കോവിഡ് വ്യാപനം രൂക്ഷമായതോടെ ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് താല്‍ക്കാലിക വിലക്കുമായി ന്യൂസിലന്‍ഡ്. ഈമാസം 11 (പ്രാദേശിക സമയം നാല്) മുതല്‍ 28 വരെയാണ് വിലക്ക്. ന്യൂസിലന്‍ഡ് പൗരന്മാര് ഉള്‍പ്പെടെ എല്ലാ യാത്രക്കാര്‍ക്കും വിലക്ക് ബാധകമാണ്. ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്ഡെന് തന്നെയാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് രാജ്യം താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തുകയാണ്. ഇന്ത്യയിലെ കോവിഡ് സാഹചര്യമാണ് ഇത്തരമൊരു തീരുമാനത്തിന് കാരണം. ഇത്തരമൊരു സാഹചര്യത്തില്‍, യാത്ര എങ്ങനെ പുനരാരംഭിക്കണം എന്നതിനെക്കുറിച്ചുള്ള കാര്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും ജസീന്ത ആര്‍ഡെനെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യയില്‍ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 1.25 ലക്ഷം കവിഞ്ഞ് സര്‍വകാല റെക്കോര്‍ഡിലെത്തിയ പശ്ചാത്തലത്തിലാണ് ന്യൂസിലന്‍ഡ് നടപടി. കോവിഡ് വ്യാപനം പൂര്‍ണമായി നിയന്ത്രിച്ച രാജ്യമാണ് ന്യൂസിലന്‍ഡ്. എന്നാല്‍, കഴിഞ്ഞദിവസം രാജ്യാതിര്‍ത്തിയില്‍ 23 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ 17 പേര് ഇന്ത്യയില്‍നിന്ന് എത്തിയവരായിരുന്നു.