സഖ്യകക്ഷിയിൽ നേതൃമാറ്റം: മെർക്കൽ സർക്കാരിന്റെ ഭാവി തുലാസിൽ

ജർമ്മൻ സർക്കാരിലെ സഖ്യകക്ഷിയായ സോഷ്യൽ ഡെമോക്രാറ്റുകൾ (എസ്പിഡി) പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തതോടെ എയ്ഞ്ചല മെർക്കൽ നേതൃത്വം നൽകുന്ന സർക്കാരിന്റെ ഭാവി തുലാസിലായി. തിരഞ്ഞെടുക്കപ്പെട്ട നോർബെർട്ട് വാൾട്ടർ-ബോർജാൻസ്, സസ്കിയ എസ്കെൻ എന്നിവർ സഖ്യ സാധ്യതകൾ പുനഃപരിശോധിക്കുമെന്ന് പ്രതിജ്ഞയെടുത്തിട്ടുള്ളവരാണ്. മെർക്കലിന്റെ ക്രിസ്ത്യൻ ഡെമോക്രാറ്റുകളോട് (സിഡിയു) സർക്കാരിന്റെ നയങ്ങളിൽ ചില സുപ്രധാന മാറ്റങ്ങൾ ആവശ്യപ്പെടുമെന്നും, അത് സാധ്യമല്ലെങ്കിൽ സഖ്യത്തിൽ നിന്നും പുറത്തുപോകുമെന്നും ഇരുവരും പറഞ്ഞു കഴിഞ്ഞു. നിലവിലെ വൈസ് ചാൻസലർ ഒലാഫ് ഷോൾസിനേയും ക്ലാര ഗെവിറ്റ്സിനേയും പരാജയപ്പെടുത്തിയാണ് അവർ പാർട്ടിയുടെ തലപ്പത്തെത്തിയത്.
2017 ലെ തിരഞ്ഞെടുപ്പിൽ ആർക്കും കേവല ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെയാണ് ജർമ്മനിയിൽ തൂക്കുസഭ അധികാരത്തിൽ എത്തുന്നത്. സഖ്യം തകർന്നതോടെ ജർമ്മനി വീണ്ടും രാഷ്ട്രീയ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇനിയൊരിക്കൽകൂടെ അധികാരസ്ഥാനത്തേക്ക് വരുന്നില്ലെന്ന് പ്രഖ്യാപിച്ച മെർക്കലിന് അവർ വിചാരിച്ചതിലും നേരത്തെ പുറത്തു പോകേണ്ടി വരുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ഒരു ന്യൂനപക്ഷ സര്‍ക്കാരിനെ നയിക്കുന്ന കാര്യത്തില്‍ തനിക്ക് ഒട്ടേറെ സന്ദേഹങ്ങള്‍ ഉണ്ടെന്ന് 2005ന് ശേഷം നാലാമത്തെ മുന്നണി സര്‍ക്കാരുകള്‍ക്ക് നേതൃത്വം നല്കാൻ തയ്യാറെടുക്കുന്ന വേളയിൽ മെര്‍ക്കല്‍ പറഞ്ഞിരുന്നു.
ശനിയാഴ്ച നടന്ന എസ്പിഡി നേതൃത്വ വോട്ടെടുപ്പിൽ നോർബെർട്ട് വാൾട്ടറും എസ്കെനും 53 ശതമാനം വോട്ടുകൾ നേടിയാണ് ഒന്നാം സ്ഥാനത്തെത്തിയത്. നിലവിലെ സർക്കാർ ഉണ്ടാക്കുന്നതിൽ നിർണ്ണായകമായ പങ്കുവഹിച്ച ഒലാഫ് ഷോൾസിന് 45 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്. അത് അദ്ദേഹത്തിനെതിരെയുള്ള അവിശ്വാസ വോട്ടായി പരക്കെ കണക്കാക്കപ്പെടുന്നു. അതുകൊണ്ടുതന്നെ ഇനി എല്ലാ കണ്ണുകളും ഷോൾസിലേക്കാണ്. തോൽവിയുടെ ഫലമായി മന്ത്രിസ്ഥാനങ്ങളിൽ നിന്ന് രാജിവയ്ക്കാൻ അദ്ദേഹം തീരുമാനിക്കുകയാണെങ്കിൽ, അടുത്ത വർഷം വരെ ഒരു തിരഞ്ഞെടുപ്പ് നടക്കില്ലെങ്കിലും സഖ്യം ഫലത്തിൽ അവസാനിക്കും.