TopTop
Begin typing your search above and press return to search.

തലസ്ഥാനനഗരം ആഴ്ചകള്‍ക്കുള്ളില്‍ കോവിഡിനെതിരെ സമൂഹപ്രതിരോധ ശേഷി കൈവരിക്കുമെന്ന് സ്വീഡന്‍; സംശയങ്ങള്‍ മാറാതെ ശാസ്ത്രലോകം

തലസ്ഥാനനഗരം ആഴ്ചകള്‍ക്കുള്ളില്‍ കോവിഡിനെതിരെ സമൂഹപ്രതിരോധ ശേഷി കൈവരിക്കുമെന്ന് സ്വീഡന്‍; സംശയങ്ങള്‍ മാറാതെ ശാസ്ത്രലോകം

2,152 കോവിഡ് മരണങ്ങളാണ് സ്വീഡനില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 17,567 പേര്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. 550 പേര്‍ക്ക് മാത്രമാണ് രോഗം ഭേദമായിട്ടുള്ളത്. ലോകത്തില്‍ കൊറോണ വ്യാപനത്തിന്റെ കാര്യത്തില്‍ ഏറ്റവും മുമ്പിലുള്ള 20 രാജ്യങ്ങളിലൊന്നു കൂടിയാണ് സ്വീഡന്‍. സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ ഏറ്റവും ഉയര്‍ന്ന മരണനിരക്കും ഇവിടെത്തന്നെയാണ്. അയല്‍രാജ്യങ്ങളെല്ലാം ലോക്ക്ഡൗണ്‍ ചെയ്തപ്പോഴും സ്വീഡന്‍ അതില്‍ നിന്നും മാറി നില്‍ക്കുകയാണുണ്ടായത്. രോഗത്തിനെതിരെ സമൂഹത്തിന്റെ പ്രതിരോധ ശേഷി അഥവാ 'ഹെര്‍ഡ് ഇമ്യൂണിറ്റി' വളര്‍ത്തുന്നതിലൂടെ പ്രതിസന്ധിയെ നേരിടാമെന്നായിരുന്നു സ്വീഡിഷ് പാര്‍ലമെന്റിന്റെ തീരുമാനം. വളരെ ചുരുക്കം പേര്‍ മാത്രമേ പാര്‍ലമെന്റില്‍ ഈ നിലപാടിനെ എതിര്‍ത്തുള്ളൂ. നിയന്ത്രിതമായ അളവില്‍ വൈറസിനെ സമൂഹത്തിലേക്ക് ഇറക്കിവിടുകയും രോഗത്തെ പ്രതിരോധിച്ചു നില്‍ക്കാനുള്ള കഴിവ് ജനങ്ങളില്‍ സൃഷ്ടിക്കുകയും ചെയ്യുകയാണ് സ്വീഡന്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ഇത് വിജയമാണോ അല്ലയോ എന്നതു സംബന്ധിച്ച് വാദപ്രതിവാദങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ട്. സ്വീഡന് അകത്തു തന്നെയുള്ള വിദഗ്ധര്‍ ഇക്കാര്യത്തില്‍ രണ്ടഭിപ്രായക്കാരാണ്.

സാധ്യമായ അത്രയുമളവില്‍ പൊതുജീവിതം തടസ്സപ്പെടുത്താതിരിക്കുക എന്നതാണ് സ്വീഡന്റെ നയം. രോഗപ്രതിരോധത്തിന്റെ കാര്യത്തില്‍ സമൂഹത്തില്‍ ദുര്‍ബലരായ ആളുകളെ പ്രത്യേകമായി പരിഗണിക്കുമെന്നുമാണ് വെപ്പ്. അതെസമയം, വെറും സമൂഹ പ്രതിരോധശേഷി വളര്‍ത്തലില്‍ മാത്രം ഊന്നിയതല്ല തങ്ങളുടെ നയമെന്നും സ്വീഡന്‍ പറയുന്നുണ്ട്. കടുത്ത സോഷ്യല്‍ ഡിസ്റ്റന്‍സിങ് ഒഴിവാക്കാനാണ് രാജ്യം പദ്ധതിയിട്ടത്. 16 വയസ്സില്‍ താഴെയുള്ളവര്‍ക്കുള്ള സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കും.

സ്വീഡന്റെ ചീഫ് എപിഡമിയോളജിസ്റ്റായി ഡോ. ആന്‍ഡേഴ്സ് തെഗ്നല്‍ പറയുന്നത് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്ഹോം സമൂഹ പ്രതിരോധശേഷി കൈവരിക്കുമെന്നാണ്. മുപ്പതു വര്‍ഷത്തെ പരിചയ സമ്പത്തുള്ള തെഗ്നല്‍ ഈ മേഖലയില്‍ ഏറെ അറിയപ്പെടുന്നയാളും ബഹുമാനിക്കപ്പെടുന്നയാളുമാണ്. വാക്സിനുകളിലൂടെയാണ് ആധുനിക സമൂഹം ഇത്തരം മഹാമാരികള്‍ക്കെതിരെ പ്രതിരോധശേഷി കൈവരിക്കാറുള്ളത്. എന്നാല്‍ രോഗാണുവിനെ സ്വീകരിക്കാനും അതിനോട് പോരാടി ജയിക്കാനും ശരീരത്തെ അനുവദിക്കുകവഴി എത്രമാത്രം കാര്യക്ഷമമായി പ്രതിരോധശേഷി കൈവരിക്കാനാകുമെന്നതാണ് ചോദ്യം. ഈ ചോദ്യത്തിന് അനുകൂലമായ മറുപടി അനുഭവത്തിലൂടെ നല്‍കാന്‍ കഴിയുമെന്നാണ് സ്വീഡിഷ് സര്‍ക്കാരിന്റെ ആരോഗ്യവിദഗ്ധര്‍ വാദിക്കുന്നത്. ഇത്തരത്തില്‍ രോഗത്തെ നേരിടുന്നത് ദീര്‍ഘകാല പ്രതിരോധം സമൂഹത്തില്‍ വളര്‍ത്തുന്നതിന് സഹായകമാകുമെന്നും സര്‍ക്കാര്‍ നിലപാടിനെ അനുകൂലിക്കുന്ന ശാസ്ത്രജ്ഞര്‍ പറയുന്നു.

തങ്ങള്‍ നടത്തിയ ഒരു സര്‍വ്വേയുടെ ഫലങ്ങള്‍ പ്രകാരം സ്റ്റോക്ക്ഹോമിലെ 20 ശതമാനം ജനങ്ങള്‍ ഈ രോഗത്തിനെതിരെ പ്രതിരോധശേഷിയുള്ളവരാണെന്ന് തെളിഞ്ഞതായി ഡോ. ആന്‍ഡേഴ്സ് തെഗ്നല്‍ പറയുന്നു. സമൂഹം പ്രതിരോധം കൈവരിക്കുന്നതിന്റെ ലക്ഷണമാണ് രോഗബാധിതരുടെ എണ്ണം പതുക്കെ കുറഞ്ഞു വരുന്നത്. ടെസ്റ്റിങ് കൂട്ടിക്കൊണ്ടി വന്നിട്ടും രോഗപ്പകര്‍ച്ചയുടെ തോത് കുറഞ്ഞു വരുന്നതായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. "രോഗപ്പകര്‍ച്ച വൃദ്ധരുടെ കെയര്‍ ഹോമുകളിലേക്കും എത്തിയതിനാല്‍ മരണനിരക്ക് കൂടുതലാണെന്നത് നിര്‍ഭാഗ്യകരമാണ്. ഇത് എങ്ങനെ സംഭവിച്ചുവെന്നത് ഞങ്ങള്‍ അന്വേഷിച്ചു വരുന്നു," അദ്ദേഹം വ്യക്തമാക്കി. മരിച്ചവരില്‍ 50 ശതമാനം പേരും പ്രായം ചെന്നവരാണ് സ്വീഡനില്‍.

നഗരങ്ങളില്‍ സമൂഹപ്രതിരോധ ശേഷി കൈവരിക്കാന്‍ കഴിഞ്ഞാല്‍ സ്വീഡന് ആശ്വസിക്കാം. വളരെ കുറഞ്ഞ ജനസംഖ്യയാണ് രാജ്യത്തുള്ളത്. ഏതാണ്ട് ഒരു കോടിയോളമാളുകള്‍. നഗരങ്ങള്‍ക്കു പുറത്ത് ജനസാന്ദ്രത വളരെ കുറവാണ്. രോഗപ്പകര്‍ച്ചയുടെ വേഗം ഏറെ കുറയും. അയല്‍നാടുകളായ ഫിന്ഡലാന്‍ഡ്, ഡെന്‍മാര്‍ക്ക് എന്നിവിടങ്ങളിലെല്ലാം കര്‍ശനമായ ലോക്ക്ഡൗണ്‍ നിലവിലുണ്ട്. ഇവിടെ സ്വീഡനെ അപേക്ഷിച്ച് പകുതി മാത്രമാണ് മരണനിരക്ക്. ഇത്തരം താരതമ്യങ്ങള്‍ സ്വീഡനു മേല്‍ വലിയ സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ടെങ്കിലും നിലപാടില്‍ നിന്ന് പിന്മാറില്ലെന്നാണ് സര്‍ക്കാരിന്റെ നീക്കങ്ങള്‍ സൂചിപ്പിക്കുന്നത്. ജനങ്ങള്‍ പൊതുവില്‍ സര്‍ക്കാരിന് പിന്തുണ നല്‍കുന്നുണ്ട് ഈ വിഷയത്തില്‍. ഇപ്പോഴും ബാറുകളും ഐസ്ക്രീം പാര്‍ലറുകളും തുറന്ന് പ്രവര്‍ത്തിക്കുന്നു.

ജനങ്ങള്‍ രോഗത്തെക്കുറിച്ച് ഏറെ അവബോധമുള്ളവരുമാണ്. എല്ലാവരും സോഷ്യല്‍‌ ഡിസ്റ്റന്‍സിങ് കര്‍ശനമായി പാലിക്കുന്നുണ്ട്. സ്വീഡനില്‍ പകര്‍ച്ച കുറയുന്നതിന് കാരണം രോഗപ്രതിരോധം വളര്‍ന്നതിനെക്കാള്‍ ജനങ്ങളുടെ അവബോധമാണെന്ന നിരീക്ഷണവും വരുന്നുണ്ട്. പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണം വന്‍തോതില്‍ കുറഞ്ഞിട്ടുണ്ട്. ആള്‍ക്കുട്ടങ്ങള്‍ കുറഞ്ഞു. ഈസ്റ്റര്‍ സമയത്ത് ആള്‍ക്കൂട്ടം സൃഷ്ടിക്കുന്നതില്‍ നിന്നും ജനങ്ങള്‍ മാറിനിന്നു. സര്‍ക്കാരിന്റെ നിരോധനമുള്ളത് 50 പേരിലധികം കൂടുന്നതിനാണ്. കൂടാതെ വയോജനങ്ങള്‍ പാര്‍ക്കുന്ന കെയര്‍ ഹോമുകള്‍ സന്ദര്‍ശിക്കുന്നതിനു വിലക്കുണ്ട്.

തീരുമാനമെടുക്കുന്ന പ്രക്രിയയില്‍ കഴിവില്ലാത്ത ഉദ്യോഗസ്ഥര്‍ കേറിക്കൂടിയതാണ് സ്വീഡനില്‍ കോവിഡ് മരണനിരക്ക് കൂടാന്‍ കാരണമായതെന്ന് രാജ്യത്തെ ഏറ്റവും വലിയ മെഡിക്കല്‍ റിസര്‍ച്ച് സ്ഥാപനമായ കരോലിന്‍സ്ക ഇന്‍സ്റ്റിറ്റ്യൂട്ടിലെ എപിഡമിയോളജിസ്റ്റ് ഡോ. ക്ലോഡിയ ഹാന്‍സണ്‍ പറയുന്നു. സ്വീഡന്റെ ചീഫ് എപിഡമിയോളജിസ്റ്റായ ആന്‍ഡ്ര്യൂ തഗ്നലിനോട് വലിയ വിയോജിപ്പുള്ളവര്‍ വേറെയുമുണ്ട്. ശാസ്ത്ര എഴുത്തുകാരിയും എപിഡമിയോളജിസ്റ്റുമായ എമ്മ ഫ്രാന്‍സ് പറയുന്നത് തഗ്നല്‍ കഴിവ് കുറഞ്ഞയാളാണെന്നാണ്. അദ്ദേഹം പറയുന്നതിനെ ഗൗരവത്തിലെടുക്കരുതെന്നും അവര്‍ക്ക് അഭിപ്രായമുണ്ട്. തഗ്നല്‍ ഒരു നല്ല സംഘാടകന്‍ മാത്രമാണെന്നാണ് എമ്മയുടെ അഭിപ്രായം.


Next Story

Related Stories