TopTop
Begin typing your search above and press return to search.

യെമൻ ഗവൺമെന്റും വിഘടനവാദികളും തമ്മിൽ സമാധാന കരാർ; പ്രഖ്യാപിച്ചത് സൗദി കിരീടാവകാശി

യെമൻ ഗവൺമെന്റും വിഘടനവാദികളും തമ്മിൽ സമാധാന കരാർ; പ്രഖ്യാപിച്ചത് സൗദി കിരീടാവകാശി

വിഘടനവാദികളായ ദക്ഷിണ യെമന്‍ ട്രാന്‍സിഷണല്‍ കൗണ്‍സിലും യെമന്‍ ഭരണകൂടവും തമ്മില്‍ സമാധാന കരാറില്‍ ഒപ്പുവെച്ചു. സൗദി അറേബ്യൻ തലസ്ഥാനമായ റിയാദില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് കരാറില്‍ ഇരു വിഭാഗവും ഒപ്പ് വെച്ചത്. യെമന്‍ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദി, ദക്ഷിണ യെമന്‍ വിഘടനവാദി പ്രസിഡന്റ് ഐദറൂസ് അല്‍ സൗബൈദി, അറബ് - പടിഞ്ഞാറന്‍ രാജ്യ നയതന്ത്ര പ്രതിനിധികള്‍ എന്നിവരും സന്നിഹിതരായിരുന്നു.

ഏദന്‍ ഗവര്‍ണ്ണറേയും പോലീസ് മേധാവിയേയും പതിനഞ്ചു ദിവസത്തിനകവും, അബ്യന്‍, അല്‍ ദാലിഅ് ഗവര്‍ണ്ണര്‍മാരെ മുപ്പതു ദിവസത്തിനകവും, മറ്റു ദക്ഷിണ യെമന്‍ പ്രവിശ്യകളിലെ ഗവര്‍ണ്ണര്‍മാരെയും പോലീസ് മേധാവികളേയും 60 ദിവസത്തിനകവും നിയമിക്കുമെന്ന് കരാര്‍ വ്യക്തമാക്കുന്നു. ഇനിമുതല്‍ സര്‍ക്കാരില്‍ വിഘടനവാദികള്‍ക്കും തുല്യ പ്രാതിനിധ്യം ഉണ്ടാകും. അവരുടെ സായുധ സേനയുടെ നിയന്ത്രണം പൂര്‍ണ്ണമായും സര്‍ക്കാര്‍ ഏറ്റെടുക്കും. എല്ലാ സൈനിക - സുരക്ഷാ സേനകളെയും പ്രതിരോധ, ആഭ്യന്തര മന്ത്രാലങ്ങളുടെ കീഴിലാകും. കരാര്‍ നിലവില്‍ വന്നതോടെ സുപ്രധാനമായ രണ്ട് ഹ്രസ്വകാല പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടതായി കഴിയുമെങ്കിൽ ബ്രസൽസ് ആസ്ഥാനമായുള്ള ക്രൈസിസ് ഇന്റർനാഷണൽ ഗ്രൂപ്പ് പ്രതിനിധി പീറ്റർ സാലിസ്ബറി പറഞ്ഞു.

ദക്ഷിണ, ഉത്തര യെമന്‍ പ്രവിശ്യകളില്‍ നിന്നുള്ള തുല്യ അംഗങ്ങളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തും. മന്ത്രിസഭ താല്‍ക്കാലിക തലസ്ഥാനമായ ഏദന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും. യെമനിലെ വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ ഐക്യം ശക്തിപ്പെടുത്താനും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും ഏജന്‍സികളുടെയും പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും കരാര്‍ ഊന്നല്‍ നല്‍കുന്നു. യെമനില്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള രാഷ്ട്രീയ പരിഹാരമെന്ന നിലയില്‍ ഒരു സുപ്രധാന ചുവട് വെപ്പാണ് നടന്നതെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.

2015 മുതല്‍ തുടങ്ങിയതാണ്‌ യെമനിലെ ആഭ്യന്തര യുദ്ധം. അതിനുശേഷം ശേഷം നടന്ന അക്രമങ്ങളിൽ പതിനായിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടതായി ലോകാരോഗ്യ സംഘടന ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. നേരത്തെ സൗദി അറേബ്യയിലെ എണ്ണക്കമ്പനി അരാംകോയുടെ എണ്ണപ്പാടത്ത് നടത്തിയ ഡ്രോൺ ആക്രമണത്തിന്റെ ഉത്തരവാദിത്തം യെമനിലെ ഹൂതി വിമതർ ഏറ്റെടുത്തിരുന്നു. അതോടെ സൗദി കൂടുതല്‍ കടുത്ത സൈനിക നടപടിയിലേക്ക് നീങ്ങുകയാണെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. പുതിയ കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ യെമന്‍ സമാധാനത്തിന്‍റെ പാതയിലേക്ക് തിരിച്ചുവരുമെന്നാണ് പ്രതീക്ഷ.

Next Story

Related Stories