TopTop
Begin typing your search above and press return to search.

"മധ്യേഷ്യയിലെ യുഎസ് പട്ടാളവും കുടുംബങ്ങളും മരണത്തെ കാക്കുന്നു": സൊലൈമാനിയുടെ മകൾ

"മധ്യേഷ്യയിലെ യുഎസ് പട്ടാളവും കുടുംബങ്ങളും മരണത്തെ കാക്കുന്നു": സൊലൈമാനിയുടെ മകൾ

ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ തലവനായിരുന്ന ഖ്വാസെം സൊലൈമാനിയുടെ ശവസംസ്കാരച്ചടങ്ങളിലേക്ക് ജനങ്ങളുടെ മഹാപ്രവാഹം. ഇറാന്റെ ഉന്നത നേതാക്കളടക്കം ജനങ്ങൾക്കൊപ്പം ചടങ്ങിൽ പങ്കെടുത്തു. ഇറാഖിൽ യുഎസ് നടത്തിയ വ്യോമാക്രമണത്തിലാണ് ഇറാന്റെ ഉന്നത സൈനികോദ്യോഗസ്ഥനായ ഖ്വാസെം സൊലൈമാനി കൊല്ലപ്പെട്ടത്.

ദശലക്ഷക്കണക്കിനാളുകൾ ശവസംസ്കാരച്ചടങ്ങുകളിൽ പങ്കെടുത്തെന്നാണ് ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ അറിയിച്ചത്.

വൈകാരികമായ രംഗങ്ങളാണ് ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയവർക്കിടയിലുണ്ടായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ചടങ്ങിൽ സംബന്ധിക്കവെ ഇറാൻ പാർലമെന്റ് സ്പീക്കർ അലി ലാരിജാനി പൊട്ടിക്കരയുകയുമുണ്ടായി. സൊലൈമാനിയുടെയും കൂടെ കൊല ചെയ്യപ്പെട്ട മറ്റ് അഞ്ചുപേരുടെയും സംസ്കാരച്ചടങ്ങുകളാണ് ഇന്ന് നടന്നത്. ഖാംമ്നെയിയും ചടങ്ങുകളിൽ വൈകാരികവിക്ഷോഭത്തിന്റെ അവസ്ഥയിലായിരുന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു. അദ്ദേഹം ഇങ്ങനെ വൈകാരികതയ്ക്ക് അടിപ്പെടുന്ന നിമിഷങ്ങൾ അധികമുണ്ടായിട്ടില്ലെന്ന് അൽ‌ജസീറയ്ക്കു വേണ്ടി റിപ്പോർട്ട് ചെയ്യുന്ന ദോർസ ജബ്ബാരി പറയുന്നു.

ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥർ പലരും ദുഖം അമർത്തിവെക്കാൻ പാടുപെടുകയായിരുന്നെന്നും ജബ്ബാരി വ്യക്തമാക്കി. സൊലൈമാനിയെ കൊല ചെയ്ത വിധം ഇറാനികളെ ഏറെ രോഷാകുലരാക്കിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർക്കുന്നു. കറുപ്പു വസ്ത്രങ്ങളണിഞ്ഞാണ് സ്ത്രീകളടക്കമുള്ളവർ ചടങ്ങുകളിലേക്ക് ഒഴുകിയെത്തിയത്. സൊലൈമാനിയുടെ മകളായ സൈനാബ് ചടങ്ങിൽ സംസാരിക്കുകയുണ്ടായി. തന്റെ പിതാവിനെ കൊല ചെയ്തയന്ന് യുഎസ്സും അതിന്റെ സഖ്യകക്ഷികളും ഒരു കറുത്ത ദിനത്തെയാണ് അഭിമുഖീകരിച്ചതെന്ന് അവർ പറഞ്ഞു. തന്റെ പിതാവിന്റെ രക്തസാക്ഷിത്വത്തോടെ എല്ലാം അവസാനിച്ചെന്ന് ഭ്രാന്തനായ ട്രംപ് കരുതേണ്ടതില്ലെന്നും അവർ പറഞ്ഞു. മധ്യേഷ്യയിലെ യുഎസ് പട്ടാളക്കാരും അവരുടെ കുടുംബവും മരണത്തിലേക്കുള്ള ദിനങ്ങൾ കാക്കുകയാണെന്ന് സൈനാബ് പ്രഖ്യാപിച്ചപ്പോൾ ജനം ആരവം മുഴക്കി.

ഇറാന്റെ പരമോന്നത നേതാവായ ആയത്തൊള്ള ഖാംനെയി തന്റെ അനുശോചനത്തിൽ സൊലൈമാനിയെ വിശേഷിപ്പിച്ചത് രക്തസാക്ഷി എന്നാണ്. അളവിൽക്കുറയാത്ത പ്രതികാരം ചെയ്യുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്യുകയുമുണ്ടായി. മൂന്നുദിവസത്തെ ദേശീയ ദുഖാചരണം നടക്കുകയാണ് രാജ്യത്ത് ഇപ്പോൾ.


Next Story

Related Stories