TopTop
Begin typing your search above and press return to search.

ഇന്ധന വിലവര്‍ധനവിനെതിരെ ഇറാനില്‍ വ്യാപക പ്രതിഷേധം, സൈന്യത്തെ ഇറക്കുമെന്ന് സര്‍ക്കാര്‍

ഇന്ധന വിലവര്‍ധനവിനെതിരെ ഇറാനില്‍ വ്യാപക പ്രതിഷേധം, സൈന്യത്തെ ഇറക്കുമെന്ന് സര്‍ക്കാര്‍

ഇന്ധനവില വര്‍ദ്ധനവിനെതിരെ ഇറാനില്‍ വ്യാപക പ്രതിഷേധം. പലയിടങ്ങളിലും പ്രതിഷേധം അക്രമാസക്തമായി. പൊതുമുതല്‍ നശിപ്പിക്കുന്നത് തുടര്‍ന്നാല്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി സൈന്യത്തെ ഇറക്കുമെന്ന് ആഭ്യന്തര മന്ത്രി അബ്ദുൾറെസ റഹ്മാനി മുന്നറിയിപ്പ് നൽകി. യു.എസിന്റെ സാമ്പത്തിക ഉപരോധത്തില്‍ പ്രതിസന്ധിയിലായ ഇറാന്‍ രാജ്യത്തെ ഇന്ധനവില 50% വര്‍ധിപ്പിക്കുന്നതായും ഇന്ധന സബ്‌സിഡികള്‍ പരിമിതപ്പെടുത്തുന്നതായും പ്രഖ്യാപിക്കുകയായിരുന്നു. പ്രധാന നഗരങ്ങളിലെ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെടുത്തിയ പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. പോലീസ് വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ‘സുരക്ഷാ സേന ഇതുവരെ പരമാവധി സംയമനം പാലിച്ചിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷിതത്വവും സമാധാനവും ഉറപ്പാക്കുക എന്നതും, സ്വകാര്യ – പൊതു മുതലുകള്‍ സംരക്ഷിക്കുക എന്നതും സര്‍ക്കാരിന്‍റെ മുഖ്യ പരിഗണന ആയതിനാല്‍ ക്രമസമാധാനനില പുനസ്ഥാപിക്കുവാനുള്ള കടമ ബന്ധപ്പെട്ട സേനകള്‍ നിറവേറ്റേണ്ടതായി വരും’- ആഭ്യന്തര മന്ത്രി അബ്ദുൾറെസ റഹ്മാനി പറഞ്ഞു. പുതുക്കിയ കണക്കുപ്രകാരം ഒരുമാസം വാങ്ങുന്ന ആദ്യത്തെ 60 ലിറ്റർ പെട്രോളിനാണ് 50 ശതമാനം വില വർധിപ്പിച്ചത്. ഇതിന് 15000 റിയാല്‍ നല്‍കേണ്ടി വരും. അതിൽക്കൂടുതൽ വാങ്ങിയാൽ വിലയിൽ 300 ശതമാനത്തിന്റെ വർധനയുണ്ടാകും. മുമ്പ് 250 ലിറ്റര്‍ പെട്രോളിന് 10000 റിയാല്‍ നല്‍കിയാല്‍ മതിയായിരുന്നു. വെള്ളിയാഴ്ചയാണ് പെട്രോൾ വില പുതുക്കിയത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കിയത്. പെട്രോളിനുള്ള സബ്സിഡിയും സർക്കാർ വെട്ടിക്കുറച്ചു. ഇങ്ങനെ കിട്ടുന്ന അധികം പണം ദരിദ്രജനവിഭാഗങ്ങളെ സഹായിക്കാൻ ഉപയോഗിക്കുമെന്ന് ഇറാൻ ആസൂത്രണവിഭാഗം മേധാവി മുഹമ്മദ് ബാഖെർ നോബാഖ്ത് പറയുന്നു. പ്രതിഷേധ പ്രകടനങ്ങള്‍ വലിയതോതിൽ സമാധാനപരമായിരുന്നെങ്കിലും, പല സന്ദർഭങ്ങളിലും അക്രമാസക്തമായി. പോലീസ് പ്രതിഷേധക്കാർക്കും ജനക്കൂട്ടത്തിനും നേരെ കണ്ണീർവാതകം പ്രയോഗിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ഓണ്‍ലൈനിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇറാനിലെ 80 ദശലക്ഷം ജനങ്ങളെ നേരിട്ട് ബാധിക്കുന്ന തീരുമാനമാണ് സര്‍ക്കാര്‍ കൈകൊണ്ടിരിക്കുന്നത്. തൊഴിലില്ലായ്മയും, കറൻസിയുടെ തകർച്ചയും സാമ്പത്തിക വളര്‍ച്ച മരവിച്ച സാഷച്ചര്യത്തിലാണ് ഇന്ധന വില വര്‍ദ്ധനവ് പ്രഖ്യാപിക്കുന്നത്. അത് അവശ്യ സാധനങ്ങളുടെ വില വര്‍ദ്ധനവിനും കാരണമാകും. അടുത്ത ഫെബ്രുവരിയിലാണ് ഇറാനില്‍ പൊതു തിരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ പ്രസിഡന്റ് ഹസ്സൻ റൂഹാനിക്ക് അത് കനത്ത വെല്ലുവിളിയാകും.


Next Story

Related Stories