TopTop
Begin typing your search above and press return to search.

വ്യാപാര യുദ്ധക്കെടുതികള്‍ക്ക് ആശ്വാസമായി യുഎസ്-ചൈനയും വ്യാപാര ഉടമ്പടി: എക്കാലത്തെയും വലിയ ഡീലെന്ന് ട്രംപ്

വ്യാപാര യുദ്ധക്കെടുതികള്‍ക്ക് ആശ്വാസമായി യുഎസ്-ചൈനയും വ്യാപാര ഉടമ്പടി: എക്കാലത്തെയും വലിയ ഡീലെന്ന് ട്രംപ്

ചൈനയുമായി പുതിയൊരു വ്യാപാര ഉടമ്പടിയില്‍ ഒപ്പുവെച്ച് യുഎസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ്. രണ്ട് വര്‍ഷത്തോളം നീണ്ടു നിന്ന വ്യാപാര ശീതയുദ്ധത്തിനു ശേഷമാണ് ഈ മഞ്ഞുരുക്കം. കഴിഞ്ഞകാലത്തെ തെറ്റുകളെ തങ്ങളിപ്പോള്‍ തിരുത്തുകയാണെന്ന് ഉടമ്പടി സ്ഥാപിച്ചതിനു ശേഷം സംസാരിക്കവെ ട്രംപ് പറഞ്ഞു.

ചൈനയുമായി താനൊപ്പിട്ട ഉടമ്പടിയെ വലിയ നേട്ടമായി ട്രംപ് ഉയര്‍ത്തിക്കാട്ടി. ഇക്കാലത്തിനിടയില്‍ സംഭവിച്ചിട്ടുള്ളവയില്‍ ഏറ്റവും വലിയ നേട്ടമെന്ന് അദ്ദേഹം തന്റെ ഉടമ്പടിയെ വിശേഷിപ്പിച്ചു.

മാധ്യമങ്ങളുടെയും തന്റെ കാബിനറ്റിലെ പ്രമുഖരുടെയും ഇവാങ്ക ട്രംപിന്റെയും സാന്നിധ്യത്തിലാണ് ട്രംപ് ഉടമ്പടി സ്ഥാപിച്ചത്. ചൈനയുടെ പ്രതിനിധിയായ ലിയു ഹെയുമായിട്ടായിരുന്നു ഒപ്പുവെക്കല്‍. ഈ ഉടമ്പടിയുടെ ആദ്യഘട്ടത്തില്‍ ചൈനീസ് വിപണി അമേരിക്കന്‍ വ്യാപാരികള്‍ക്കായി കൂടുതല്‍ ഉദാരമാക്കും. ഇമേരിക്കയില്‍ നിന്നും 200 ബില്യണ്‍ ഡോളറിന്റെ വാങ്ങലുകളും ചൈന നടത്തും.

ട്രംപിനെ സംബന്ധിച്ചിടത്തോളം ഈ വ്യാപാരക്കരാര്‍ ഒരു നേട്ടമാണ്. ഇത് തന്റെ ഭരണനേട്ടങ്ങളിലൊന്നായി ട്രംപിന് ഈ വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാട്ടാം. അതെസമയം ഈ ഉടമ്പടി ഇരുരാജ്യങ്ങളും തമ്മില്‍ താറുമാറായിക്കിടക്കുന്ന വ്യാപാരബന്ധത്തില്‍ ഊഷ്മളത കൊണ്ടുവന്നേക്കാമെങ്കിലും ഇതിനകം തന്നെ വന്നിട്ടുള്ള പരിക്കുകള്‍ മാറ്റാന്‍ അത്രകണ്ട് പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഇരുവരും പരസ്പരം ഏര്‍പ്പെടുത്തിയ നിരവധി തീരുവകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ചൈനയ്ക്ക് യുഎസ്സില്‍ നിന്നുള്ള ഡിമാന്‍ഡ് കുറഞ്ഞതോടെ സംഭവിച്ച സാമ്പത്തികനഷ്ടം വലുതാണ്. ഇക്കാരണത്താല്‍ തന്നെ വലിയ ഏറ്റമുട്ടലുകള്‍ക്ക് നില്‍ക്കാതെ സാധ്യമായ പരിഹാരം കാണുകയെന്നത് ചൈനയുടെയും ആവശ്യമാണ്.

അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന 360 ബില്യണ്‍ ഡോളറിന്റെ ഉല്‍പന്നങ്ങളില്‍ ഇപ്പോഴും ഉയര്‍ന്ന തീരുവ നിലനില്‍ക്കുന്നുണ്ട്. യുഎസ്സിന്റെ 100 ബില്യണ്‍ ഡോളര്‍ കയറ്റുമതിയിലും ഉയര്‍ന്ന തീരുവയുണ്ട്. വ്യാപാരയുദ്ധം വരുത്തിവെച്ച കെടുതികള്‍ ഈ ഉടമ്പടിയോടെ അവസാനിക്കില്ലെന്നതാണ് വസ്തുത.

ചൈനയും അമേരിക്കയും തമ്മില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ബൗദ്ധിക സ്വത്തവകാശ പ്രശ്നങ്ങളില്‍ ഗൗരവമേറിയ മുന്നേറ്റങ്ങളുണ്ടാക്കാന്‍ തനിക്ക് സാധിച്ചതായി ട്രംപ് പറയുന്നുണ്ട്. ഇത്തരം നിയമങ്ങളുടെ ലംഘനങ്ങള്‍ക്ക് ഉയര്‍ന്ന പിഴയീടാക്കാന്‍ ചൈന സമ്മതിച്ചതായാണ് ട്രംപ് പറയുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ശീതസമരം തുടങ്ങിയതിനു പിന്നില്‍ ഇതൊരു കാരണമായിരുന്നു. അതെസമയം, ചൈന ചില വ്യവസായങ്ങള്‍ക്ക് നല്‍കിവരുന്ന സബ്സിഡികള്‍ ഒഴിവാക്കണമെന്ന ആവശ്യം ട്രംപിനുണ്ടായിരുന്നത് കാര്യമായി പരിഗണിക്കപ്പെട്ടിട്ടില്ല. പുതിയ ഉടമ്പടിയില്‍ ഈ വിഷയത്തെ അഭിസംബോധന ചെയ്തിട്ടില്ല.


Next Story

Related Stories