TopTop
Begin typing your search above and press return to search.

കാലാവസ്ഥാ വ്യതിയാനം: നടപടികളിൽ യാതൊരു പുരോഗതിയുമില്ലാതെ മാഡ്രിഡ് ഉച്ചകോടി അവസാനിച്ചു

കാലാവസ്ഥാ വ്യതിയാനം: നടപടികളിൽ യാതൊരു പുരോഗതിയുമില്ലാതെ മാഡ്രിഡ് ഉച്ചകോടി അവസാനിച്ചു

ദിവസങ്ങൾ നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിലും പ്രതീക്ഷ നൽകുന്ന തീരുമാനങ്ങളോ ഉടമ്പടികളോ ഇല്ലാതെ മാഡ്രിഡിലെ കാലാവസ്ഥാ ഉച്ചകോടി സമാപിച്ചു. 2015 ലെ പാരീസ് ഉടമ്പടിയുടെ നിബന്ധനകൾക്ക് അനുസൃതമായി ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നത് കുറയ്ക്കുന്നതിന് കൂടുതൽ ഫലപ്രദമായ നടപടികൾ ആസൂത്രണം ചെയ്യാൻ ഉച്ചകോടിക്ക് കഴിഞ്ഞില്ല. സ്കോട്‌ലാൻഡിലെ ഗ്ലാസ്ഗോയിൽ അടുത്ത വർഷം ചേരുന്ന ഉച്ചകോടിയിലെ ഇനി ഇക്കാര്യത്തിൽ ചർച്ചയുണ്ടാകൂ എന്നാണ് സൂചന.

പാരീസ് കരാര്‍ യാഥാര്‍ഥ്യമാക്കുന്നതിന് കാലാനുസൃതമായി നവീകരിച്ച പദ്ധതികളുമായി കുറച്ച് രാജ്യങ്ങൾ ഈ വർഷത്തെ ചർച്ച സജീവമാക്കിയിരുന്നു. 2050-ഓടെ കാർബൺ ബഹിർഗമനത്തിന്റെ തോത് പൂജ്യമാക്കണമെന്ന ദീർഘകാല ലക്ഷ്യത്തെ യൂറോപ്യൻ യൂണിയൻ അംഗീകരിച്ചു. അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നുവെങ്കിലും ആഗോളതാപനം കുറയ്ക്കാൻ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കണമെന്ന് ഒട്ടുമിക്ക രാജ്യങ്ങളും അഭിപ്രായപ്പെട്ടു. വെള്ളിയാഴ്ച അവസാനിക്കേണ്ട ചർച്ച അഭിപ്രായ ഐക്യത്തിലെത്താൻ കഴിയാത്തതിനെത്തുടർന്ന് ഞായറാഴ്ച വരെ നീളുകയായിരുന്നു. കാർബൺ മാർക്കറ്റ്, ഭൗമതാപനില ഉയരുന്നതുകൊണ്ടുള്ള നഷ്ടം നികത്തല്‍ തുടങ്ങിയ വിഷയങ്ങളിലാണ് കടുത്ത അഭിപ്രായഭിന്നത നിലനിന്നത്.

അതോടെ, നൂറ്റാണ്ടിന്‍റെ അവസാനത്തോടെ ആഗോളതാപനം കുറയ്ക്കാൻ ലക്ഷ്യമിടുന്ന പാരീസ് ഉടന്പടി സംബന്ധിച്ച അന്തിമധാരണ ഉണ്ടാകുമെന്ന പ്രതീക്ഷയാണ് വിഫലമായത്. ആഗോളതാപനത്തിന്‍റെ കെടുതികൾ നേരിടേണ്ടിവരുന്ന ചെറുദ്വീപ് രാജ്യങ്ങൾക്ക് നഷ്ടപരിഹാരം നല്കണമെന്നതിൽ പൊതു ധാരണയുണ്ടായി. ഹരിതഗ്രഹ വാതകങ്ങളുടെ പുറംതള്ളൽ കുറയ്ക്കാൻ രാജ്യങ്ങൾ നടപടി എടുക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ചിലി-മാഡ്രിഡ് ടൈം ആക്‌ഷൻ പ്രഖ്യാപനമാണ് ഉച്ചകോടി ഭാഗികമായെങ്കിലും ബാക്കിവെച്ചത്. പാരീസ് കരാർ വൈകിപ്പിക്കുന്നത് ഓസ്ട്രേലിയ, യു.എസ്., കാനഡ, ബ്രസീൽ, ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളാണെന്ന് ചെറുദ്വീപുരാജ്യങ്ങളുടെ സഖ്യത്തിലെ (എ.ഒ.എസ്.ഐ.എസ്) അംഗങ്ങള്‍ ആരോപിച്ചിരുന്നു.

ഭൗമതാപനിലയിലെ വർധന രണ്ടുഡിഗ്രി സെൽഷ്യൽസിൽ അധികമാകാതിരിക്കാൻ നടപടി സ്വീകരിക്കുകയെന്നതാണ് 2015-ൽ വന്ന പാരീസ് ഉടമ്പടിയുടെ പ്രധാനലക്ഷ്യം. എന്നാൽ, ഇത്തവണയും 200 രാജ്യങ്ങളിലെ പ്രതിനിധികൾ രണ്ടാഴ്ച മാരത്തൺ ചർച്ചകളിൽ ഏർപ്പെട്ടെങ്കിലും തീരുമാനങ്ങളൊന്നും ഉണ്ടായില്ല. ചിലിയാണ് ഉച്ചകോടിക്ക് അധ്യക്ഷത വഹിച്ചത്. ചിലിയിലെ ജനകീയ പ്രക്ഷോഭം മൂലം ഉച്ചകോടി മാഡ്രിഡിലേക്ക് മാറ്റുകയായിരുന്നു. കാലാവസ്ഥാവ്യതിയാനം നേരിടുന്നതിനും കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനുമായി പുതിയ നടപടികൾ നിർബന്ധിതമായി കൈക്കൊള്ളേണ്ട ഉച്ചകോടിയാണ് അതൊന്നുമില്ലാതെ അവസാനിച്ചത്.


Next Story

Related Stories