TopTop
Begin typing your search above and press return to search.

സര്‍ക്കാരിനെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് ഇറാന്റെ ദേശീയ ഹീറോ ആയ ഗുസ്തി ചാമ്പ്യന് വധശിക്ഷ

സര്‍ക്കാരിനെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് ഇറാന്റെ ദേശീയ ഹീറോ ആയ ഗുസ്തി ചാമ്പ്യന് വധശിക്ഷ

2018 ലെ ഭരണ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിന് ഇറാനിയൻ ഗുസ്തി ചാമ്പ്യന് വധശിക്ഷ. ഇറാന്റെ ദേശീയ ഹീറോ ആയി കരുതപ്പെടുന്ന നവിദ് അക്ഫാരിക്ക് ആറര വർഷം തടവും 74 ചാട്ടവാറടിയും ഒപ്പം വധശിക്ഷയും ലഭിക്കുമെന്ന് ഇറാനിയന്‍ സുപ്രീം കോടതി സ്ഥിരീകരിച്ച കാര്യം പേർഷ്യൻ ഭാഷാ ബ്രോഡ്കാസ്റ്റർ ഇറാൻ ഇന്‍റര്‍നാഷണല്‍ വ്യക്തമാക്കി. അക്ഫാരിയുടെ സഹോദരന്മാരായ വാഹിദിനെയും ഹബീബിനെയും വധശിക്ഷയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഇവര്‍ക്ക് യഥാക്രമം 54 വര്‍ഷവും 27 വർഷവും വീതം തടവും 74 ചാട്ടവാറടിയും ശിക്ഷയായി പ്രഖ്യാപിച്ചിട്ടുണ്ട്.

രാജ്യത്തെ സാമ്പത്തിക സ്ഥിതി മോശമായതിനെ തുടര്‍ന്ന് 2018ല്‍ സംഘടിപ്പിച്ച ഒരു പ്രക്ഷോഭത്തില്‍ ഇവര്‍ പങ്കെടുത്തിരുന്നു. ഈ പ്രക്ഷോഭം പിന്നീട് സര്‍ക്കാരിനെതിരെയുള്ള പ്രക്ഷോഭമായി രൂപപ്പെട്ടു. നിയമവിരുദ്ധമായ ഒത്തുചേരലുകൾ, ദേശീയ സുരക്ഷയ്‌ക്കെതിരായ കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള ഗൂഡാലോചന, പരമോന്നത നേതാവിനെ അപമാനിക്കൽ എന്നിവ ഉൾപ്പെടെ 20 വ്യത്യസ്ത കുറ്റങ്ങളാണ് ജുഡീഷ്യറി ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

"അക്ഫാരിയുടെ കേസ് എല്ലാവരേയും വിഷമിപ്പിക്കുന്നു. അദ്ദേഹം ഒരു ദേശീയ നായകനായിരുന്നു, പ്രകടനങ്ങളിൽ അദ്ദേഹം പങ്കെടുത്തതിന്‍റെ സാഹചര്യങ്ങൾ പോലും ആര്‍ക്കും അറിയില്ല", ഇറാൻ ഇന്‍റര്‍നാഷണലിന്‍റെ എഡിറ്റര്‍ സാകേബ് സബാ പ്രതികരിച്ചു. തന്‍റെ സഹോദരന്‍മാര്‍ക്കെതിരായി അക്ഫാരിയെ പീഡിപ്പിച്ച് കുറ്റസമ്മതം നടത്തിച്ചെന്നും അത്തരമൊരു കുറ്റസമ്മതത്തെ അംഗീകരിക്കാന്‍ സാധിക്കുകയില്ലെന്ന് അക്ഫാരിയുടെ അഭിഭാഷകന്‍ തന്നെ വ്യക്തമാക്കിയിട്ടുള്ള കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭരണകൂടത്തിനെതിരെ അതൃപ്തി പ്രകടിപ്പിക്കുന്ന ആരെയും, അത് സമാധാനപരമാണെങ്കില്‍ കൂടിയും, ഇറാന്‍ സര്‍ക്കാര്‍ അടിച്ചമർത്തുന്നു. "തന്‍റെ സുഹൃത്തുക്കള്‍, കുടുംബാഗങ്ങള്‍, മറ്റു മനുഷ്യര്‍ എന്നിവരുടെ മോശം ജീവിത സാഹചര്യങ്ങളോട് സഹതപിച്ചു എന്നതാണ് അക്ഫാരി ചെയ്ത തെറ്റ്. എന്നാല്‍ അതിനോട് ഭരണകൂടം പ്രതികരിച്ച രീതി തീര്‍ത്തും ഭയാനകമാണ്. വിമര്‍ശനങ്ങളെ ഭയപ്പെടുന്ന ഒരു ഗവണ്‍മെന്‍റിന്‍റെ പ്രതികരണമാണിത്. ഇത്തരം സംഭവങ്ങളോട് ഇവര്‍ക്ക് പ്രതികരിക്കാന്‍ അറിയാവുന്ന ഒരേയൊരു മാര്‍ഗം ബലപ്രയോഗമാണ്", സബാ പറഞ്ഞു.

പ്രതിഷേധക്കാർക്കും രാഷ്ട്രീയ തടവുകാർക്കും എതിരെ വധശിക്ഷ വ്യാപകമായി ഉപയോഗിക്കുന്നതില്‍ ഇറാൻ കുപ്രസിദ്ധമാണ്. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്‍റര്‍നാഷണലിന്‍റെ കണക്കു പ്രകാരം 2019 ൽ മാത്രം 251 പേരെങ്കിലും ഇറാനില്‍ വധശിക്ഷക്ക് വിധേയരായിട്ടുണ്ട്. ചൈന കഴിഞ്ഞാല്‍ വധശിക്ഷ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഇറാനിലാണ്. ന്യായമായ വിചാരണ പോലും നടക്കാത്ത അത്തരം വധശിക്ഷകളിൽ പലതും പരസ്യമായിട്ടാണ് നടത്തുന്നത്.


Next Story

Related Stories