TopTop
Begin typing your search above and press return to search.

കൈ കഴുകാന്‍ സോപ്പ് പോലും ഇല്ലാത്ത ക്യാമ്പുകള്‍, കൊറോണ കാലത്തെ അഭയാര്‍ത്ഥി ജീവിതം

കൈ കഴുകാന്‍ സോപ്പ് പോലും ഇല്ലാത്ത ക്യാമ്പുകള്‍, കൊറോണ കാലത്തെ അഭയാര്‍ത്ഥി ജീവിതം

ലോകാരോഗ്യ സംഘടന മഹാമാരിയെന്ന് പ്രഖ്യാപിച്ച കോവിഡ് 19 ലോകമെമ്പാടും പടർന്ന് പിടിക്കുകയാണ്. രോഗ വ്യാപനം തടയാൻ നടപടികൾ കർശനമാക്കുകയാണ് വിവിധ ലോക രാഷ്ട്രങ്ങൾ. തങ്ങളാലാവുന്ന എല്ലാ കരുതലുകളും ജനങ്ങൾക്ക് നൽകാൻ പ്രയത്നിക്കുകയാണ് സർക്കാറുകൾ. എന്നാൽ ഇതിനിടയിൽ ഒരു ജന വിഭാഗമുണ്ട്, ലോകത്തെ അഭയാർത്ഥികൾ. രാജ്യമില്ലാതെ, പൗരത്വമില്ലാതെ ക്യാമ്പുകളിൽ നരക തുല്യം ജീവിക്കുകയാണ് അവർ. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ വിദഗ്ദർ പറയുന്ന മുൻകരുതൽ ഒന്നും സ്വീകരിക്കാവാതെ കൈകഴുകാൻ സോപ്പ് പോലും ലഭിക്കാത്ത നിരവധി ക്യാമ്പുകളാണ് ലോകത്ത് വിവിധയിടങ്ങിലുള്ളതെന്നാണ് പുതിയ റിപ്പോർട്ടുകൾ.

ഗ്രീക്ക് ദ്വീപായ ലെസ്ബോസിലെ കുപ്രസിദ്ധമായ മോറിയ ക്യാമ്പിൽ, 26,000 കുടിയേറ്റക്കാരാണ് ഉള്ളത്. വെറും 2800 പേർക്കുമാത്രം താമസിക്കാൻ നിർമ്മിച്ച ക്യാമ്പാണ് അത്. യൂറോപ്പിന്റെ പുറംമോടിക്കപ്പുറം അത്യന്തം ദുർഗന്ധം വമിക്കുന്ന, മലിനമായ പ്രദേശത്താണ് ആളുകൾ കൂട്ടംകൂടി താമസിക്കുന്നത്. കൊറോണ ചൈന വിട്ട് യൂറോപ്പിൽ ശക്തി പ്രാപിക്കുമ്പോൾ ഭീതിയോടെയല്ലാതെ മോറിയ അടക്കമുള്ള പ്രദേശങ്ങളെ നോക്കിക്കാണാനാവില്ല.

മോറിയ മാത്രമല്ല, യൂറോപ്പിലേയും മിഡിൽ ഈസ്റ്റിലെയും ഡസൻ കണക്കിന് ക്യാമ്പുകൾ ഭീഷണി നേരിടുന്നുണ്ട്. അത്തരം ഇടങ്ങളിലേക്ക് ആവശ്യമായ മെഡിക്കൽ സാമഗ്രികൾ അടക്കം എത്തിക്കുവാൻ സന്നദ്ധ സംഘടനകൾ പാടുപെടുകയാണ്. ആശങ്ക ഉയർന്നതോടെ മോറിയ അടക്കമുള്ള ഗ്രീക്ക് ദ്വീപുകളിൽനിന്നും ജനങ്ങളെ ഉടൻ ഒഴിപ്പിക്കണമെന്ന് 'ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്‌സ്' എന്ന സംഘടന ആവശ്യപ്പെട്ടു. ലെസ്‌ബോസിൽ ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചതോടെയാണ് ഭീതി വർദ്ധിച്ചത്.

'മോറിയ ക്യാമ്പിൽ 1,300 ആളുകൾക്ക് ശുദ്ധജലം നൽകാൻ ഒരു ടാപ്പ് മാത്രമാണ് ഉള്ളത്. സോപ്പ് അവർ കണ്ട കാലം മറന്നു' എന്ന്‌ ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്‌സ് മെഡിക്കൽ കോർഡിനേറ്റർ ഹിൽഡ് വോച്ചെൻ പറയുന്നു. അഞ്ചോ ആറോ പേരടങ്ങുന്ന ഒരു കുടുംബം താമസിക്കുന്നകുത് വെറും മൂന്ന് ചതുരശ്ര മീറ്റർ സ്ഥലത്താണ്. വൈറസ് പടരാതിരിക്കാൻ പതിവായി കൈ കഴുകൽ, സാമൂഹികമായ അകലം പാലിക്കൽ തുടങ്ങിയ നിർദേശങ്ങൾ പാലിക്കുകയെന്നത് അസാധ്യമെന്നു ചുരുക്കം.

അഭയാർത്ഥികൾക്കിടയിലേക്ക് വൈറസ് എത്താതിരിക്കാൻ വിവിധ മനുഷ്യാവകാശ ഏജൻസികൾ തങ്ങളാലാവുന്നതെല്ലാം ചെയ്യുന്നുണ്ട്. പ്രവർത്തനം കൂടുതൽ ത്വരിതപ്പെടുത്തുന്നതിനായി 33 മില്യൺ ഡോളർ അടിയന്തിരമായി ആവശ്യപ്പെട്ടുകൊണ്ട് യുഎൻ അഭയാർത്ഥി ഏജൻസി രംഗത്തെത്തിക്കഴിഞ്ഞു. സന്നദ്ധപ്രവർത്തകർക്ക് ആവശ്യമായ ട്രെയിനിംഗുകൾ നൽകി വരികയാണ്. അപ്പോഴും ശുദ്ധജലമില്ലാത്ത, സാനിറ്റൈസർ കണ്ടിട്ടുപോലുമില്ലാത്ത വലിയൊരു വിഭാഗം സമൂഹത്തിലേക്ക് എങ്ങിനെ പ്രതിരോധ പ്രവർത്തനങ്ങളുമായി ഇറങ്ങിച്ചെല്ലുമെന്ന ആശങ്കയിലാണ് സംഘടനകൾ. എന്നാൽ, ശ്രദ്ധയൊന്നു പാളിയാൽ അത് വലിയ ദുരന്തത്തിൽ കലാശിച്ചേക്കാം.


Next Story

Related Stories