TopTop

'ബലാത്സംഗം ചെയ്തയാളെ വിവാഹം ചെയ്യൂ', വിവാദ നിയമവുമായി വീണ്ടും തുർക്കി

'മാരി-യുവർ-റേപ്പിസ്റ്റ്' എന്ന വിവാദ ബില്ലുമായി തുർക്കി സർക്കാർ വീണ്ടും പാർലമെന്റിലേക്ക്. 18 വയസ്സിന് താഴെയുള്ള പെൺകുട്ടിളെ ലൈംഗികമായി പീഡിപ്പിക്കുന്ന പുരുഷന്മാർ ഇരകളെ വിവാഹം കഴിച്ചാൽ ശിക്ഷയിൽ നിന്നും ഒഴിവാക്കാൻ അനുവദിക്കുന്ന നിയമമാണ് തുർക്കി പാർലമെന്റിൽ അവതരിപ്പിക്കാൻ പോകുന്നത്. ബില്ലിനെതിരെ അന്താരാഷ്ട്ര തലത്തിൽ വ്യാപക പ്രതിഷേധം ഉയർന്നു കഴിഞ്ഞു. നാലുവര്‍ഷം മുന്‍പ് ആദ്യമായി ഈ ബില്ല് അവതരിപ്പിക്കപ്പെട്ടപ്പോള്‍ രാജ്യത്തിനകത്തും പുറത്തും നിന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സര്‍ക്കാരിന് ബില്ല് പിന്‍വലിക്കേണ്ടിവന്നു.

ബാലവിവാഹവും ബലാത്സംഗവും നിയമാനുസൃതമാക്കുക മാത്രമല്ല, കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനും ലൈംഗിക ചൂഷണത്തിനും വഴിയൊരുക്കുകയും ചെയ്യുന്ന ബില്ലാണിതെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. ബില്ല് അന്താരാഷ്‌ട്ര നിയമങ്ങളുടെ ലംഘനമാണെന്നും, ഇരകള്‍ കൂടുതല്‍ ഉപദ്രവിക്കപ്പെടാനാണ് അത് വഴിയൊരുക്കുകയെന്നും ഐക്യരാഷ്ട്ര സംഘടനകള്‍ മുന്നറിയിപ്പ് നൽകി.

അതേസമയം, തുർക്കിയില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ബാലവിവാഹമെന്ന പ്രശ്‌നത്തെ നേരിടാനാണ് ഈ ബില്ല് രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് പ്രസിഡന്റ് റജബ് തയ്യിപ് എർദോഗന്റെ കൺസർവേറ്റീവ് ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാർട്ടി (എകെപി) പറഞ്ഞു. എന്നാല്‍, പെൺകുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ വർദ്ധിച്ചുവരുന്ന അക്രമത്തിന്റെ തെളിവുകൾ മായ്ക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ബില്ലെന്ന് 'വി വില്‍ സ്റ്റോപ്പ് ഫെമിസൈഡ്' എന്ന ആക്ടിവിസ്റ്റ് ഗ്രൂപ്പിന്റെ ജനറൽ സെക്രട്ടറി ഫിദാൻ അറ്റാസെലിം പറഞ്ഞു.

സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തുർക്കിയിൽ വ്യാപകമാണ്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് 38 ശതമാനം തുർക്കി സ്ത്രീകളും പങ്കാളിയിൽ നിന്ന് ശാരീരികമോ ലൈംഗികമോ ആയ അതിക്രമങ്ങൾ അനുഭവിക്കുന്നുണ്ട്. 2017-ൽ രാജ്യത്ത് പങ്കാളിയില്‍നിന്നോ കുടുംബത്തില്‍നിന്നോ ഉള്ള അക്രമങ്ങളുടെ ഫലമായി 409 സ്ത്രീകള്‍ കൊല്ലപ്പെട്ടതായി വി വില്‍ സ്റ്റോപ്പ് ഫെമിസൈഡ് പറയുന്നു.

'പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള തുല്യത പ്രകൃതി വിരുദ്ധമാണെന്ന്' 2014-ൽ ഇസ്താംബൂളിൽ നടന്ന ഉച്ചകോടിക്കിടെ പറഞ്ഞ ആളാണ്‌ തുർക്കി പ്രസിഡന്റ് റജബ് തയ്യിപ് എർദോഗന്‍. ബില്ലിന്റെ ഉദ്ദേശ്യത്തെ വിമർശകർ വളച്ചൊടിക്കുകയാണെന്നാണ് എർദോഗന്‍റെ സര്‍ക്കാര്‍ പറയുന്നത്. 'നിയമപരമായ പ്രായം എത്തുന്നതിനുമുമ്പ് വിവാഹം കഴിക്കുന്നവരുണ്ട്. അവർക്ക് നിയമം അറിയില്ല, ഈ അനീതിയിൽ നിന്ന് മുക്തി നേടാനാണ് മാരി-യുവർ-റേപ്പിസ്റ്റ് ബില്ലെന്നാണ്' മുന്‍ പ്രധാനമന്ത്രിവരെ പറയുന്നത്.


Next Story

Related Stories