Top

ട്രംപ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തിയെന്ന് മുന്‍ ഉക്രൈന്‍ അംബാസ്സഡര്‍ കോണ്‍ഗ്രസ്സില്‍

ട്രംപ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തിയെന്ന് മുന്‍ ഉക്രൈന്‍ അംബാസ്സഡര്‍ കോണ്‍ഗ്രസ്സില്‍

ഉക്രെയ്നിലെ മുൻ യുഎസ് അംബാസഡറാണ് ഇപ്പോള്‍ ഡൊണാൾഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് നടപടികളുടെ കേന്ദ്രബിന്ദുവായി മാറിയിരിക്കുന്നത്. അവർക്കെതിരായ 'സംഘടിത പ്രചാരണ'ത്തിന്‍റെ ഭാഗമായി അവരെ തിരിച്ചുവിളിക്കാൻ പ്രസിഡന്റ് വ്യക്തിപരമായി സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റില്‍ സമ്മർദ്ദം ചെലുത്തിയെന്നാണ് അവര്‍ കോൺഗ്രസ് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരിക്കുന്നത്.

ക്യാപിറ്റൽ ഹില്ലിൽ നടന്ന വിചാരണക്കിടെ ട്രംപ് ഭരണകൂടത്തിനു കീഴിലെ നയതന്ത്രത്തെ നിശിതമായി അപലപിച്ച മേരി യോവനോവിച്ച് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. 'സംശയാസ്പദമായ ഉദ്ദേശ്യങ്ങളുള്ള ചില ആളുകളുടെ അടിസ്ഥാനരഹിതമായ അവകാശവാദങ്ങളെ അടിസ്ഥാനമാക്കിയാണ്' കഴിഞ്ഞ മെയ് മാസത്തില്‍ തന്നെ അംബാസര്‍ സ്ഥാനത്തുനിന്നും നീക്കിയതെന്ന് അവര്‍ പറഞ്ഞു. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെങ്കിലും ട്രംപ് തന്നെ പുറത്താക്കുന്നതിനു മാസങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി ജോൺ സള്ളിവൻ അവരോട് പറഞ്ഞതായി അവർ മൊഴിനല്‍കി.

മൂന്ന് പ്രസിഡന്റുമാരുടെ കീഴിൽ മൂന്ന് രാജ്യങ്ങളിൽ അംബാസഡറായി സേവനമനുഷ്ഠിച്ച യോവനോവിച്ച് ഇംപീച്ച്‌മെന്റ് അന്വേഷകരോട് സഹകരിക്കരുതെന്ന സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ നിർദേശത്തെ ധിക്കരിച്ചുകൊണ്ടാണ് അന്വേഷകര്‍ക്കുമുന്നില്‍ ഹാജരായത്. അത് അസംതൃപ്തരായ കൂടുതല്‍ ഉദ്യോഗസ്ഥര്‍ അന്വേഷണത്തോട് സഹകരിക്കാന്‍ മുന്നോട്ടു വരുമെന്നും, അവരെ നിശബ്ദരാക്കാനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങളെ തകര്‍ക്കുമെന്നും പ്രതീക്ഷിക്കുന്നു. തന്റെ രാഷ്ട്രീയ എതിരാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നതിനായി വിദേശ നേതാക്കളെ സമ്മര്‍ദ്ദത്തിലാക്കാന്‍ ട്രംപ് നടത്തിയ ശ്രമങ്ങളെ കുറിച്ച് കൂടുതല്‍ തുറന്നു പറച്ചിലുമായി ഇനിയും വിസിൽ ബ്ലോവർമാർ മുന്നോട്ട് വരുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ദേശീയ സുരക്ഷാ സമിതിയുടെ യൂറോപ്പിലേയും റഷ്യയിലേയും മുൻ സീനിയർ ഡയറക്ടർ ഫിയോണ ഹിൽ തിങ്കളാഴ്ച ഹൗസ് കമ്മിറ്റിക്കു മുന്‍പില്‍ ഹജരായേക്കും. യൂറോപ്യൻ യൂണിയനിലെ നിലവിലെ അംബാസഡർ ഗോർഡൻ സോണ്ട്ലാൻഡും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ വിലക്കുകള്‍ ലംഘിച്ച് വ്യാഴാഴ്ച ഹാജരാകുമെന്ന് പറഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചമുതല്‍ അന്വേഷണം കൂടുതല്‍ ത്വരിതഗതിയിലാകുമെന്ന് ഇംപീച്ച്‌മെന്റ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഹൌസ് ഇന്റലിജന്‍സ് കമ്മിറ്റി ചെയർമാൻ ആദം ഷിഫ് വ്യക്തമാക്കി.

അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ കൈമാറുന്നതിനുള്ള നിയമാനുസൃതമായ സമയപരിധി പാലിക്കാന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ തയ്യാറായിരുന്നില്ല. അതോടെ ട്രംപ് നടത്തിയ നീക്കങ്ങളെക്കുറിച്ചുള്ള രേഖകള്‍ നല്‍കാന്‍ ഡെമോക്രാറ്റുകള്‍ നിയമപരമായ അധികാരത്തോടെ വൈറ്റ്ഹൗസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആ നിര്‍ദേശം തള്ളിയ വൈറ്റ്ഹൗസ് ഉദ്യോഗസ്ഥരോട് അന്വേഷണ സംഘവുമായി സഹകരിക്കരുതെന്നും ഉത്തരവിറക്കിയിരുന്നു. രേഖകള്‍ ഇനിയും കൈമാറിയില്ലെങ്കില്‍ ഇംപീച്ച്‌മെന്റ് അന്വേഷണത്തെ തടസ്സപ്പെടുത്തിയതിന്റെ തെളിവായി കണക്കാക്കുമെന്ന് വൈറ്റ്ഹൗസിന് നല്‍കിയ ഔദ്യോഗിക കുറിപ്പില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.


Next Story

Related Stories