കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാന്‍ ഭക്ഷണരീതിയില്‍ മാറ്റം നിര്‍ദേശിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്. സമ്പന്ന രാജ്യങ്ങള്‍ ബീഫ് ഉപേക്ഷിച്ച് സിന്തറ്റിക് മാംസം ശീലമാക്കണമെന്നാണ് ബില്‍ ഗേറ്റ്സ് മുന്നോട്ടുവെക്കുന്ന നിര്‍ദേശം. മീഥെയ്ന്‍ പ്രസാരണം കുറയ്ക്കാന്‍ അത് സഹായകമാകുമെന്നും 'ഹൗ ടു അവോയ്ഡ് എ ക്ലൈമറ്റ് ഡിസാസ്റ്റര്‍' എന്ന തന്റെ പുതിയ പുസ്തകത്തെക്കുറിച്ച് ടെക്നോളജി റിവ്യൂവിന് നല്കിയ അഭിമുഖത്തില്‍ ബില്‍ ഗേറ്റ്സ് പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള ശ്രമങ്ങളെയും മാര്‍ഗങ്ങളെയും കുറിച്ചാണ് പുതിയ പുസ്തകത്തില്‍ ഗേറ്റ്സ് വിവരിക്കുന്നത്. മീഥെയ്ന്‍ പ്രസാരണം കുറയ്ക്കണമെന്നതാണ് പ്രധാന നിര്‍ദേശങ്ങളില്‍ ഒന്ന്. ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നതില്‍ പാലിനും മാംസത്തിനുമായി വളര്‍ത്തുന്ന മൃഗങ്ങള്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. വലിയൊരളവ് മീഥെയ്ന്‍ പ്രസാരണത്തിന് കന്നുകാലികള്‍ കാരണമാകുന്നുണ്ട്. ഗോമാംസം ഒഴിവാക്കി സിന്തറ്റിക് മാസത്തിലേക്ക് മാറിയാല്‍ മാംസത്തിനായുള്ള കന്നുകാലി വളര്‍ത്തല്‍ കുറയും. അതോടെ, കന്നുകാലികളില്‍നിന്നുള്ള മീഥെയ്ന്‍ പ്രസാരണം കുറയ്ക്കാമെന്നാണ് ഗേറ്റ്സിന്റെ വാദം.
ആഫ്രിക്കയിലും ദരിദ്ര രാജ്യങ്ങളിലും പ്രോട്ടീന്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മാംസ ആഹാരം ആവശ്യമായിവരും. അതുകൊണ്ട് ദരിദ്ര രാജ്യങ്ങള്‍ സിന്തറ്റിക് മാംസത്തിലേക്ക് മാറുമെന്ന് കരുതുന്നില്ല. അതിനാല്‍ സമ്പന്ന രാജ്യങ്ങള്‍ 100 ശതമാനം സിന്തറ്റിക് മാംസ ഉപഭോഗത്തിലേക്ക് മാറണമെന്നും ഗേറ്റ് പറയുന്നു.