TopTop
Begin typing your search above and press return to search.

ചെര്‍ണോബില്‍ നിന്നും ഞെട്ടിക്കുന്ന വാര്‍ത്ത, അണുവികിരണം വര്‍ദ്ധിച്ചത് 16 മടങ്ങ്; കാരണമിതാണ്

ചെര്‍ണോബില്‍ നിന്നും ഞെട്ടിക്കുന്ന വാര്‍ത്ത, അണുവികിരണം വര്‍ദ്ധിച്ചത് 16 മടങ്ങ്; കാരണമിതാണ്

ലോകത്തിലെ ഏറ്റവും വലിയ ആണവ അപകടം നടന്ന ചെര്‍ണോബിലിന് ചുറ്റുമുള്ള നിയന്ത്രിത മേഖലയിൽ അണുവികിരണത്തിന്റെ തോത് വർദ്ധിച്ചതായി ഉക്രെയ്ൻ. ‘ഒരു മോശം വാര്‍ത്തയുണ്ട്. തീപിടുത്തം ഉണ്ടായ പ്രദേശത്ത് അണുവികിരണത്തിന്‍റെ തോത് സാധാരണ നിലയേക്കാള്‍ അധികമാണ്’ എന്ന് ഉക്രെയ്നിലെ സംസ്ഥാന പാരിസ്ഥിതിക പരിശോധന സേവന മേധാവി യെഗോർ ഫിർസോവ് പറഞ്ഞു. സാധാരണ നിലയേക്കാള്‍ 16 മടങ്ങ് കൂടുതല്‍ റേഡിയേഷൻ കാണിക്കുന്നതിന്റെ ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. 100 ഹെക്ടർ (250 ഏക്കർ) വനത്തിലാണ് തീ പടർന്നതെന്ന് ഫിർസോവ് ഫേസ്ബുക്കില്‍ എഴുതി. രണ്ട് വിമാനങ്ങൾ, ഒരു ഹെലികോപ്റ്റർ, നൂറോളം അഗ്നിശമന സേനാംഗങ്ങൾ എന്നിവ സംയോജിപ്പിച്ച് നടത്തിയ തീയണയ്ക്കല്‍ ശ്രമം ഇതുവരെ പൂര്‍ണ്ണമായും വിജയിച്ചിട്ടില്ല. ചെർണോബിൽ വൈദ്യുത നിലയത്തിനടുത്തുള്ള വനമേഖലയിൽ ശനിിയാഴ്ചയാണ് തീപിടുത്തം ഉണ്ടായത്. ആദ്യം 20 ഹെക്ടര്‍ പ്രദേശത്ത് മാത്രം ഉണ്ടായ കാട്ടുതീ പിന്നീട് കൂടുതല്‍ മേഖലകളിലേക്ക് പടരുകയായിരുന്നു.

ഞായറാഴ്ച രാവിലെവരെ കാട്ടു തീ നിയന്ത്രണ വിധേയമായിരുന്നു എന്നും അണു വികിരണത്തില്‍ വർദ്ധനവ് കണ്ടെത്തിയിട്ടില്ലെന്നും ഉക്രൈനിലെ ദുരന്ത നിവാരണ വിഭാഗം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. എന്നാല്‍ പിന്നീട് വര്‍ദ്ധിച്ച തോതില്‍ അണു വികിരണം പ്രകടമായതോടെ ചിലയിടങ്ങളില്‍ തീയണക്കല്‍ ശ്രമം തടസ്സപ്പെട്ടു. സമീപത്ത് താമസിക്കുന്നവർ അപകടത്തിലല്ലെന്നും അധികൃതര്‍ പ്രത്യേകമായി എടുത്ത് പറയുന്നുണ്ട്.

1986 ഏപ്രിലിൽ ചെര്‍ണോബിലിലെ നാലാമത്തെ റിയാക്ടറും പൊട്ടിത്തെറിച്ചതോടെയാണ് യൂറോപ്പിന്റെ വലിയൊരു ഭാഗം മലിനമാകുന്നത്. വൈദ്യുത നിലയത്തിന് ചുറ്റുമുള്ള പ്രദേശത്തിന്‍റെ അവസ്ഥ അതിനേക്കാള്‍ ദാരുണമായിരുന്നു. ഇപ്പോള്‍ വൈദ്യുത നിലയത്തിന്റെ 30 കിലോമീറ്റർ (18 മൈൽ) ചുറ്റളവിനുള്ളില്‍ താമസിക്കാൻ ആരെയും അനുവദിക്കുന്നില്ല. ഈ പ്രദേശങ്ങളില്‍ ഇടയ്ക്കിടെ കാട്ടു തീ ഉണ്ടാകാറുണ്ട്.


Next Story

Related Stories