TopTop

ഇംപീച്ച്മെന്റ് പ്രമേയം സെനറ്റിലേക്ക്; വൈകിയെന്ന വിമർശനത്തെ തള്ളി നാൻസി പെലോസി

ഇംപീച്ച്മെന്റ് പ്രമേയം സെനറ്റിലേക്ക്; വൈകിയെന്ന വിമർശനത്തെ തള്ളി നാൻസി പെലോസി

യുഎസ്​ പ്രസിഡണ്ട്​ഡോണൾഡ്​ ട്രംപിനെതിരെ ജനപ്രതിനിധിസഭ പാസാക്കിയ ഇംപീച്ച്മെന്‍റ് പ്രമേയം സെനറ്റിലേക്ക്​. പ്രമേയം മൂന്നിൽ രണ്ട്​ ഭൂരിപക്ഷത്തോടെ ഉപരിസഭയായ സെനറ്റ്​ സംഗീകരിച്ചാൽ മാത്രമേ ട്രംപിനെ നീക്കം ചെയ്യാനാവൂ. അധികാര ദുർവിനിയോഗം, കോൺഗ്രസ്​ നടപടികളെ തടസപ്പെടുത്തൽ എന്നീ കുറ്റങ്ങളുടെ പേരിൽ കഴിഞ്ഞ മാസമാണ്​ ട്രംപിനെ ജനപ്രതിനിധി സഭ ഇംപീച്ച്​ ചെയ്തത്. പ്രമേയം സെനറ്റിന് കൈമാറാന്‍ വൈകിയെന്ന റിപ്പബ്ലിക്കൻമാരുടെ വിമർശനത്തെ നിശിതമായി തള്ളിക്കൊണ്ട് ഹൌസ് സ്പീക്കര്‍ നാൻസി പെലോസി രംഗത്തെത്തി.

ബുധനാഴ്ച നടന്ന വോട്ടെടുപ്പിനെത്തുടർന്ന് ഇംപീച്ച്മെന്‍റ് പ്രമേയത്തില്‍ പെലോസി ഒപ്പുവെച്ചു. പ്രമേയം അവതരിപ്പിക്കാന്‍ സെനറ്റ് ജനപ്രധിനിധി സഭയെ ഔദ്യോഗികമായി സ്വാഗതം ചെയ്തു. വിചാരണയിൽ അദ്ധ്യക്ഷത വഹിക്കുന്ന യുഎസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ സത്യപ്രതിജ്ഞ ചെയ്യും. തുടര്‍ന്ന് വിചാരണയിലേക്ക് ട്രംപിനെ ക്ഷണിച്ച് ചേംബർ സമൻസ് അയയ്ക്കും. നടപടികൾ അടുത്ത ആഴ്ച വരെ നീട്ടിവയ്ക്കും. സെനറ്റ് വിചാരണയിൽ ട്രംപിനെതിരായ കേസ് വിചാരണ ചെയ്യുന്ന ഇംപീച്ച്‌മെന്റ് മാനേജർമാർ എന്നറിയപ്പെടുന്ന ഏഴ് അംഗ സംഘത്തെ കഴിഞ്ഞ ദിവസം പെലോസി പ്രഖ്യാപിച്ചിരുന്നു. ഇന്റലിജൻസ് കമ്മിറ്റി ചെയർ ആദം ഷിഫ്, ജുഡീഷ്യറി കമ്മിറ്റി ചെയർ ജെറി നാഡ്‌ലർ എന്നിവരാണ് ആറ് അഭിഭാഷകർ അടങ്ങുന്ന സംഘത്തിന് നേതൃത്വം നല്‍കുന്നത്.

ഡെമോക്രാറ്റുകളുടെ പ്രസിഡന്റ് മത്സരാര്‍ത്ഥികളിലൊരാളും മുന്‍ വൈസ് പ്രസിഡന്റുമായി ജോ ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡനെതിരെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടാണ് ട്രംപ് ഉക്രൈനെ സമീപിക്കുന്നത്. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ഉക്രൈന് യു.എസ് പ്രഖ്യാപിച്ച സൈനിക സഹായം നല്‍കില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ ഭീഷണി. ട്രംപിനുവേണ്ടി കരുക്കള്‍ നീക്കാന്‍ പല ഉന്നത ഉദ്യോഗസ്ഥരും നിര്‍ബന്ധിതരായിരുന്നു. സമ്മർദ്ദ തന്ത്രമെന്നോണം സൈനിക സഹായം തടഞ്ഞു വെച്ചു, സ്വതാൽപര്യത്തിന് വിദേശനയത്തെ ദുരുപയോഗം ചെയ്തു, തെളിവെടുപ്പിന് ഹാജരായ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി തുടങ്ങി പല കുറ്റങ്ങളും ഇംപീച്ച്മെന്‍റ് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ബാലിശമായ തെളിവുകളെ അടിസ്ഥാനമാക്കി, ഏകപക്ഷീയമായ അന്വേഷണമാണ് നടത്തിയതെന്ന് പറഞ്ഞ് പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് ട്രംപും അനുയായികളും.


Next Story

Related Stories