TopTop

ചൈനയില്‍ 1760 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊറോണ, 6 പേര്‍ മരിച്ചു, കീറിയ ഗൌണുകളും കയ്യുറകളും ടേപ്പുകള്‍ കൊണ്ട് ഒട്ടിച്ച് ഡോക്ടര്‍മാരും നേഴ്സുമാരും

ചൈനയില്‍ 1760 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്  കൊറോണ, 6 പേര്‍ മരിച്ചു, കീറിയ ഗൌണുകളും കയ്യുറകളും ടേപ്പുകള്‍ കൊണ്ട് ഒട്ടിച്ച് ഡോക്ടര്‍മാരും നേഴ്സുമാരും

നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊറോണ ബാധയേല്‍ക്കുകയും മരണം സംഭവിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ ലോക ആരോഗ്യ സംഘടന ചൈനയില്‍ നിന്നും വിവരങ്ങള്‍ ആരാഞ്ഞു. ചൈനയില്‍ ഇതുവരെ ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ മരണപ്പെട്ടിട്ടുണ്ട്. 1760 പേര്‍ക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. കൊറോണ ബാധിതരുടെ കണക്കില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം ചൈന പ്രസിദ്ധീകരിക്കുന്നത് ഇതാദ്യമായാണ്.

"ഈ വിവരം വളരെ പ്രധാനമാണ്. ആരോഗ്യ സംവിധാനവും പലര്‍ച്ചവ്യാധി തടയാനുള്ള പ്രവര്‍ത്തനങ്ങളെയും യോജിപ്പിച്ചുകൊണ്ടു പോകുന്നത് ആരോഗ്യ പ്രവര്‍ത്തകരാണ്. ഈ കണക്കിനെ കുറിച്ച് കൂടുതല്‍ അറിയേണ്ടതുണ്ട്. പ്രത്യേകിച്ചു രോഗം ബാധിച്ച സമയം, സാഹചര്യം തുടങ്ങിയവ." ഡബ്ല്യു എച്ച് ഓ ഡയറക്ടര്‍ ജനറല്‍ ഡോ. ടെദ്രോസ് അദനം ഗെബ്രിയെസ്യൂസ് പറഞ്ഞതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സുരക്ഷാ ഗൌണുകള്‍, കയ്യുറകള്‍, മാസ്കുകള്‍ എന്നിവയുടെ കടുത്ത ക്ഷാമം ചൈനയില്‍ തുടരുകയാണ്. കീറിയ മാസ്കുകള്‍ ടേപ്പുകള്‍ കൊണ്ട് ഒട്ടിച്ചും ഷൂസ് പ്ലാസ്റ്റിക് കവര്‍ കൊണ്ട് പൊതിഞ്ഞുമാണ് ഡോക്ടര്‍മാരും നഴ്സുമാരും ഉപയോഗിക്കുന്നത് എന്നു ദൃക്സാക്ഷികളെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒറ്റത്തവണ ഉപയോഗിച്ച് കളയേണ്ട വസ്തുക്കള്‍ വീണ്ടും ഉപയോഗിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്.

ചിലര്‍ സ്വന്തം കയ്യില്‍ നിന്നുള്ള പണം ഉപയോഗിച്ചാണ് കയ്യുറയും മറ്റും വാങ്ങിക്കുന്നത്. ടോയിലറ്റില്‍ പോകുന്നത് ഒഴിവാക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഭക്ഷണവും വെള്ളവും കഴിക്കുന്നത് ഒഴിവാക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ടോയിലറ്റില്‍ പോയാല്‍ അണുബാധയേല്‍ക്കുന്ന സുരക്ഷാ ഗൌണുകളും മറ്റും മാറേണ്ടി വരും എന്നതാണ് കാരണം.

സുരക്ഷാ വസ്തുക്കളുടെ ക്ഷമത്തെ നേരിടാന്‍ വുഹാനിലേക്ക് 3.5 ടണ്‍ വസ്തുക്കള്‍ കയറ്റി അയച്ചാതായി ഡോക്ടേഴ്സ് വിതൌട്ട് ബോര്‍ഡേഴ്സ് പറഞ്ഞു.

ദേശീയ ആരോഗ്യ കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം ഇതുവരെ 66,492 കൊറോണ കേസുകളാണ് ചൈനയില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. 1523 പേര്‍ മരിച്ചതായാണ് ഗവണ്‍മെന്‍റ് പുറത്തുവിടുന്ന കണക്ക്.

അതേസമയം ഈജിപ്തില്‍ ഒരാള്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണ ബാധിച്ച വ്യക്തി വിദേശിയാണെന്നും രോഗിയെ ഐസൊലേഷനില്‍ നിര്‍ത്തിയിരിക്കുകയാണെന്നും വിവിവരങ്ങള്‍ ഡബ്ല്യു എച്ച് ഒയെ അറിയിച്ചിട്ടുണ്ട് എന്നും ഈജിപ്ത് ഗവണ്‍മെന്‍റ് അറിയിച്ചു. കൊറോണ ബാധ സ്ഥിരീകരിക്കുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമാണ് ഈജിപ്ത്.



Next Story

Related Stories