TopTop
Begin typing your search above and press return to search.

ഈ ജൈവവൈവിധ്യം ഇനിയും സംരക്ഷിച്ചില്ലെങ്കില്‍ കാത്തിരിക്കുന്നത് കൂട്ട വംശനാശമെന്ന് വിദഗ്ധര്‍

ഈ ജൈവവൈവിധ്യം ഇനിയും സംരക്ഷിച്ചില്ലെങ്കില്‍ കാത്തിരിക്കുന്നത് കൂട്ട വംശനാശമെന്ന് വിദഗ്ധര്‍

മനുഷ്യ നിലനില്‍പ്പിന് വെല്ലുവിളിയാകുന്ന കൂട്ട വംശനാശവും ആരോഗ്യ ചോരണവും കാലാവസ്ഥാ തകര്‍ച്ചയും ഭൂമി അഭിമുഖീകരിക്കുന്നതായി ഗവേഷണസംഘം. മനുഷ്യന്റെ അജ്ഞതയും നിഷ്‌ക്രിയത്വവുമാണ് ഇത്തരമൊരു അവസ്ഥയ്ക്കു കാരണം. ജൈവ വൈവിധ്യത്തിന്റെയും കാലാവസ്ഥാ പ്രതിസന്ധികളുടെയും ഗൗരവം മനുഷ്യര്‍ ഇനിയും മനസിലാക്കുന്നില്ലെങ്കില്‍ നിലനില്‍പ്പ് തന്നെ ഇല്ലാതാകുമെന്ന മുന്നറിയിപ്പാണ് ഗവേഷണ സംഘം മുന്നോട്ടുവെക്കുന്നതെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നാം അധിവസിക്കുന്ന ഗ്രഹം മനുഷ്യരോ ശാസ്ത്രജ്ഞരോ പോലും മനസിലാക്കിയതിനപ്പുറം മോശം അവസ്ഥയിലാണെന്ന് ദി പോപ്പുലേഷന്‍ ബോംബ് എന്ന ഗ്രന്ഥത്തിന്റെ രചയിതാവും സ്റ്റാന്‍ഫോഡ് സര്‍വകലാശാലയിലെ പ്രഫസറുമായ പോള്‍ എര്‍ലിച്ച് ഉള്‍പ്പെടെ മെക്‌സിക്കോ, ആസ്‌ട്രേലിയ, യുഎസ് എന്നിവിടങ്ങളില്‍ നിന്നുള്ള 17 വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ജൈവമണ്ഡലം നേരിടുന്ന വെല്ലുവിളിയുടെ തോത് അവയെക്കുറിച്ച് അവഗാഹമുള്ള വിദഗ്ധര്‍ക്കുപോലും മനസിലാക്കാന്‍ ബുദ്ധിമുട്ടാണെന്നും ഫ്രോണ്ടിയേഴ്‌സ് ഇന്‍ കണ്‍സര്‍വേഷന്‍ സയന്‍സില്‍ സംഘം എഴുതിയിരിക്കുന്നു. ലോകത്തിലെ പ്രധാന പാരിസ്ഥിതിക വെല്ലുവിളികളെക്കുറിച്ചുള്ള 150ലധികം പഠനങ്ങളുടെ വെളിച്ചത്തിലാണ് സംഘത്തിന്റെ നിരീക്ഷണം.

പ്രശ്‌നം എത്രത്തോളം വലുതാണെന്ന കാര്യം മനുഷ്യര്‍ തിരിച്ചറിയുന്നില്ലെന്നാണ് പ്രകൃതിക്കുണ്ടാകുന്ന നാശവും അതിന്റെ അനന്തരഫലത്തിനുമിടയിലെ കാലതാമസം വ്യക്തമാക്കുന്നത്. മനുഷ്യ സംസ്‌കാരത്തിന്റെ ഇഴയടുപ്പങ്ങള്‍ ഇല്ലാതാകുമ്പാഴും മുഖ്യധാരാ സമൂഹം ആ നഷ്ടത്തിന്റെ വ്യാപ്തി മനസിലാക്കാന്‍ ബുദ്ധിമുട്ടുകയാണ്. അടിയന്ത നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ കാലാവസ്ഥാ പ്രേരിതമായ ബഹുജന കുടിയേറ്റം, കൂടുതല്‍ പകര്‍ച്ചവ്യാധികള്‍, വിഭവങ്ങളെച്ചൊല്ലിയുള്ള സംഘര്‍ഷങ്ങള്‍ എന്നിവ അനുഭവിക്കേണ്ടിവരുമെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത് കീഴടങ്ങാനുള്ള ആഹ്വാനമല്ല. ഈ ഭൂമിയെക്കുറിച്ച് നമ്മുടെ നേതാക്കളില്‍ യാഥാര്‍ത്ഥ്യബോധത്തോടെയുള്ള ഒരു ഉണര്‍വുണ്ടാക്കുകയാണ് ലക്ഷ്യം. അതിദാരുണമായൊരു ഭാവി ഒഴിവാക്കാനുള്ള ആസൂത്രണങ്ങള്‍ക്ക് അത് അനിവാര്യമാണെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.

ജൈവവൈവിധ്യ നഷ്ടം ആഗോള സമ്പദ്വ്യവസ്ഥയെ ബാധിക്കുന്ന പ്രധാന ഭീഷണികളില്‍ ഒന്നാണെന്ന 2020ലെ വേള്‍ഡ് ഇക്കണോമിക് ഫോറം റിപ്പോര്‍ട്ട്, 70 ശതമാനം ഭൂമിക്കും മനുഷ്യരാല്‍ മാറ്റംവന്നിട്ടുണ്ടെന്ന 2019ലെ ഐപിബിഇഎസ് ഗ്ലോബല്‍ അസെസ്‌മെന്റ് റിപ്പോര്‍ട്ട്, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കശേരുജീവികളുടെ ശരാശരി ജനസംഖ്യ 68 ശതമാനത്തോളം കുറഞ്ഞതായുള്ള 2020ലെ ഡബ്ല്യുഡബ്ല്യുഎഫ് ലിവിംഗ് പ്ലാനറ്റ് റിപ്പോര്‍ട്ട്, മനുഷ്യ സമൂഹം ആഗോളതാപനത്തിന്റെ പരിധി മറികടന്നതായുള്ള 2018ലെ കാലാവസ്ഥാ മാറ്റം സംബന്ധിച്ച ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ റിപ്പോര്‍ട്ട് ഉള്‍പ്പെടെ പഠനങ്ങളാണ് ഗവേഷണ സംഘം പ്രതിപാദിച്ചിരിക്കുന്നത്.


Next Story

Related Stories