Top

ഉക്രെയ്ൻ: ട്രംപിന്റെ വിവാദ സംഭാഷണം പുറത്തുവിട്ടയാളെ വെളിപ്പെടുത്തില്ല - ഹൗസ് ഇന്റലിജന്‍സ് കമ്മിറ്റി

ഉക്രെയ്ൻ: ട്രംപിന്റെ വിവാദ സംഭാഷണം പുറത്തുവിട്ടയാളെ വെളിപ്പെടുത്തില്ല - ഹൗസ് ഇന്റലിജന്‍സ് കമ്മിറ്റി

യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് അന്വേഷണത്തിന് കാരണക്കാരനായ വിസിൽബ്ലോവറെ പരസ്യമായി വിസ്തരിക്കില്ലെന്ന് ഹൗസ് ഇന്റലിജന്‍സ് കമ്മിറ്റി ചെയർമാന്‍ ആദം ഷിഫ്. വിസിൽബ്ലോവറെ ഭീഷണിപ്പെടുത്താനും പ്രതികാരം ചെയ്യാനും ട്രംപും അദ്ദേഹത്തിന്റെ സഖ്യകക്ഷികളും നടത്തുന്ന ശ്രമങ്ങള്‍ക്ക് സഹായകരമായ രീതിയില്‍ കമ്മിറ്റി പ്രവര്‍ത്തിക്കില്ലെന്ന് ഷിഫ് വ്യക്തമാക്കി. വിസിൽ ബ്ലോവർ ആരാണെന്ന് വെളിപ്പെടുത്തണമെന്ന് ട്രംപ്

വിസിൽബ്ലോവര്‍ ആരാണെന്ന് വ്യക്തമാക്കണമെന്ന് ട്രംപ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. മുൻ വൈസ്പ്രസിഡന്‍റ് ജോ ബൈഡനും മകനുമെതിരെ അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കില്‍ യു.എസ് നേരത്തെ ഉക്രൈന് നല്‍കുമെന്ന് പറഞ്ഞ 400 ദശലക്ഷം ഡോളറിന്‍റെ സാമ്പത്തിക സഹായം നല്‍കില്ലെന്ന് ഉക്രൈന്‍ പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്കിയോട് ട്രംപ് പറഞ്ഞുവെന്നാണ് വിസില്‍ബ്ലോവര്‍ വെളിപ്പെടുത്തിയിരുന്നത്. ഇക്കാര്യം ഉക്രൈനെ അറിയിക്കാനായി ട്രംപിന്‍റെ സ്വകാര്യ അഭിഭാഷകനായ റുഡോൾഫ് ജിയൂലിയാനിതന്നെ നേരിട്ട് ഉക്രൈനിലേക്ക് പോയിരുന്നു. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ പുതിയ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മൈക്ക് പെൻസ് പങ്കെടുക്കില്ലെന്നും അദ്ദേഹമാണ് ഉക്രൈനെ അറിയിച്ചത്.

ട്രംപിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വിദേശ പണം എത്തിച്ചുവെന്ന് ആരോപിക്കപ്പെടുന്ന സോവിയറ്റ് വംശജനും അമേരിക്കക്കാരനുമായ ലെവ് പർനാസ് എന്നയാളും ജിയൂലിയാനിയും തമ്മിലുള്ള ബന്ധവും അന്വേഷണത്തിന്‍റെ പരിധിയില്‍ പെടും. പർനാസിനേയും അടുത്ത്തന്നെ വിസ്തരിക്കുമെന്ന് ഹൌസ് ഇന്റലിജൻസ് കമ്മിറ്റി അറിയിച്ചു.

അതേസമയം, വിസിൽ ബ്ലോവറുടെ അഭിഭാഷകനായ പാറ്റ് സിപ്പോലോണി വൈറ്റ് ഹൌസിന് അയച്ച കത്തില്‍ തന്‍റെ കക്ഷിയുടെ വ്യക്തിത്വം സ്ഥിരീകരിക്കുന്ന വിധത്തില്‍ ട്രംപ് നടത്തിയ ഓരോ പരാമര്‍ശങ്ങളും അക്കമിട്ടു നിരത്തിയിരുന്നു. 'എന്‍റെ കക്ഷിയെ ഭീഷണിപ്പെടുത്തുകയാണ് അദ്ദേഹം'- സിപ്പോലോണി പറഞ്ഞു. 'എന്‍റെ കക്ഷിക്കോ, അവരുടെ കുടുമ്പത്തിനോ എന്തെങ്കിലും സംഭവിച്ചാല്‍ അതിന്‍റെ പൂര്‍ണ്ണമായ ഉത്തരവാദിത്തം നിങ്ങള്‍ക്ക് തന്നെയായിരിക്കും' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, അതിന്‍റെ തൊട്ടടുത്ത ദിവസംതന്നെ വിസിൽബ്ലോവര്‍ക്കെതിരേയും അദ്ദേഹത്തിന്‍റെ അഭിഭാഷകനെതിരെയും മോശം പരാമര്‍ശവുമായി ട്രംപ്‌ രംഗത്തെത്തിയെന്നതും ശ്രദ്ധേയമാണ്.


Next Story

Related Stories