സെനറ്റും പ്രതിനിധി സഭയും പാസാക്കിയ 900 ബില്യണ്‍ ഡോളറിന്റെ കോവിഡ് ഉത്തേജക പാക്കേജ് അംഗീകരിക്കാതെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പാക്കേജ് അപമാനകരമാണെന്നും അമേരിക്കക്കാര്‍ക്ക് ട്രിപ്പിള്‍ റിലീഫ് പേയ്മെന്റിനേക്കാള്‍ കൂടുതല്‍ തുക നല്‍കണമെന്നുമാണ് ട്രംപ് അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇരു സഭകളും പാസാക്കിയ ബില്ലില്‍ ഒപ്പിടില്ലെന്ന് പറഞ്ഞിട്ടില്ലെങ്കിലും നിയമനിര്‍മാണം അംഗീകരിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
ഇത് ശരിക്കും അപമാനമാണെന്നാണ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയ സന്ദേശത്തില്‍ ട്രംപ് പറഞ്ഞു. 'ബില്‍ ഭേദഗതി ചെയ്ത് തുശ്ചമായ 600 ഡോളറില്‍നിന്ന് 2000 ഡോളര്‍ ഉയര്‍ത്തുകയോ ദമ്പതികള്‍ക്ക് 4000 ഡോളറായി ഉയര്‍ത്തുകയോ വേണമെന്ന് കോണ്‍ഗ്രസിനോട് ഞാന്‍ ആവശ്യപ്പെടുന്നു. നിയമനിര്‍മാണത്തിലെ അനാവശ്യവും പാഴായതുമായ നിര്‍ദേശങ്ങള്‍ മാറ്റി അനുയോജ്യമായ ബില്‍ എനിക്ക് അയച്ചുതരാനും കോണ്‍ഗ്രസിനോട് പറയുന്നു'- ട്രംപ് കൂട്ടിച്ചേര്‍ത്തു.
കോവിഡ് മരണഭീതിക്കൊപ്പം ജോലി മേഖലയെയും സമ്പദ്വ്യവസ്ഥയെയും സാരമായി ബാധിച്ചതിനെത്തുടര്‍ന്നാണ് മാസങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ഉത്തേജക പാക്കേജ് കോണ്‍ഗ്രസിന്റെ ഇരുസഭകളും പാസാക്കിയത്. കോവിഡിനെത്തുടര്‍ന്ന് തൊഴില്‍ രഹിതരായവര്‍ക്ക് നല്‍കിവരുന്ന തൊഴിലില്ലായ്മ ആനുകൂല്യങ്ങളുടെ കാലാവധി തീരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയായിരുന്നു കോണ്‍ഗ്രസിന്റെ പുതിയ നീക്കം. തൊഴില്‍ നഷ്ടപ്പെട്ടവര്ക്കൊപ്പം വാടക സഹായത്തിനും ചെറുകിട ബിസിനസുകാര്‍ക്കും സഹായം ലഭ്യമാക്കാന്‍ വ്യവസ്ഥ ചെയ്യുന്നതായിരിന്നു പുതിയ ഉത്തേജക പാക്കേജ്.