TopTop
Begin typing your search above and press return to search.

സ്ത്രീവിരുദ്ധ പരാമര്‍ശം; ടോക്കിയോ ഒളിമ്പിക്സ് കമ്മിറ്റി തലവന്‍ രാജിവെച്ചു

സ്ത്രീവിരുദ്ധ പരാമര്‍ശം; ടോക്കിയോ ഒളിമ്പിക്സ് കമ്മിറ്റി തലവന്‍ രാജിവെച്ചു

സ്ത്രീവിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന് ഓരാഴ്ചയിലേറെ വിമര്‍ശനങ്ങള്‍ നേരിട്ട ടോക്കിയോ ഒളിമ്പിക്സ് കമ്മിറ്റി തലവന്‍ യോഷിരോ മോറി രാജിവെച്ചു. ഈ മാസം മൂന്നിന് ഒളിമ്പിക് കമ്മിറ്റി യോഗത്തിനിടെയാണ് ജപ്പാന്റെ മുന്‍ പ്രധാനമന്ത്രി കൂടിയായ യോഷി വിവാദ പ്രസ്താവന നടത്തിയത്. 'സ്ത്രീകള്‍ യോഗങ്ങളില്‍ അധികമായി സംസാരിക്കുന്നു. വനിതാ ബോര്‍ഡ് അംഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയാണെങ്കില്‍, അവരുടെ സംസാര സമയം ഒരു പരിധിവരെ പരിമിതപ്പെടുത്തുമെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്, അവര്‍ക്ക് പൂര്‍ത്തിയാക്കാന്‍ പ്രയാസമുണ്ട്, ഇത് അരോചകമാണ്,' ഇതായിരുന്നു യോഷിരോ മോറിയുടെ വിവാദമായ പരമാര്‍ശം. സ്ത്രീകള്‍ക്ക് പൊതുവെ വൈരാഗ്യ ബുദ്ധി കൂടുതലാണ്. ഒരാള്‍ അഭിപ്രായം പറയാന്‍ കൈ ഉയര്‍ത്തിയാല്‍ ബാക്കിയുള്ളവര്‍ക്കും സംസാരിക്കണമെന്ന് തോന്നും. അങ്ങനെ എല്ലാവരും എന്തെങ്കിലും പറയുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംഭവത്തില്‍ മോറി അടുത്ത ദിവസം ക്ഷമ ചോദിച്ചെങ്കിലും രാജിവയ്ക്കുന്നത് പരിഗണനയിലില്ലെന്ന് വ്യക്തമാക്കിയിരുന്നു.

ജപ്പാന്‍ റഗ്ബി ഫുട്ബോള്‍ യൂണിയന്റെ ചെയര്‍മാന്‍ സ്ഥാനത്തിരുന്നപ്പോള്‍ ഉണ്ടായ അനുഭവം വിവരിക്കവെയാണ് യോഷിരോ മോറി ഇക്കാര്യം പറഞ്ഞത്. സംഭവം വിവാദമായതോടെ വിശദീകരണവുമായി 83കാരനായ മോറി രംഗത്തുവരികയും ചെയ്തു. എന്റെ ഭാര്യ പോലും എന്നോട് ഇന്നലെ രാത്രി ദേഷ്യപ്പെട്ടു. സ്ത്രീ വിരുദ്ധമായ അസംബന്ധമാണ് നിങ്ങള്‍ പറഞ്ഞതെന്നും ഭാര്യ ചൂണ്ടിക്കാണിച്ചു. മാപ്പ് അപേക്ഷയ്ക്കിടെയാണ് മോറി മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. പിന്നീട് തന്റെ രാജി പ്രഖ്യാപിച്ച മോറി സ്വയം പ്രതിരോധിക്കുകയും തന്റെ കരിയറില്‍ സ്ത്രീകളെ പിന്തുണയ്ക്കാന്‍ പ്രവര്‍ത്തിച്ചതായും പറഞ്ഞു. എന്നിരുന്നാലും, ജൂലൈയില്‍ ഗെയിംസ് നടത്തുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം, അതിനാല്‍ ഈ ലക്ഷ്യത്തിന് എനിക്ക് ഒരു തടസ്സമാകാന്‍ കഴിയില്ല അദ്ദേഹം പറഞ്ഞു. എന്നാല്‍ ഒളിംപിക്‌സിന് മാസങ്ങള്‍ മാത്രം ശേഷിക്കേ പുതിയ അധ്യക്ഷനെ കണ്ടെത്തേണ്ട സമ്മര്‍ദത്തിലാണ് ടോക്യോ ഒളിംപിക്‌സ് സംഘാടകര്‍.

ഒളിംപിക്‌സിന് മാസങ്ങള്‍ മാത്രം ശേഷിക്കേ തലവന്‍ രാജിവച്ചത് സംഘാടനത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയുണ്ട്. മോറിക്ക് പകരം ജപ്പാന്‍ ഫുട്ബോള്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്‍റും ഒളിംപിക് വില്ലേജിന്‍റെ മേയറുമായിരുന്ന സാബുറോ ക്വാബുച്ചിയടക്കമുള്ളവരുടെ പേരുകള്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്.


Next Story

Related Stories