TopTop
Begin typing your search above and press return to search.

മാധ്യമപ്രവർത്തകയുടെ കൊലപാതകം: മാൾട്ടയിൽ മൂന്ന് മന്ത്രിമാർ രാജി വെച്ചു; പ്രധാനമന്ത്രിയും രാജി വെച്ചേക്കും

മാധ്യമപ്രവർത്തകയുടെ കൊലപാതകം: മാൾട്ടയിൽ മൂന്ന് മന്ത്രിമാർ രാജി വെച്ചു; പ്രധാനമന്ത്രിയും രാജി വെച്ചേക്കും

അഴിമതി വിരുദ്ധ പത്രപ്രവർത്തകയായ ഡാഫ്‌നെ കരുവാന ഗലീഷ്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മാള്‍ട്ടയില്‍ ഭരണ പ്രതിസന്ധി തുടരുന്നു. പ്രധാനമന്ത്രി ജോസഫ് മസ്കറ്റ് രാജിവെച്ചേക്കുമെന്നാണ് സൂചന. അദ്ദേഹത്തിന്റെ സ്റ്റാഫ് മേധാവിയും രണ്ട് മന്ത്രിമാരും കഴിഞ്ഞ ദിവസങ്ങളില്‍ രാജിവെച്ചിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി പോലീസ് നിരവധിപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പല ഉന്നതരിലേക്കും അന്വേഷണം എത്തിനില്‍ക്കുന്നുമുണ്ട്. 2017 ഒക്ടോബറിലാണ് വീടിനു സമീപത്തു വെച്ചുണ്ടായ കാർ ബോംബ് സ്ഫോടനത്തില്‍ പ്രശസ്ത അന്വേഷണാത്മക പത്രപ്രവർത്തകയായ ഡാഫ്‌നെ കൊല്ലപ്പെടുന്നത്.

ഏകാംഗ വിക്കിലീക്സ് എന്ന പേരിലറിയപ്പെട്ട കരൗനയുടെ ബ്ലോഗെഴുത്തുകൾക്ക് വൻ സ്വീകാര്യതയുണ്ടായിരുന്നു. രാജ്യത്തു നടക്കുന്ന അഴിമതിയിൽ പ്രധാനമന്ത്രിയുടെ സ്റ്റാഫ് മേധാവി കീത്ത് ഷെംബ്രിക്കും അന്നത്തെ ഊർജമന്ത്രിയും ഇപ്പോഴത്തെ ടൂറിസം മന്ത്രിയുമായ കോണ്‍റാഡ് മിസിക്കും പങ്കുണ്ടെന്നും കരൗന ബ്ലോഗിൽ ആരോപിച്ചിരുന്നു. കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾക്കു മുന്പായിരുന്നു കരൗന ഇരുവരുടെയും പേരുകൾ പരാമര്‍ശിച്ചുകൊണ്ടുള്ള ബ്ലോഗ് പ്രസിദ്ധീകരിച്ചത്.

പനാമ പേപ്പേഴ്സ് എന്നറിയപ്പെടുന്ന ഓഫ്‌ഷോർ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കരുവാന ഗലീഷ്യ പല അഴിമതികളും തുറന്നു കാട്ടിയിരുന്നത്. ഷെംബ്രിക്കും മിസിയും അതിലെ പ്രധാന കുറ്റാരോപിതരായിരുന്നു. കരുവാന ഗലീഷ്യയുടെ വെളിപ്പെടുത്തലുകള്‍ മാള്‍ട്ടയില്‍ പൊതുതിരഞ്ഞെടുപ്പിന് വഴിവെച്ചിരുന്നു. ലേബര്‍പാര്‍ട്ടി മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചുവെങ്കിലും അത് മാൾട്ടയിലെ രാഷ്ട്രീയമായ അസ്വസ്ഥതകളെ ശമിപ്പിച്ചില്ല. അഞ്ചുമാസത്തിനുശേഷം കരുവാന ഗലീഷ്യ കൊല്ലപ്പെട്ടു. കൊലപാതകത്തില്‍ ഷെംബ്രിക്കിനും മിസിക്കും പങ്കുണ്ടെന്നാണ് ആരോപണം.

കുറ്റാരോപിതരായവരെ സംരക്ഷിക്കുന്ന പ്രധാനമന്ത്രിയും രാജിവെക്കണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം നിഷേധിച്ച മിസി ‘രാജ്യത്ത് ഇപ്പോഴുള്ള അസാധാരണമായ സാഹചര്യങ്ങളുടെയും പൊതുവായ ജനവികാരത്തേയും മാനിച്ചുകൊണ്ട് താന്‍ രാജി വെക്കുകയാണെന്ന്’ പറഞ്ഞു. ഷെംബ്രിക്കിന്‍റെ വസതിയില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. അദ്ദേഹത്തെ പോലീസ് ആസ്ഥാനത്തുവെച്ച് ചോദ്യം ചെയ്യുകയും ചെയ്തു. യൂറോപ്യൻ നേതാക്കൾ മസ്കറ്റിനോട് രാജിവെച്ച് അന്വേഷണത്തെ നേരിടാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.


Next Story

Related Stories