TopTop
Begin typing your search above and press return to search.

രണ്ടാം ലോക മഹായുദ്ധത്തിന്റെ ചരിത്രം പുടിൻ വളച്ചൊടിക്കുന്നു, രൂക്ഷ വിമർശനവുമായി പോളണ്ട്

രണ്ടാം ലോക മഹായുദ്ധത്തിന്റെ ചരിത്രം പുടിൻ വളച്ചൊടിക്കുന്നു, രൂക്ഷ വിമർശനവുമായി പോളണ്ട്

രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടാൻ ഭാഗികമായെങ്കിലും പോളണ്ടാണ് കാരണമെന്ന റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിന്റെ ആരോപണത്തോട് രൂക്ഷമായ പ്രതികരണവുമായി പോളിഷ് പ്രധാനമന്ത്രി രംഗത്ത്. അടുത്ത മെയ് മാസത്തിൽ നാസിസത്തിനെതിരായ വിജയത്തിന്റെ 75-ാം വാർഷികം ആഘോഷിക്കാനിരിക്കെയാണ് ചരിത്രത്തെ ചൊല്ലി അന്താരാഷ്ട്ര തലത്തില്‍ വാഗ്വാദങ്ങള്‍ നടക്കുന്നത്.

പോരാട്ടത്തിന്റെ ചരിത്രത്തെക്കുറിച്ച് റഷ്യൻ പ്രസിഡൻറ് ആവർത്തിച്ച് നുണകൾ പറയുകയാണെന്ന് ആരോപിച്ച് പോളിഷ് പ്രധാനമന്ത്രി മാറ്റിയസ് മൊറാവെക്കി കഴിഞ്ഞ ദിവസം നാല് പേജുള്ള പ്രസ്താവന ഇറക്കിയിരുന്നു. ‘സ്റ്റാലിനിസ്റ്റ് സ്വേച്ഛാധിപത്യ കാലം മുതലുള്ള പ്രചാരണത്തിന്’ സമാനമാണ് പുടിന്റെ വാക്കുകൾ എന്ന് പോളിഷ് വിദേശകാര്യ മന്ത്രാലയവും പ്രതികരിച്ചു.

ഡിസംബർ 20-ന് സെന്റ് പീറ്റേഴ്‌സ്ബർഗിൽ നടന്ന മുൻ സോവിയറ്റ് രാജ്യങ്ങളുടെ തലവന്മാരുടെ ഉച്ചകോടിയിൽ പങ്കെടുത്തു സംസാരിക്കവേയാണ് പുടിന്‍ വിവാദ പ്രസ്താവന നടത്തിയത്. ഒരു മണിക്കൂർ ദൈർഘ്യമുള്ള ചരിത്ര പ്രഭാഷണം നടത്തിയ അദ്ദേഹം ചില ചരിത്ര രേഖകളും കൊണ്ടുവന്നിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പല യോഗങ്ങളിലും പുടിന്‍ തന്‍റെ വാദങ്ങള്‍ ആവര്‍ത്തിച്ച് ഉന്നയിക്കുന്നുണ്ട്. നാസി ജർമ്മനിയിലേക്കുള്ള പോളിഷ് അംബാസഡറെ ‘ആന്റിസെമിറ്റിക് പന്നി’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

ഉപരോധം, ഉത്തേജക മരുന്ന് വിവാദവുമായി ബന്ധപ്പെട്ട് റഷ്യൻ അത്‌ലറ്റുകൾക്ക് ഏര്‍പ്പെടുത്തിയ നിരോധനം തുടങ്ങിയ വിഷയങ്ങളുടെ ഭാഗമായുള്ള അന്താരാഷ്ട്ര സമ്മർദത്തിൽനിന്നും രക്ഷനേടാനാണ് പുടിൻ ചരിത്രംകൊണ്ട് കളിക്കുന്നതെന്ന് മൊറാവെക്കി പറഞ്ഞു. ‘പ്രസിഡന്റ് പുടിന്റെ വാക്കുകൾ ഈ പ്രശ്നങ്ങൾ മറച്ചുവെക്കാനുള്ള ശ്രമമായി ഞാൻ കരുതുന്നു. താനുന്നയിക്കുന്ന ആരോപണങ്ങൾക്ക് യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹത്തിന് നന്നായി അറിയാം’ മൊറാവെക്കി വ്യക്തമാക്കി.

രണ്ടാം ലോക മഹായുദ്ധത്തിന് കാരണക്കാരായവരില്‍ നാസി ജർമ്മനിക്കൊപ്പം സോവിയറ്റ് യൂണിയനും ഉത്തരവാദിയായിരുന്നു എന്ന് അടുത്തിടെ യൂറോപ്യൻ പാർലമെന്റ് ഒരു പ്രമേയം പാസാക്കിയിരുന്നു. അതാണ്‌ പുടിനെ ചൊടിപ്പിച്ചത്. 1939 ലെ നാസി-സോവിയറ്റ് അധിനിവേശ കരാര്‍ പുനസ്ഥാപിക്കാന്‍ ഈ വര്‍ഷമാദ്യം റഷ്യൻ വിദേശകാര്യ മന്ത്രാലയം കിണഞ്ഞു ശ്രമിച്ചിരുന്നു. 10 വർഷം മുമ്പ് പുടിൻ ഇതേ കരാറിനെ ‘അർത്ഥശൂന്യവും ദോഷകരവും അപകടകരവുമായ’ കരാര്‍ എന്ന് വിശേഷിപ്പിച്ചിരുന്നു. എന്നാലിന്ന് ‘സോവിയറ്റ് നയതന്ത്ര വിജയങ്ങളിലെ നാഴികക്കല്ല്’ എന്നാണ് റഷ്യയുടെ സാംസ്കാരിക മന്ത്രി അതിനെ വിശേഷിപ്പിക്കുന്നത്.


Next Story

Related Stories