TopTop
Begin typing your search above and press return to search.

തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ രാജ്യം വിടേണ്ടിവരുമെന്ന് ട്രംപ്; ഉറപ്പാണോയെന്ന മറുചോദ്യവുമായി ബൈഡന്‍

തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ രാജ്യം വിടേണ്ടിവരുമെന്ന് ട്രംപ്; ഉറപ്പാണോയെന്ന മറുചോദ്യവുമായി ബൈഡന്‍

അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ രാജ്യം വിടേണ്ടിവരുമെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. ജോര്‍ജിയയിലെ മാകോണില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു ട്രംപിന്റെ പ്രസ്താവന. തെരഞ്ഞെടുപ്പില്‍ ഞാന്‍ തോറ്റാല്‍ എന്തുണ്ടാകുമെന്ന് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനാകുമോ? അതെനിക്ക് അത്ര നല്ലതാകില്ല. ചിലപ്പോള്‍ എനിക്ക് രാജ്യം വിടേണ്ടിവരും. അറിയില്ല -ട്രംപ് പറഞ്ഞു. ഇക്കാര്യം ഉറപ്പാണോ എന്നായിരുന്നു ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്റെ മറുചോദ്യം. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ ട്രംപ് സമാന കാര്യം പറഞ്ഞതിനെ ചേര്‍ത്തുവെച്ചായിരുന്നു ട്വിറ്ററില്‍ ബൈഡന്‍ മറുചോദ്യം ഉന്നയിച്ചത്.

കോവിഡ്, സാമ്പത്തിക പ്രതിസന്ധി, വര്‍ണ വിവേചനം ഉള്‍പ്പെടെ വിഷയങ്ങളാണ് ഇക്കുറി തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാവിഷയം. മാകോണില്‍ കോവിനെക്കുറിച്ചും രാജ്യത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുമൊക്കെ ട്രംപ് സംസാരിച്ചു. ഇതുവരെയുള്ള തെരഞ്ഞെടുപ്പ് റാലികളിലോ പൊതുവേദികളിലോ ട്രംപ് ഇക്കാര്യങ്ങളെക്കുറിച്ച് വളരെ അപൂര്‍വമായേ സംസാരിക്കാറുള്ളൂ. കോവിഡ് സാഹചര്യവും സമ്പദ് വ്യവസ്ഥ നേരിടുന്ന വെല്ലുവിളികളുമൊക്കെ എതിരാളികള്‍ തനിക്കെതിരെ ആയുധമാക്കുകയാണ്. മാധ്യമങ്ങള്‍, ടെക്‌നോളജി കമ്പനികള്‍ ഉള്‍പ്പെടെ തനിക്കെതിരാണ്. ഈ തിരഞ്ഞെടുപ്പിലേക്ക് എത്ര പണം വേണമെങ്കിലും സമാഹരിക്കാന്‍ കഴിയും. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ഫണ്ട് സമാഹരിക്കാനുമാകും. എന്നാല്‍ താനത് ചെയ്യുന്നില്ലെന്നും ട്രംപ് പറഞ്ഞു. തോല്‍ക്കുന്നത് തനിക്കത്ര നല്ലതാകില്ല. ചിലപ്പോള്‍ രാജ്യം വിടേണ്ടിവരും. ഇപ്പോള്‍ ഒന്നും അറിയില്ലെന്നും ട്രംപ് പ്രസംഗത്തില്‍ പറഞ്ഞു.

ജോ ബൈഡനെതിരെ ഒരിക്കലും തോല്‍ക്കാന്‍ ട്രംപ് ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് ട്രംപിന്റെ പ്രസ്താവനകള്‍. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും മോശം സ്ഥാനാര്‍ഥിക്കെതിരെയാണ് മത്സരിക്കുന്നതെന്ന് കഴിഞ്ഞവാരം പെന്‍സില്‍വാനിയയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ ട്രംപ് പറഞ്ഞിരുന്നു. അതുകൊണ്ട് എന്താണെന്ന് നിങ്ങള്‍ക്ക് മനസിലാക്കാനാകുമോ? എനിക്കത് വലിയ സമ്മര്‍ദ്ദമേകുന്നു. അത്തരം ഒരാളോട് തോല്‍ക്കുന്ന കാര്യം ചിന്തിക്കാനാകുമോ? എന്നും ട്രംപ് പറഞ്ഞിരുന്നു. അതേസമയം, പ്രസിഡന്റിനുള്ള നിയമ പരിരക്ഷ നഷ്ടമായാല്‍ സാമ്പത്തിക, നികുതി തട്ടിപ്പും ലൈംഗികാപവാദ കേസും ഉള്‍പ്പെടെ നേരിടേണ്ടിവരുമെന്നു മനസിലാക്കിയാണ് ട്രംപ് ഇത്തരത്തില്‍ പ്രതികരിക്കുന്നതെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ട്രംപ് വാക്ക് പാലിക്കുമോയെന്നായിരുന്നു ബൈഡന്റെ പ്രതികരണം. അയോവ, മിനെസോട്ട, ഒഹായോ, ഫ്‌ളോറിഡ, നോര്‍ത്ത് കരോലൈന എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വേദികളില്‍ ട്രംപ് നടത്തിയ സമാന പ്രസ്താവനകളെല്ലാം ചേര്‍ത്തുവെച്ചുള്ള വീഡിയോ ഉള്‍പ്പെടെ പോസ്റ്റ് ചെയ്തുകൊണ്ട് ട്വിറ്ററിലായിരുന്നു ബൈഡന്റെ മറുചോദ്യം.


Next Story

Related Stories