Top

അമേരിക്കൻ തെരഞ്ഞെടുപ്പിന് എന്തു വിലവരും?: ട്രംപിന്റെ വിദേശ 'സ്പോൺസർമാർ' പുറത്തുവരുമ്പോൾ

അമേരിക്കൻ തെരഞ്ഞെടുപ്പിന് എന്തു വിലവരും?: ട്രംപിന്റെ വിദേശ സ്പോൺസർമാർ പുറത്തുവരുമ്പോൾ

അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്റെ സ്വകാര്യ അഭിഭാഷകൻ റൂഡി ജിയൂലിയാനിയുമായി ബന്ധമുള്ള രണ്ട് വിദേശ പൗരന്മാര്‍ അറസ്റ്റിലായി. ഫെഡറൽ തെരഞ്ഞെടുപ്പ് പ്രചാരണ ചട്ടങ്ങളുടെ ലംഘനമാരോപിച്ചാണ് അറസ്റ്റ്. യുഎസ് തെരഞ്ഞെടുപ്പിലേക്ക് അനധികൃതമായ രീതിയിൽ ഫണ്ടിറക്കിയെന്നാണ് ആരോപണം. ഇരുവരും ജോ ബൈഡൻ, അദ്ദേഹത്തിന്റെ മകൻ ഹണ്ടർ ബൈഡൻ എന്നിവർക്കെതിരെ അന്വേഷണം കൊണ്ടുവരാനുള്ള റൂഡി ജിയൂലിയാനിയുടെ ശ്രമങ്ങൾക്ക് സഹായം നൽകിയെന്നാണ് അന്വേഷകരുടെ മറ്റൊരാരോപണം. ഒരു വിസിൽബ്ലോവറിൽ നിന്നും ലഭിച്ച വിവരങ്ങൾ വിശ്വാസ്യയോഗ്യമാണെന്ന് കണ്ടതിനെത്തുടർന്ന് നടത്തിയ നീക്കങ്ങളാണ് ഇവരുടെ അറസ്റ്റിലെത്തി നിൽക്കുന്നത്.

ലേവ് പർനാസ്, ഇഗോർ ഫ്രൂമാൻ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. രണ്ടുപേരും ഉക്രൈൻ സ്വദേശികളാണ്. ജൂലൈ മാസത്തിൽ ഉക്രൈൻ പ്രസിഡണ്ട് വോലോദിമിർ സെലെന്‍സ്കിയുമായി പ്രസിഡണ്ട് ട്രംപ് നടത്തിയ ഫോൺ സംഭാഷണത്തിന്റെ വിവരങ്ങൾ പുറത്തുവിട്ട വിസിൽബ്ലോവറുടെ നടപടിയുടെ പിന്നാലെയുണ്ടായ നിർണായകമായ രാഷ്ട്രീയ സംഘർഷങ്ങളുടെ തുടർ‌ച്ചയായാണ് ഈ അറസ്റ്റ് നടന്നിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനായ ഈ വിസിൽബ്ലോവർ ഓഗസ്റ്റ് 2ന് ഔദ്യോഗികമായി നൽകിയ മെമ്മോയിലെ വിവരങ്ങളാണ് അറസ്റ്റിലേക്ക് നയിച്ചിരിക്കുന്നതെന്ന് അറിയുന്നു. (ഓഗസ്റ്റ് മാസത്തില്‍ പേര് വെളിപ്പെടുത്താത്ത ഒരു ഇന്റലിജന്‍സ് ഉദ്യോഗസ്ഥൻ ആണ് ഈ കത്തെഴുതിയത്. ജൂലൈ 25ന് ട്രംപ് നടത്തിയ ഫോൺ സംഭാഷണം സംബന്ധിച്ചുള്ള ആശങ്കയായിരുന്നു കത്തിൽ. ഉക്രൈൻ പ്രസിഡണ്ടുമായുള്ള ട്രംപിന്റെ സംഭാഷണമായിരുന്നു അത്.)

പിടിയിലുള്ള രണ്ടുപേരും ബിസിനസ്സുകാരാണ്. രണ്ടുപേർക്കും റൂഡി ജിയൂലിയാനിയുമായി അടുത്ത ബന്ധമുണ്ട്. വിദേശത്ത് ജനിച്ചവരാണെങ്കിലും രണ്ടുപേര്‍ക്കും അമേരിക്കൻ പൗരത്വമുണ്ട്. വിർജീനിയയിലെ ഒരു എയർപോർട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്. രണ്ടുപേരും വിയന്നയിലേക്ക് പറക്കാൻ നിൽക്കുകയായിരുന്നു. വിര്‍ജീനിയയിലെ ഒരു കോടതിയിൽ ഇരുവരെയും ഹാജരാക്കി.

കള്ളപ്പണം വെളുപ്പിച്ചു എന്നതാണ് ഇവർ ചെയ്ത കുറ്റങ്ങളിൽ ഏറ്റവും പ്രധാനമായത്. ഈ പണം ഇവർ യുഎസ് തെരഞ്ഞെടുപ്പു ചട്ടങ്ങളെ ലംഘിക്കുംവിധം പ്രചാരണങ്ങൾക്കു വേണ്ടി ഉപയോഗിച്ചു. ഇനിയും വെളിപ്പെട്ടിട്ടില്ലാത്ത വിദേശ പൗരന്മാരുടെ പണം സ്വന്തം പേരിൽ തെരഞ്ഞെടുപ്പ് സംഭാവനകളായി ഇവർ നല്കി. ഈ പണത്തിന്റെ ഉറവിടം മറച്ചുവെക്കാനായി രണ്ടുപേരും ഫ്ലോറിഡയിൽ ഒരു എനർജി കമ്പനി തുടങ്ങി.

2018ലെ ട്രംപ് അനുകൂല പ്രചാരണത്തിന് 325,000 ഡോളർ ആണ് രണ്ടുപേരും ചേർന്ന് നൽകിയതെന്ന് ആരോപിക്കപ്പെടുന്നു. വളരെ കുറഞ്ഞ കാലയളവിലാണ് ഇത്രയധികം പണം കൈമാറ്റം ചെയ്യപ്പെട്ടത്. ഇവർ അന്നത്തെ ഉക്രൈനിലെ യുഎസ് അംബാസ്സഡറെ നീക്കം ചെയ്യിക്കാൻ ഒരു കോൺഗ്രസ് പ്രതിനിധിയം സ്വാധീനിക്കാനായി പതിനായിരക്കണക്കിന് ഡോളർ സ്വരൂപിച്ചെന്നും ആരോപണമുണ്ട്.

രണ്ടുപേരുടെയും അറസ്റ്റ് റിപ്പബ്ലിക്കന്മാർക്കും ട്രംപിനും വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്.

അതെസമയം, ഈ രണ്ടുപേരും ഫെഡറൽ നിയമങ്ങളെ ലംഘിച്ച് ഫണ്ടിറക്കിയെന്ന് ആരോപിക്കുന്നുണ്ടെങ്കിലും ഇതിൽ ട്രംപിന് ഏതെങ്കിലും ഇടപാട് നേരിട്ടുള്ളതായി കുറ്റാരോപണങ്ങളിലില്ല. എന്നാൽ ഉക്രൈനിനു മേൽ സമ്മർദ്ദം ചെലുത്തി ബൈഡനും മകനുമെതിരെ അന്വേഷണം കൊണ്ടുവരാൻ ട്രംപ് ശ്രമിച്ചെന്ന ആരോപണങ്ങളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇതോടെ പുറത്തുവന്നിരിക്കുകയാണ്.

എന്നാൽ അന്നത്തെ ഫോൺ സംഭാഷണത്തിൽ തന്നെ ബ്ലാക്‌മെയില്‍ ചെയ്യാൻ ട്രംപ് ശ്രമിച്ചിരുന്നില്ലെന്ന് കഴിഞ്ഞദിവസം ഉക്രൈൻ പ്രസിഡണ്ട് സെലെൻസ്കി വ്യക്തമാക്കുകയുണ്ടായി. ഉക്രൈൻ തലസ്ഥാനത്ത് നടത്തിയ ദീർഘമായ വാർത്താ സമ്മേളനത്തിലാണ് സെലെൻസ്കി ഇതു പറഞ്ഞത്.

റഷ്യ ഉയർത്തുന്ന ഭീഷണിയെ നേരിടാൻ ഉക്രൈന്‍ മിലിട്ടറിക്ക് 400 ദശലക്ഷം ഡോളറിന്റെ സഹായം നൽകുന്നത് സംബന്ധിച്ച് കോൺഗ്രസ് അംഗീകാരം നേരത്തെ തന്നെ ലഭിച്ചിരുന്നതാണ്. ഈ സഹായം പിടിച്ചുവെക്കണമെന്ന് വൈറ്റ് ഹൗസ് ആക്ടിങ് ചീഫ് ഓഫ് സ്റ്റാഫ് മിക്ക് മുൾവാനിയോട് ട്രംപ് ആവശ്യപ്പെട്ടിരുന്നുവെന്നാണ് ആരോപണം. എന്നാൽ ട്രംപ് തന്നെ വിളിച്ച സന്ദർഭത്തിൽ മിലിട്ടറി സഹായം തടഞ്ഞുവെച്ച കാര്യം താനറിഞ്ഞിരുന്നില്ലെന്നാണ് കഴിഞ്ഞദിവസത്തെ വാർത്താസമ്മേളനത്തിൽ സെലെൻസ്കി പറയുകയുണ്ടായി. "ഞങ്ങൾ അതെക്കുറിച്ച് സംസാരിച്ചില്ല, ബ്ലാക്മെയിൽ ഒന്നുമുണ്ടായില്ല," അദ്ദേഹം പറഞ്ഞു.

എന്നാൽ യുഎസ് കോൺഗ്രസ്സിലെ ഡെമോക്രാറ്റുകൾ ഉറച്ചുവിശ്വസിക്കുന്നത് വൈസ് പ്രസിഡണ്ട് ജോ ബൈഡനും അദ്ദേഹത്തിന്റെ മകനുമെതിരെ ഉക്രൈനിനെക്കൊണ്ട് അന്വേഷണം നടത്തിക്കാൻ ട്രംപ് സമ്മർദ്ദം ചെലുത്തിയെന്നു തന്നെയാണ്. ന്യൂയോർക്ക് മുൻ മേയർ റൂഡി ജിയൂലിയാനിയെ ഉപയോഗിച്ചും ട്രംപ് ഉക്രൈനോട് അന്വേഷണ സാധ്യതകളെക്കുറിച്ച് ആരാഞ്ഞിരുന്നുവെന്നും. തന്റെ അഭിഭാഷകൻ ജിയൂലിയാനിയുമായി സഹകരിക്കണം എന്ന് ട്രംപ് സെലൻസ്കിയോട് എട്ട് തവണ ഫോണിൽ ആവശ്യപ്പട്ടുവെന്ന വിസിൽബ്ലോവറുടെ വെളിപ്പെടുത്തലിനോട് പൂർണമായ അംഗീകാരവും പിന്തുണയുമാണ് ഡെമോക്രാറ്റുകൾ നൽകുന്നത്. രഹസ്യാന്വേഷണവിഭാഗം ഇൻസ്പെക്ടർ മൈക്കിൾ അറ്റ്കിൻസനാണ് ഈ പരാതി ആദ്യം ലഭിച്ചത്. അദ്ദേഹം അത് രഹസ്യാന്വേഷണസമിതിക്ക് കൈമാറുകയായിരുന്നു.

കുറച്ചുദിവസങ്ങൾക്കു മുമ്പ് മറ്റൊരു വിസിൽബ്ലോവർ കൂടി ട്രംപിനെതിരെ വെളിപ്പെടുത്തലുകളുമായി രംഗത്തു വരികയുണ്ടായി. ആദ്യം പരാതി നല്‍കിയ വിസിൽബ്ലോവറെക്കാള്‍ സംഭവങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങള്‍ നേരിട്ടറിയാവുന്ന ആളാണ് രണ്ടാമത്തെയാള്‍. ആദ്യത്തെ റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നതിനായി ഉദ്യോഗസ്ഥര്‍ ഇദ്ദേഹവുമായി അഭിമുഖം നടത്തിയതായി 'ന്യൂയോർക്ക് ടൈംസ്' റിപ്പോർട്ട് ചെയ്യുന്നു.

ഇതിനിടെ ബൈഡന്റെ മകൻ ജോലി ചെയ്തിരുന്ന കമ്പനിക്കെതിരെ ഒരന്വേഷണം ഉക്രൈൻ പ്രഖ്യാപിക്കുകയുമുണ്ടായി. ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡന്‍ ജോലി ചെയ്തിരുന്ന ഉക്രൈന്‍ കമ്പനിയ്‌ക്കെതിരെ അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ടാണ് അന്വേഷണം. അതേസമയം അന്വേഷണ ചുമതല മറ്റൊരു ഗവണ്‍മെന്റ് ഏജന്‍സിക്ക് കൈമാറുന്നതിന്റെ ഭാഗമായുള്ള നടപടിക്രമമാണ് ഇതെന്നാണ് ജനറല്‍ പ്രോസിക്യൂട്ടര്‍ റുസ്ലാന്‍ റിയാബോഷാപ്ക പറയുന്നത്.

യുഎസ്സിന്റെ ചരിത്രത്തിൽ ഇന്നുവരെ സംഭവിച്ചിട്ടില്ലാത്ത ഒന്നാണ് വിദേശ രാജ്യങ്ങളുടെ സഹായത്തോടെ രാഷ്ട്രീയ എതിരാളികൾക്കെതിരെ ഒരു പ്രസിഡണ്ട് നീക്കം നടത്തുകയെന്നത്. വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ക്കിടയിൽ ഏതാണ്ടൊരു ഏകാഭിപ്രായം ഇക്കാര്യത്തിലുണ്ട്. ഇതുതന്നെയാണ് ഇംപീച്ച്മെന്റ് അന്വേഷണത്തിന് വിധേയമാകുന്നതിലേക്ക് പ്രസിഡണ്ടിനെ നയിച്ചിരിക്കുന്നത്.


Next Story

Related Stories