TopTop
Begin typing your search above and press return to search.

വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് രക്തം കട്ടപിടിച്ചു; മുപ്പതു വയസില്‍ താഴെയുള്ളവര്‍ക്ക് പുതിയ വാക്‌സിന്‍, പ്രതികരിച്ച് യൂറോപ്യന്‍ യൂണിയന്‍

വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് രക്തം കട്ടപിടിച്ചു; മുപ്പതു വയസില്‍ താഴെയുള്ളവര്‍ക്ക് പുതിയ വാക്‌സിന്‍, പ്രതികരിച്ച് യൂറോപ്യന്‍ യൂണിയന്‍

വാക്‌സിന്‍ സ്വീകരിച്ചവരില്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യത പരിഗണിച്ച് ബ്രിട്ടനിൽ മുപ്പതു വയസില്‍ താഴെയുള്ളവര്‍ക്ക് ആസ്ട്ര സെനിക്ക വാക്‌സീനു പകരം പുതിയ വാക്‌സീന്‍ നല്‍കാന്‍ തീരുമാനം. ഇതുവരെ ആസ്ട്രാ സെനിക്ക വാക്‌സിന്‍ നല്‍കിയവരില്‍ 79 പേര്‍ക്ക് രക്തം കട്ടപിടിക്കുന്ന പാര്‍ശ്വഫലം കണ്ടെത്തുകയും ഇതില്‍ 19 പേര്‍ മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് റഗുലേറ്ററുടെ നിര്‍ദേശപ്രകാരമുള്ള പുതിയ നീക്കം.

അതേസമയം വാക്‌സിന്റെ പാര്‍ശ്വഫലങ്ങളെ സംബന്ധിച്ച റിപ്പോര്‍ട്ടുകളില്‍ യുറോപ്യന്‍ യൂണിയന്‍ പ്രതികരണം അറിയിച്ചിട്ടുണ്ട്. യുറോപ്യന്‍ മെഡിസിന്‍ ഏജന്‍സിയാണ് വിശദീകരണം നല്‍കിയത്. ആസ്ട്ര സെനിക്ക വാക്‌സിന്‍ നല്‍കിയവരില്‍ വളരെ കുറച്ച് പേര്‍ക്ക് മാത്രമേ രക്തം കട്ടപിടിക്കുന്ന പ്രശ്‌നം കണ്ടെത്തിയിട്ടുള്ളുവെന്ന് ഏജന്‍സി വ്യക്തമാക്കി. 200 മില്യണ്‍ ജനങ്ങള്‍ക്ക് ലോകവ്യാപകമായി ആസ്ട്ര സെനിക്ക വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ വളരെ കുറച്ച് പേര്‍ക്ക് മാത്രമാണ് പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയത്. വാക്‌സിന്റെ സുരക്ഷിതത്വം സംബന്ധിച്ച് ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കണമെന്നും യുറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളോട് നിര്‍ദേശിച്ചു.

വാക്‌സിന്‍ നല്‍കിയവരില്‍ രക്തം കട്ടപിടിക്കുന്ന പാര്‍ശ്വഫലം കണ്ടെത്തിയെങ്കിലും ഇവരില്‍ രക്തം കട്ടപിടിച്ചത് വാക്‌സിനേഷന്‍ മൂലമാണെന്ന് ഇനിയും സ്ഥിരീകരിക്കാനായിട്ടില്ലെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. എങ്കിലും മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രോഡക്ട്‌സ് റഗുലേറ്ററി ഏജന്‍സിയുടെ ബ്രിട്ടനില്‍ മുപ്പതു വയസില്‍ താഴെയുള്ളവര്‍ക്ക് പുതിയ വാക്‌സീന്‍ നല്‍കാന്‍ ആലോചിക്കുന്നത്.

ബ്രിട്ടനില്‍ മൂന്നുകോടിയിലധികം ആളുകള്‍ക്ക് ഇതുവരെ കോവിഡ് വാക്‌സിന്റെ ആദ്യഡോസ് നല്‍കിക്കഴിഞ്ഞു. ആദ്യം വാക്‌സീന്‍ സ്വീകരിച്ചവര്‍ക്കെല്ലാം രണ്ടാം ഡോസും നല്‍കുന്നുണ്ട്. വാക്‌സിനേഷന്‍ പുരോഗമിക്കുന്തോറും മരണനിരക്കും രോഗവ്യാപനവും ഗണ്യമായി കുറയുന്നുണ്ട്. 2763 പേര്‍ക്കു മാത്രമാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 45. 3536 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ഇപ്പോള്‍ കോവിഡ് ബാധിതരായി ചികില്‍സയിലുള്ളത്.


Next Story

Related Stories