TopTop
Begin typing your search above and press return to search.

'വിദേശ ശക്തികൾക്കു മുന്നിൽ രാജ്യത്തെ ഒറ്റിക്കൊടുത്ത' ട്രംപിനെതിരെ ഇംപീച്ച്മെന്‍റ് നടപടികളുമായി മുന്നോട്ടുപോകാം-സ്പീക്കര്‍ നാന്‍സി പെലോസി

വിദേശ ശക്തികൾക്കു മുന്നിൽ രാജ്യത്തെ ഒറ്റിക്കൊടുത്ത ട്രംപിനെതിരെ ഇംപീച്ച്മെന്‍റ് നടപടികളുമായി മുന്നോട്ടുപോകാം-സ്പീക്കര്‍ നാന്‍സി പെലോസി

അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്മെന്‍റ് നടപടികളുടെ കരട് തയ്യാറാക്കാന്‍ ജുഡീഷ്യല്‍ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയതായി ഹൌസ് സ്പീക്കര്‍ നാന്‍സി പെലോസി. ട്രംപിനെതിരെയുള്ള നടപടികളുമായി മുന്നോട്ടുപോകാനുള്ള തീരുമാനമെടുത്തതില്‍ വിഷമമുണ്ട്. എന്നാൽ, രാഷ്ട്ര ശില്പികളോടുള്ള നന്ദിയും അമേരിക്കയോടുള്ള സ്നേഹവും മുന്‍നിര്‍ത്തി രാജ്യത്തിന്റെ വിശ്വാസ്യത തകർത്ത, വിദേശ ശക്തികൾക്കു മുന്നിൽ രാജ്യത്തെ ഒറ്റിക്കൊടുത്ത പ്രസിഡന്റിനെതിരെ ഇംപീച്ച്മെന്‍റ് നടപടികളുമായി മുന്നോട്ടുപോകാന്‍ ആവശ്യപ്പെടുകയാണെന്നും അവര്‍ പറഞ്ഞു. വ്യക്തിപരമോ രാഷ്ട്രീയപരമോ ആയ നേട്ടങ്ങള്‍ക്കുവേണ്ടി ട്രംപ് അധികാര ദുര്‍വിനിയോഗം നടത്തിയെന്നത് തര്‍ക്കമില്ലാത്ത കാര്യമാണെന്ന് പെലോസി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 'അമേരിക്കന്‍ ജനാധിപത്യത്തെ അപകടത്തിലാക്കുന്ന തരത്തിലാണ് ട്രംപ് പ്രവര്‍ത്തിച്ചത്. ദേശ സുരക്ഷക്ക് യാതൊരു വിലയും നൽകാതെ തെരഞ്ഞെടുപ്പിനെ സ്വന്തം നേട്ടത്തിനു ഉപയോഗിക്കുകയായിരുന്നു അദ്ദേഹം'- പെലോസി പറഞ്ഞു. ബ്രിട്ടീഷ് രാജാവായിരുന്ന ജോര്‍ജ് മൂന്നാമന്‍റെ നടപടികളുമായാണ് ട്രംപിന്‍റെ ചെയ്തികളെ അവർ ഉപമിച്ചത്. ആരെയും, അതിനി പ്രസിഡന്റ് ആയാൽ പോലും, നിയമത്തിന് അതീതമായി പ്രവത്തിക്കാൻ അനുവദിക്കരുതെന്നും പെലോസി വ്യക്തമാക്കി. അതേസമയം, തനിക്കെതിരെയുള്ള ഇംപീച്ച്മെന്‍റ് നടപടികളെ തള്ളിപ്പറഞ്ഞുകൊണ്ട് ട്രംപ് ഉടൻ തന്നെ ട്വിറ്ററിലൂടെ രംഗത്തെത്തി. 'ഭാവിയിൽ ആർക്കെതിരെയും എപ്പോൾ വേണമെങ്കിലും ഇംപീച്ച്മെന്‍റ് നടപടി സ്വീകരിക്കാമെന്ന തെറ്റായ കീഴ്വഴക്കം ഉണ്ടാക്കുകയാണ് റാഡിക്കൽ ലെഫ്റ്റ് ഡെമോക്രാറ്റുകൾ ചെയ്യുന്നത്. നമ്മുടെ രാഷ്ട്ര ശിൽപികളുടെ മനസ്സിൽ അതായിരുന്നില്ല. താന്‍ തെറ്റായി യാതൊന്നും ചെയ്തിട്ടില്ല. സത്യം തന്‍റെ ഭാഗത്തായതിനാല്‍ അന്തിമ വിജയവും എന്റെ ഭാഗത്തുതന്നെയാകും' ട്രംപ് പറഞ്ഞു. 2020-ല്‍ നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ എതിരാളിയും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ ജോ ബിഡനും മകനുമെതിരെ അന്വേഷണം നടത്താന്‍ ഉക്രൈന്‍ സര്‍ക്കാറിനുമേല്‍ സമ്മര്‍ദം ചെലുത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് ട്രംപിന്‍റെ ഇംപീച്ച്മെന്‍റ് നടപടികള്‍ പുരോഗമിക്കുന്നത്. ഹൌസ് ഇന്റലിജൻസ് കമ്മിറ്റി ഇംപീച്ച്മെന്‍റ് റിപ്പോർട്ട് അംഗീകരിച്ചതോടെ നടപടികള്‍ അടുത്ത ഘട്ടത്തിലേക്ക് കടന്നു. ഇനി ജുഡീഷ്യറി കമ്മിറ്റിയിൽ കൂടുതല്‍ ചര്‍ച്ചകളും വാദപ്രതിവാദങ്ങളും നടക്കും. പ്രസിഡന്റിനെതിരെ ഉയർന്ന ആരോപണങ്ങളെ തുടര്‍ന്ന് അദ്ദേഹത്തെ സ്ഥാനത്തു നിന്നും നീക്കം ചെയ്യേണ്ടതുണ്ടോ, അതിന് ഭരണഘടനാപരമായി എത്രത്തോളം സാധുതയുണ്ട്, അവസാന വോട്ടെടുപ്പ് തുടങ്ങി എല്ലാ കാര്യങ്ങളിലും ക്രിസ്മസിന് മുമ്പായി തീര്‍പ്പുകല്‍പ്പിക്കുമെന്നാണ് കരുതുന്നത്.


Next Story

Related Stories