Top

സിറിയയിലെ ആക്രമണം - തുർക്കി മന്ത്രാലയങ്ങൾക്ക് യുഎസ് ഉപരോധം ഏർപ്പെടുത്തി

സിറിയയിലെ ആക്രമണം - തുർക്കി മന്ത്രാലയങ്ങൾക്ക് യുഎസ് ഉപരോധം ഏർപ്പെടുത്തി

വടക്കൻ സിറിയയിൽ നടക്കുന്ന സൈനിക നീക്കത്തിന് മറുപടിയായി രണ്ട് തുർക്കി മന്ത്രാലയങ്ങൾക്കും മൂന്ന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർക്കും യുഎസ് ഉപരോധം ഏര്‍പ്പെടുത്തി. സൈനിക നീക്കം അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ട്രംപ് തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് എര്‍ദോഗാനുമായി ഫോണിലൂടെ സംസാരിച്ചുവെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് പറഞ്ഞു. താൻ കഴിയുന്നത്ര വേഗത്തിൽ സംഘര്‍ഷ പ്രദേശത്തേക്ക് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ, സിറിയന്‍ സൈന്യവും വടക്കുകിഴക്കൻ പ്രദേശങ്ങളിലേക്ക് പ്രവേശിച്ചു. തുര്‍ക്കിക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കാനാണ് ഉദ്ദേശ്യമെങ്കില്‍ സിറിയ മറ്റൊരു രക്തരൂക്ഷിത ആഭ്യന്തര യുദ്ധത്തിലേക്കാവും വഴുതിവീഴുക.

കുർദ് നേതൃത്വത്തിലുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസ് (എസ്ഡിഎഫ്) നിയന്ത്രണത്തിലുള്ള പ്രദേശത്താണു തുര്‍ക്കി സൈനിക നീക്കം ശക്തമാക്കിയത്. അതോടെ പിടിച്ചുനിൽക്കാനായി കുർദുകൾ സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദിന്റെ സഹായം തേടുകയായിരുന്നു. തുടര്‍ന്നാണ്‌ സിറിയന്‍ സൈന്യം സംഘര്‍ഷ മേഖല ലക്ഷ്യമാക്കി നീങ്ങാന്‍ തുടങ്ങിയത്. ആക്രമണം ആറാം ദിവസവും കടന്നതോടെ സിറിയയിൽ നിന്ന് 160,000 ആളുകൾ പലായനം ചെയ്തതായി ഐക്യരാഷ്ട് സംഘടന അറിയിച്ചു. കുർദ് സായുധ സേനയായ വൈപിജിയിലെ 480 പേരെ വധിച്ചുവെന്ന് തുർക്കി ആഭ്യന്തര മന്ത്രാലയം അവകാശപ്പെടുന്നുണ്ട്.

തങ്ങളുടെ അതിർത്തി പ്രദേശത്ത് നിന്നും കുർദിഷ് സേനയെ തുരത്തി 'സുരക്ഷിത മേഖല' പുനസ്ഥാപിക്കുക എന്നതുമാത്രമാണ് സൈനിക നീക്കംകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് തുർക്കി പറയുന്നു. സിറിയന്‍ അതിര്‍ത്തിക്കുള്ളില്‍ 30 കിലോമീറ്ററോളം ഉള്ളിലേക്ക് തുര്‍ക്കി സൈന്യം പ്രവേശിച്ചുകഴിഞ്ഞു. കുര്‍ദ് ഭൂരിപക്ഷ പ്രദേശമായ അവിടെ രണ്ട് ദശലക്ഷത്തോളം വരുന്ന സിറിയൻ അഭയാർഥികളെ പുനരധിവസിപ്പിക്കാനാണ് തുര്‍ക്കിയുടെ പദ്ധതി. എന്നാല്‍ അത് പ്രാദേശിക കുർദിഷ് ജനതയുടെ വംശീയ ഉന്മൂലനത്തിന് കാരണമാകുമെന്ന് വിമർശകർ മുന്നറിയിപ്പ് നൽകുന്നു.

അതേസമയം, തുർക്കിയിലെ യുഎസ് വ്യോമതാവളത്തിൽ സൂക്ഷിച്ചിരിക്കുന്ന 50 അണുബോംബുകളാകും അക്രമം അവസാനിപ്പിക്കുന്നതില്‍ വലിയ വിലപേശല്‍ ശക്തിയാവുക. കഴിഞ്ഞദിവസം യൂറോപ്യൻ യൂണിയന്‍ തുർക്കിക്കുമേല്‍ ആയുധ ഉപരോധം പ്രഖ്യാപിച്ചു. എന്നാല്‍ തുർക്കിയെ ഒറ്റപ്പെടുത്താനുള്ള പാശ്ചാത്യ ശ്രമങ്ങളോട് ആക്രമണാത്മകമായി പ്രതികരിക്കുമെന്നാണ് എർദോഗൻ പറയുന്നത്. 'തുടങ്ങിവച്ച പ്രവര്‍ത്തി അവസാനംവരെ തുടരാന്‍ തന്നെയാണ് തീരുമാനം. അത് പൂര്‍ത്തിയാക്കുക തന്നെ ചെയ്യും'- എര്‍ദോഗാന്‍ പറഞ്ഞു.


Next Story

Related Stories