ന് ശേഷം ആദ്യമായി ഹോങ്കോങ്ങിന് പ്രതിഷേധ പ്രകടനത്തിന് ഔദ്യോഗികമായി അനുമതി ലഭിക്കുന്നത് ഞായറാഴ്ചയാണ്. സിവില്‍ ഹ്യൂമണ്‍ റൈറ്റ്‌സ് ഫ്രണ്ട് (സിഎച്ച്ആര്‍എഫ്) എന്ന സംഘടനയാണ് പ്രകടനം സംഘടിപ്പിച്ചത്. ഹോങ്കോങ് പ്രക്ഷോഭത്തിന് തുടക്കമായ ജൂണില്‍ ആദ്യത്തെ റാലി സംഘടിപ്പിച്ചതും സിഎച്ച്ആര്‍എഫ് ആയിരുന്നു. തികച്ചും സമാധാനപരമായ ആ റാലിക്ക് ശേഷമാണ് ഹോങ്കോങ് നീണ്ടുനിന്ന് സംഘര്‍ഷങ്ങളിലേക്കും പ്രക്ഷോഭത്തിലേക്കും നീങ്ങിയത്.
കുറ്റവാളികളെ വിചാരണയ്ക്കായി ചൈനയ്ക്ക് കൈമാറാനുള്ള ബില്ലിനെതിരെ ആരംഭിച്ച പ്രക്ഷോഭമാണ്. ബില്‍ പിന്‍വലിച്ചെങ്കിലും ചീഫ് എക്സിക്യുട്ടീവ് കാരി ലാം രാജിവെയ്ക്കണമെന്നും പൊലീസ് ക്രൂരതയെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം തുടരുകയായിരുന്നു. ഇപ്പോഴത് ചൈനയില്‍ നിന്നും കൂടുതല്‍ സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന തരത്തിലുള്ള പ്രസ്ഥാനമായി പരിണമിച്ചിരിക്കുകയാണ്. ചൈനയുടെ പിന്‍ബലത്തോടെയാണ് കാരി ലാം ഇപ്പോള്‍ ഭരണം നിലനിര്‍ത്തുന്നത്. ചൈനയുടെ 70-ാം വാര്‍ഷികാഘോഷത്തെ ഹോങ്കോങ്ങുകാര്‍ കരിദിനമായി ആചരിച്ച് വ്യാപക പ്രതിഷേധം നടത്തിയിരുന്നു.
'ഹോങ്കോങ്ങിനെ വീണ്ടെടുക്കുക, ഇത് നവ വിപ്ലവം!' എന്ന മുദ്രാവാക്യം ആവര്‍ത്തിച്ചു കൊണ്ടാണ് ജനം വീണ്ടും തെരുവിലിറങ്ങിയത്. കോസ് വേ ബേ ഷോപ്പിംഗ് ഡിസ്ട്രിക്റ്റ് മുതല്‍ സെന്‍ട്രല്‍ ബിസിനസ് സോണ്‍ വരെയാണ് അവര്‍ മനുഷ്യക്കടല്‍ ഒരുക്കിയത്. രണ്ടാഴ്ച മുമ്പ് നടന്ന ജില്ലാ തെരഞ്ഞെടുപ്പില്‍ ജനാധിപത്യ അനുകൂല പ്രക്ഷോഭകര്‍ വന്‍ വിജയം നേടിയിരുന്നു. അതില്‍ ആവേശഭരിതരായ പ്രതിഷേധക്കാര്‍ സമാധാനപരമായാണ് റാലിയില്‍ പങ്കെടുത്തത്.
അതിനിടയിലും ചില സ്ഥലങ്ങളില്‍ നേരിയ സംഘര്‍ഷങ്ങളുണ്ടായി. ചിലര്‍ ഒരു ബാങ്ക് ഓഫ് ചൈന കെട്ടിടത്തില്‍ ചൈന വിരുദ്ധ ഗ്രാഫിറ്റി വരച്ചു. ബീജിംഗ് അനുകൂല ബാങ്ക് ആക്രമിക്കപ്പെട്ടു. ചില ചൈനീസ് അനുകൂല കമ്പനികള്‍ക്കെതിരെയും പ്രതിഷേധമിരമ്പി. രാത്രിയായതോടെ സെന്‍ട്രലില്‍വെച്ച് പോലീസുമായി സംഘര്‍ഷമുണ്ടായതോടെ വീണ്ടും ആശങ്ക വര്‍ധിച്ചു. എന്നാല്‍ ശക്തമായ പോലീസ് നിയന്ത്രണങ്ങളും സിഎച്ച്ആര്‍എഫിന്റെ ഇടപെടലുകളും വലിയൊരു സംഘര്‍ഷം ഒഴിവാക്കി.



Next Story

Related Stories