TopTop
Begin typing your search above and press return to search.

വെസ്റ്റ് ബാങ്കിനെ കൂട്ടിച്ചേര്‍ത്ത് 'സയണിസ്റ്റ്' രാഷ്ട്രം പൂര്‍ണമാക്കുമെന്ന് പ്രഖ്യാപിച്ച് നെതന്യാഹു വീണ്ടും ഇസ്രയേലില്‍ അധികാരമേറ്റു; നടപ്പാക്കാന്‍ പോകുന്നത് ട്രംപിന്റെ പദ്ധതി

വെസ്റ്റ് ബാങ്കിനെ കൂട്ടിച്ചേര്‍ത്ത്

ബെഞ്ചമിൻ നെതന്യാഹു ഇസ്രയേലിന്റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തന്റെ മുൻ എതിരാളിയായ ബെന്നി ഗാന്റ്സുമായി അധികാരം പങ്കിടുമെന്ന കരാറില്‍ ഒരു ഐക്യ സർക്കാരാണ് ഇസ്രായേലില്‍ നിലവില്‍ വന്നിരിക്കുന്നത്. വെസ്റ്റ് ബാങ്കിന്റെ വലിയ ഭാഗങ്ങൾ പിടിച്ചെടുത്ത് ജൂത രാഷ്ട്രം വിപുലീകരിക്കലാണ് സര്‍ക്കാരിന്റെ പ്രഥമ ലക്ഷ്യം.

500 ദിവസത്തിലേറെയായി നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കാണ് ഇതോടെ തീരുമാനമായിരിക്കുന്നത്. അതിനിടെ മൂന്നു പൊതു തിരഞ്ഞെടുപ്പുകളാണ് നടന്നത്. ആര്‍ക്കും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷം ലഭിച്ചില്ല. അതിനിടെ കോവിഡ് മഹാമാരി കൂടി എത്തിയതോടെ സര്‍ക്കാര്‍ രൂപീകരിച്ച് പ്രതിസന്ധി പരിഹരിക്കാന്‍ അതുവരെ പരസ്പരം ഏറ്റുമുട്ടിയിരുന്ന നെതന്യാഹുവും ഗാന്റ്സും തീരുമാനിക്കുകയായിരുന്നു.

നേരത്തെ ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച സമാധാന കരാര്‍ യാഥാര്‍ത്ഥ്യമാക്കുക എന്നതാണ് തന്റെ സര്‍ക്കാറിന്റെ പ്രഥമ അജണ്ടയെന്ന് നെതന്യാഹു പ്രഖ്യാപിച്ചു കഴിഞ്ഞു. പാലസ്തീനിനു മേലും അവിടുത്തെ ജൂത കുടിയേറ്റ കേന്ദ്രങ്ങളുടെ മേലും ഇസ്രായേലിനു പൂർണ്ണ സൈനിക നിയന്ത്രണം നല്‍കുന്ന പദ്ധതിയാണ് ട്രംപ് മുന്നോട്ടു വച്ചിരുന്നത്. അത് പ്രഥമദൃഷ്ടിയാല്‍ തന്നെ ഒരു ഇസ്രായേല്‍ അനുകൂല കരാര്‍ ആയതുകൊണ്ട് പാലസ്തീൻ നേതാക്കൾ അതപ്പോള്‍ തന്നെ നിരസിക്കുകയും ചെയ്തിരുന്നു.

പാലസ്തീന് മേല്‍ പൂര്‍ണ സൈനിക നിയന്ത്രണം, ഭൂരിഭാഗം ഭൂപ്രദേശങ്ങള്‍, ജെറുസലേം, കുടിയേറ്റ പ്രദേശങ്ങള്‍ ഇവയ്ക്കെല്ലാം മേല്‍ ഇസ്രായേലിനു പൂര്‍ണനിയന്ത്രണം നല്‍കുന്നതാണ് അമേരിക്കന്‍ പദ്ധതി. ചില സാമ്പത്തിക സഹായങ്ങള്‍, ഭൂമി വച്ചുമാറല്‍, സ്വയംഭരണത്തിന്റെ രീതിയിലുള്ള ചില അവകാശങ്ങള്‍ എന്നിവ മാത്രമാണ് പാലസ്തീന് ഈ പദ്ധതി പ്രകാരം വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്.

സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായി ഞായറാഴ്ച നെസെറ്റിൽ സംസാരിച്ച നെതന്യാഹു, അധിനിവേശ വെസ്റ്റ് ബാങ്കിലെ ജനവാസ കേന്ദ്രങ്ങളിൽ ഇസ്രയേലിന്റെ പരമാധികാരം വ്യാപിപ്പിക്കുമെന്ന് ഊന്നിപ്പറഞ്ഞു.

'സയണിസത്തിന്റെ ചരിത്രത്തില്‍ മറ്റൊരു മഹത്തായ അധ്യായം കൂടി എഴുതിച്ചേര്‍ക്കാന്‍ പോകുന്നു' എന്നാണ് ഇതിനെ അദ്ദേഹം വിശേഷിപ്പിച്ചത്. നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിയില്‍ അധികാര തര്‍ക്കം രൂക്ഷമായതോടെ ക്യാബിനറ്റ് രൂപീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. വ്യത്യസ്ത പാർട്ടികളുടെ വിശാലമായ സഖ്യത്തെ ഉൾക്കൊള്ളാൻ 36 മന്ത്രിമാരുടെ വലിയ മന്ത്രിസഭയാണ് ഇസ്രായേലില്‍ വരാന്‍ പോകുന്നത്.

ഇപ്പോള്‍ ഇടക്കാല പ്രധാനമന്ത്രിയായി അധികാരത്തിലുള്ള നെതന്യാഹു വരുന്ന ഒന്നര വര്‍ഷം കൂടി ഈ സ്ഥാനത്ത് തുടരുമെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് കരാറിന്റെ ഭാഗമായി ഗാന്റ്റ്സിന് അധികാരം കൈമാറും. മൂന്നു വര്‍ഷത്തെ ബാക്കി കാലയളവില്‍ മുന്‍ സൈനിക മേധാവി കൂടിയായ ഗാന്റസ് ആയിരിക്കും പ്രധാനമന്ത്രി. പ്രധാനമന്ത്രി ആകുന്നതിനു മുമ്പ് നെതന്യാഹു മന്ത്രിസഭയില്‍ പ്രതിരോധ മന്ത്രിയായിരിക്കും അദ്ദേഹം.

ഇസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയൊരു രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരമായിഎന്നാണ് ഞായറാഴ്ച ഗാന്റ്സ് പ്രഖ്യാപിച്ചത്. മന്ത്രിസഭാ രൂപീകരിക്കുന്നതിനു മുമ്പ് ഗാന്റ്റ്സിന്റെ ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാവുകയും പാര്‍ട്ടി പിളരുകയും ചെയ്തിരുന്നു. നെതന്യാഹുവിനെ പുറത്താക്കുമെന്ന് പ്രഖ്യാപിച്ച് രണ്ടു വര്‍ഷം മുമ്പ് രാഷ്ട്രീയത്തില്‍ പ്രവേശിച്ച ആളാണ്‌ ഗാന്റ്സ്.


Next Story

Related Stories