Top

രാഷ്ട്രീയ പാർട്ടികൾ പരസ്യങ്ങള്‍ പരീക്ഷിക്കുന്നത് ഫേസ്ബുക്ക് ഉപയോക്താക്കളിലെന്ന് പഠനം

രാഷ്ട്രീയ പാർട്ടികൾ പരസ്യങ്ങള്‍ പരീക്ഷിക്കുന്നത്   ഫേസ്ബുക്ക് ഉപയോക്താക്കളിലെന്ന്  പഠനം

ഇംഗ്ലണ്ടിലെയും വെയിൽസിലെയും മൂന്ന് പ്രധാന രാഷ്ട്രീയ പാർട്ടികളും ഫേസ്ബുക്ക് ഉപയോക്താക്കളെയാണ് പരസ്യങ്ങള്‍ പരീക്ഷിക്കാനായി ഉപയോഗിക്കുന്നതെന്ന് പഠനം. ഓൺലൈൻ രാഷ്ട്രീയ പരസ്യങ്ങൾ നിരീക്ഷിക്കുന്നതിനായി സ്ഥാപിച്ച കാമ്പെയ്ൻ ഗ്രൂപ്പായ 'ഹു ടാർഗെറ്റ് മി?'-യാണ് ഇതു സംബന്ധിച്ച വിശദ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിനു മുന്‍പും, വന്ന് പ്രചാരണം ആദ്യ ആഴ്ച പിന്നിടുമ്പോഴും പാർട്ടികൾ എങ്ങനെ ഫേസ്ബുക്ക് ഉപയോഗിച്ചുവെന്ന് അവര്‍ പരിശോധിച്ചു. മൂന്ന് കക്ഷികളും വോട്ടര്‍മാരിലേക്ക് എത്തുന്നതിനായി സന്ദേശങ്ങളും ചിത്രങ്ങളും നിറങ്ങള്‍ പോലും പരീക്ഷിക്കുന്നതായി അവര്‍ കണ്ടെത്തി.

'ഈ തിരഞ്ഞെടുപ്പ് പോരാട്ടം യഥാര്‍ത്ഥത്തില്‍ നടക്കുന്നത് ഓണ്‍ലൈനിലാണ്. ഒട്ടും സുതാര്യമല്ലാതെയും, വ്യക്തി കേന്ദ്രീകൃതമായും എല്ലാ പാർട്ടികളും ഫേസ്ബുക്ക് പരസ്യങ്ങൾക്കായി ദശലക്ഷക്കണക്കിന് രൂപയാണ് ചെലവഴിക്കുന്നത്' എന്ന് ഹു ടാർഗെറ്റ് മി-യുടെ സഹസ്ഥാപകനായ സാം ജെഫേഴ്സ് പറയുന്നു. 'ആരാണ് നമ്മെ ടാർഗെറ്റ് ചെയ്യുന്നത്, രാഷ്ട്രീയത്തിലും സമൂഹത്തിലും അത് എന്ത് സ്വാധീനം ചെലുത്തും എന്നതിനെക്കുറിച്ച് നമ്മളിൽ മിക്കവർക്കും ഒന്നും അറിയില്ല. അതുകൊണ്ട് കൂടുതല്‍ സുതാര്യത അടിയന്തിരമായി ആവശ്യമാണ്‌' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒക്ടോബർ 27 മുതൽ നവംബർ 2 വരെ മാത്രം ലിബറൽ ഡെമോക്രാറ്റുകൾ ഫേസ്ബുക്ക് പരസ്യങ്ങൾക്കായി 25,502 യൂറോയാണ് ചെലവഴിച്ചത്. ഇതില്‍ 2,985 യൂറോയും 15 വ്യത്യസ്ത ജോ സ്വിൻസൺ പരസ്യങ്ങൾക്കായാണ് വിനിയോഗിച്ചത്. മൊത്തം 128,000 ആളുകളായിരുന്നു ടാര്‍ഗറ്റ്. ജോ സ്വിൻസന്‍റെ സ്മൈലി മുതൽ നിശ്ചയദാര്‍ഢ്യം പ്രതിഫലിക്കുന്ന പോസുകള്‍ വരെ അതില്‍ ഉണ്ടായിരുന്നു. എല്ലാ പോസ്റ്റുകളിലും '3 വർഷത്തിലേറെയായി ബ്രെക്സിറ്റ് തടയുന്നതിനുള്ള പോരാട്ടത്തിന് ലിബറൽ ഡെമോക്രാറ്റുകൾ നേതൃത്വം നൽകി. ഞങ്ങള്‍ അതിനിയും തുടരും, നിങ്ങളോ' എന്ന സന്ദേശവും പാർട്ടിയുടെ വെബ്‌സൈറ്റിലേക്കുള്ള ഒരുലിങ്കും കാണാം.

ലേബറിന്റെ കാമ്പെയ്‌നിലും സമാനമായ നിരവധി സന്ദേശങ്ങള്‍ പരീക്ഷിക്കുന്നതായി കാണാം. ജോ സ്വിൻസന്‍റെയും ജോൺസന്റെയും ചിത്രങ്ങൾ ഉപയോഗിച്ചുകൊണ്ട് 'രണ്ടിലൊരാളും നമ്മുടെ എൻ‌എച്ച്‌എസിനെ (ആരോഗ്യ സുരക്ഷാ പദ്ധതി) ഡൊണാൾഡ് ട്രംപിന്‍റെ കരങ്ങളില്‍നിന്നും സംരക്ഷിക്കില്ല' എന്ന സന്ദേശമാണ് അവര്‍ പ്രചരിപ്പിക്കുന്നത്. ജെറിമി കോർബിനെപ്പോലുള്ള രാഷ്ട്രീയക്കാർ ബ്രെക്സിറ്റ് വിധിയെ മാനിക്കുന്നില്ലെന്ന് സ്ഥാപിക്കാനാണ് ടോറികളുടെ ശ്രമം.

ഹു ടാർഗെറ്റ് മി?-യുടെ ബ്രൌസര്‍ എക്സ്റ്റന്‍ഷന്‍ ഉപയോഗിച്ച് ആരാണ് നമ്മെ ടാര്‍ഗറ്റ് ചെയ്യുന്നതെന്ന് കണ്ടെത്താന്‍ കഴിയും. എല്ലാവരും ഫേസ്ബുക്കിനെ വലിയൊരു പരീക്ഷണ ശാലയായും, ഉപയോക്താക്കളെ പരീക്ഷണം നടത്തുന്ന എലികളായുമാണ് കണക്കാക്കുന്നതെന്ന് ഹു ടാർഗെറ്റ് മി? പറയുന്നു.


Next Story

Related Stories