80 വര്‍ഷത്തിനുശേഷം ആദ്യമായി സ്പെയിനില്‍ ഒരു സഖ്യ സര്‍ക്കാര്‍ അധികാരത്തിലേറിയിരിക്കുകയാണ്. പൊതുതെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റു നേടിയ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ സ്പാനിഷ് സോഷ്യലിസ്റ്റ് വര്‍ക്കേഴ്സ് (പിഎസ്ഒഇ) പാര്‍ട്ടിയും ഇടതു പാര്‍ടിയായ പൊഡെമൊസും ചേര്‍ന്നാണ് ക്യാബിനറ്റ് രൂപീകരിച്ചത്. ശാന്തിയും സമാധാനവും സഹകരണവും നിലനിര്‍ത്താന്‍ ശ്രമിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. സ്പെയിനിന്റെ പ്രദേശിക ഐക്യം നിലനിര്‍ത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധതയോടൊപ്പം കറ്റാലന്‍ വിഘടനവാദികളുമായി ചര്‍ച്ചയാകാമെന്നും പറയുന്ന ആളാണ് സാഞ്ചസ്.
കഴിഞ്ഞ വര്‍ഷം നടന്ന രണ്ട് പൊതുതിരഞ്ഞെടുപ്പുകള്‍ക്കു ശേഷവും സ്പെയിനില്‍ നിലനിന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് താല്ക്കാലികവിരാമമായി. 'വീറ്റോകളുടെയും വിള്ളലുകളുടെയും സ്പെയിനല്ല, സഹകരണത്തിന്റെ പുതിയ പാലങ്ങള്‍ കെട്ടിപ്പടുക്കുന്ന ഒരു സ്പെയിനാണ് ഇന്നിന്റെ ആവശ്യമെന്ന്' സാഞ്ചസ് പറഞ്ഞു. രണ്ട് തിരഞ്ഞെടുപ്പുകളിലും ഒന്നാമതെത്തിയെങ്കിലും കേവല ഭൂരിപക്ഷം നേടാന്‍ സാധിക്കാതെ വന്നതോടെ സാഞ്ചസിന്റെ സ്പാനിഷ് സോഷ്യലിസ്റ്റ് വര്‍ക്കേഴ്സ് പാര്‍ട്ടി പൊഡെമൊസിന്റെയോ പ്രാദേശിക പാര്‍ടികളുടെയോ മധ്യ വലതു പാര്‍ടികളുടെയോ സഹായം തേടാനുള്ള ശ്രമം തുടരുന്നുണ്ടായിരുന്നു. കറ്റാലന്‍ വിഘടനവാദ പാര്‍ട്ടിയുടെ പിന്തുണയില്ലാതെ തന്നെ സാഞ്ചസിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞുവെന്നതാണ് ശ്രദ്ധേയം.
ഒരു ദശാബ്ദത്തിനുശേഷമാണ് വലതു പാര്‍ടിയായ പോപ്പുലര്‍ പാര്‍ടിയെ പിന്നിലാക്കി സോഷ്യലിസ്റ്റുകള്‍ വിജയം നേടുന്നത്. കഴിഞ്ഞ സഭയില്‍ ഒരു സീറ്റ് പോലും ഇല്ലാതിരുന്ന തീവ്ര വലതുപക്ഷ പാര്‍ട്ടിയായ വോക്സ് പാര്‍ട്ടിയുടെ മുന്നേറ്റമാണ് സ്പാനിഷ് തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. അഞ്ച് വര്‍ഷം മുന്‍പാണ് പാര്‍ട്ടി രൂപം കൊണ്ടത്. വലതുപക്ഷ പാര്‍ട്ടികളായ പീപ്പിള്‍സ് പാര്‍ട്ടിയുടെയും സിറ്റിസണ്‍സിന്റെയും നഷ്ടത്തില്‍ നിന്നാണ് വോക്സിന്റെ മുന്നേറ്റം. കഴിഞ്ഞ ഡിസംബറില്‍ നടന്ന ആന്‍ഡലൂഷ്യന്‍ മേഖലാ തെരഞ്ഞെടുപ്പില്‍ 12 സീറ്റുകള്‍ നേടിക്കൊണ്ടാണ് വോക്സ് തങ്ങളുടെ വരവ് അറിയിച്ചത്. കാറ്റലന്‍ സ്വതന്ത്ര വാദത്തിനെ ശക്തമായി എതിര്‍ത്തുകൊണ്ട് വോക്സ് കൂടുതല്‍ ജനപ്രീതി നേടി.
അധികാരത്തിലെത്തിയാല്‍ കുറഞ്ഞ വേതനം വര്‍ധിപ്പിക്കും, സ്ത്രീകള്‍ക്ക് ഭൂരിപക്ഷമുള്ള മന്ത്രിസഭ സ്ഥാപിക്കും, പരസ്പര സമ്മതമില്ലാത്ത ലൈംഗികബന്ധത്തെ ബലാത്സംഗമായി നിര്‍വചിക്കുന്ന നിയമം കൊണ്ടുവരും എന്നതൊക്കെയായിരുന്നു സ്പാനിഷ് സോഷ്യലിസ്റ്റ് വര്‍ക്കേഴ്സ് പാര്‍ട്ടി ജനങ്ങള്‍ക്ക് നല്കിയ പ്രധാന വാഗ്ദാനങ്ങള്‍.