Top

ഉദ്ഘനനം ചെയ്തെടുത്ത ഒരു കാൽ മാത്രമുള്ള അസ്ഥികൂടം നെപ്പോളിയൻ ബോണപ്പാർട്ടിന്റെ ജനറലിന്റേതെന്ന് ഡിഎൻഎ ടെസ്റ്റ്

ഉദ്ഘനനം ചെയ്തെടുത്ത ഒരു കാൽ മാത്രമുള്ള അസ്ഥികൂടം നെപ്പോളിയൻ ബോണപ്പാർട്ടിന്റെ ജനറലിന്റേതെന്ന് ഡിഎൻഎ ടെസ്റ്റ്

പുരാവസ്തു ഗവേഷകർ കണ്ടെത്തിയ ഒരു കാല്‍ മാത്രമുള്ള അസ്ഥികൂടം നെപ്പോളിയൻ ബോണപ്പാർട്ടിന്റെ ജനറലുകളിലൊരാളായ ചാൾസ്-എറ്റിയെൻ ഗുഡിന്റേതാണെന്ന് വിലയിരുത്തല്‍. ഫ്രഞ്ച് - റഷ്യൻ പുരാവസ്തു ഗവേഷകരുടെ ഒരു സംഘം കഴിഞ്ഞ ജൂലൈയിൽ റഷ്യൻ നഗരമായ സ്മോലെൻസ്‌കിയില്‍ നടത്തിയ ഖനനത്തിനിടെയാണ് 200 വർഷം പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തിയത്. ജനറലിന്റെ അമ്മ, സഹോദരൻ, മകൻ എന്നിവരുടെ ഡിഎൻഎ-യുമായി ഒത്തുനോക്കുമ്പോള്‍ അത് ചാൾസ്-എറ്റിയെന്റേത് തന്നെയാണെന്ന് ബോധ്യപ്പെട്ടതായി ഖനനത്തിന് നേതൃത്വം നല്‍കിയ ഗവേഷകൻ പിയറി മാലിനോവ്സ്കി പറയുന്നു.

ഡിഎൻ‌എ പരിശോധനയ്ക്കായി അവശിഷ്ടങ്ങൾ ഫ്രാൻസിലേക്ക് കൊണ്ടുപോകാന്‍ എലിസി കൊട്ടാരം അഭ്യര്‍ത്ഥിക്കുകയായിരുന്നു. ഇതെത്തുടർന്ന് മാലിനോവ്സ്കി മോസ്കോയിൽ നിന്ന് മാർസെയിലിലേക്ക് അസ്ഥികൂടത്തിന്റെ കൈകാലുകളും പല്ലുകളും സ്യൂട്ട്കേസിലാക്കി പറന്നു. അവിടെ വെച്ചു നടത്തിയ പരിശോധനയില്‍ ഡിഎൻ‌എ ജനറലിന്റെ കുടുംബവുമായി 100% പൊരുത്തപ്പെടുന്നതായി കണ്ടെത്തി.

ഒരു പതിറ്റാണ്ടു കാലം (1804-1814) ഫ്രഞ്ച് ചക്രവർത്തിയും സൈനികമേധാവിയുമായിരുന്നു നെപ്പോളിയൻ ബോണപ്പാർട്ട്. ജന്മംകൊണ്ട് ഇറ്റലിക്കാരനായ നെപ്പോളിയന്‍ പിന്നീട് ഫ്രാന്‍സ്, കോര്‍സിക്ക കീഴടക്കിയതോടെ ഫ്രഞ്ച് പൗരനായി മാറുകയായിരുന്നു. ഫ്രഞ്ച് ചക്രവർത്തിയും സൈനികമേധാവിയുമായിരുന്നു. അദ്ദേഹത്തിന്‍റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ഗുഡിന്‍. പാരീസിൽ അദ്ദേഹത്തിന്റെ പേരുള്ള ഒരു തെരുവുണ്ട്.

പീരങ്കിയുണ്ട ഏറ്റാണ് ഗുഡിന്റെ കാൽ നഷ്ടമായതെന്ന് ചരിത്രം പറയുന്നു. റഷ്യൻ പട്ടാളത്തെ നേരിടുന്ന സന്ദർഭത്തിലായിരുന്നു ഇത്. ഈ മുറിവ് അഴുകുകയും അത് ശരീരത്തെയാകെ ബാധിക്കുകയും ചെയ്തു. മൂന്നു ദിവസത്തിനു ശേഷം അദ്ദേഹം മരിച്ചു. ഗുഡിന്‍ മരണപ്പെട്ടപ്പോള്‍ നെപ്പോളിയൻ കരഞ്ഞതായി മാലിനോവ്സ്കി പറയുന്നു. മൃതദേഹം കൊണ്ടുപോകാൻ യുദ്ധത്തിനിടെ സമയമില്ലാത്തതിനാൽ റഷ്യയിലെ സ്മോലെൻസ്ക് പാർക്കിൽ അദ്ദേഹത്തെ അടക്കം ചെയ്തുവെന്നാണ് കരുതപ്പെടുന്നത്.


Next Story

Related Stories