TopTop
Begin typing your search above and press return to search.

'നിങ്ങൾ ഉപരോധം ഏർപ്പെടുത്തുമ്പോൾ‌ തന്നെ ഞങ്ങൾ‌‌ പുതിയ എണ്ണപ്പാടം കണ്ടെത്തിയിരിക്കുന്നു', അമേരിക്കയോട് ഇറാൻ

നിങ്ങൾ ഉപരോധം ഏർപ്പെടുത്തുമ്പോൾ‌ തന്നെ ഞങ്ങൾ‌‌ പുതിയ എണ്ണപ്പാടം കണ്ടെത്തിയിരിക്കുന്നു, അമേരിക്കയോട് ഇറാൻ

53 ബില്യൺ ബാരൽ അസംസ്കൃത എണ്ണയുടെ ശേഖരമുള്ള പുതിയ എണ്ണപ്പാടം കണ്ടെത്തിയതായി ഇറാന്‍ പ്രസിഡന്റ് ഹസ്സൻ റൂഹാനി. ഇറാന്റെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖുസെസ്താനിലാണ് എണ്ണപ്പാടംകണ്ടെത്തിയിട്ടുള്ളത്. ഇതോടെ രാജ്യത്ത് ആകെയുള്ള ക്രൂഡ് ഓയില്‍ ശേഖരം മൂന്നിലൊന്നായി ഉയരുമെന്നും റൂഹാനി വ്യക്തമാക്കി. ‘ഇറാനിയന്‍ എണ്ണ കയറ്റുമതിക്ക് ഉപരോധം ഏര്‍പ്പെടുത്തിയ വൈറ്റ്ഹൌസിനോട് എനിക്ക് പറയാനുള്ളത് ഇതാണ്; നിങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തുമ്പോള്‍ തന്നെയാണ് 53 ബില്യൺ ബാരൽ എണ്ണ കണ്ടെത്താൻ രാജ്യത്തെ തൊഴിലാളികൾക്കും എഞ്ചിനീയർമാർക്കും സാധിച്ചിരിക്കുന്നത്’- അദ്ദേഹം പറഞ്ഞു.

ലോകത്തെ നാലാമത്തെ വലിയ അസംസ്കൃത എണ്ണ നിക്ഷേപവും ലോകത്തിലെ രണ്ടാമത്തെ വലിയ പ്രകൃതിവാതക ശേഖരവും ഉള്ള രാജ്യമാണ് ഇറാന്‍. 65 ബില്യൺ ബാരൽ എണ്ണയുടെ ശേഖരമുള്ള അഹ്വാസിലെ എണ്ണപ്പാടം കഴിഞ്ഞാല്‍ ഇറാനിലെ രണ്ടാമത്തെ വലിയ എണ്ണപ്പാടമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിന് 2,400 ചതുരശ്ര കിലോമീറ്റര്‍ വലിപ്പമുണ്ടെന്ന്‍ ഹസ്സന്‍ റൂഹാനി പറഞ്ഞു.

ഇറാന്‍-ഇറാഖ് അതിര്‍ത്തിയോടു ചേര്‍ന്നുള്ള പ്രവിശ്യയാണ് ഖുസെസ്താന്‍. ഇവിടെ 80 മീറ്റര്‍ ആഴത്തിലാണ് പുതിയ എണ്ണശേഖരം കണ്ടെത്തിയത്. ഒപെക് രാജ്യങ്ങളുടെ ആകെയുള്ള പെട്രോളിയം ശേഖരത്തിന്റെ 34 ശതമാനം വരും പുതിയ എണ്ണപ്പാടത്തിലെ പെട്രോളിയം നിക്ഷേപമെന്നാണ് കരുതപ്പെടുന്നത്. 5300 കോടി ബാരല്‍ പെട്രോളിയം ഇവിടെയുണ്ടെന്നാണ് കണക്കുകൂട്ടല്‍. ആണവ കരാറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ പേരില്‍ അമേരിക്കന്‍ ഉപരോധം നേരിടുന്നതിനാല്‍ കണക്കറ്റ പെട്രോളിയം - പ്രകൃതി വാതക നിക്ഷേപമുണ്ടെങ്കിലും അവ മറ്റ് രാജ്യങ്ങള്‍ക്ക് വില്‍ക്കാന്‍ തടസം നേരിടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ എണ്ണപ്പാടം കണ്ടെത്തുന്നത്.


Next Story

Related Stories