Top

ചരക്കുതീരുവകളുടെ ഒരു ഭാഗം പിൻവലിക്കാൻ യുഎസ്സും ചൈനയും ധാരണയായി; വ്യാപാരയുദ്ധത്തിന് ശമനമാകുന്നു

ചരക്കുതീരുവകളുടെ ഒരു ഭാഗം പിൻവലിക്കാൻ യുഎസ്സും ചൈനയും ധാരണയായി; വ്യാപാരയുദ്ധത്തിന് ശമനമാകുന്നു

അമേരിക്ക- ചൈന വ്യാപാര യുദ്ധത്തിന് പരിഹാരമാകുന്നു. അതിന്‍റെ ഭാഗമായി ഇരു രാജ്യങ്ങളും പരസ്പരം ഏര്‍പ്പെടുത്തിയ ചരക്കുതീരുവയുടെ ഒരു ഭാഗം പിൻ‌വലിക്കാന്‍ സമ്മതിച്ചതായി അമേരിക്കയും ചൈനയും വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള സാമ്പത്തിക പിരിമുറുക്കങ്ങൾ പരിഹരിക്കുന്നതിനുള്ള സുപ്രധാന നടപടിയായി പുതിയ നീക്കത്തെ സാമ്പത്തിക വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.

കരാർ ഇതുവരെയും പൂർത്തിയായിട്ടില്ല. അതുകൊണ്ടുതന്നെ കൂടുതല്‍ ചര്‍ച്ചകളിലേക്ക് കടക്കുമ്പോള്‍ നേരത്തെ പലതവണ സംഭവിച്ചതുപോലെ കരാര്‍ പരാജയപ്പെടാനും സാധ്യതയുണ്ട്. എന്നാല്‍, കരാറിലെത്താന്‍ ഔദ്യോഗികമായി തീരുമാനമായാല്‍ ലോകത്തെ ആകെ പ്രതിസന്ധിയിലാക്കി മുന്നോട്ട് പോകുന്ന വ്യാപാര യുദ്ധത്തിന് അവസാനമായേക്കും.

ഇതാദ്യമായാണ് 360 ബില്യൺ ഡോളർ മൂല്യമുള്ള ചൈനീസ് സാധനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന താരിഫില്‍ അല്‍പമെങ്കിലും ഇളവനുവദിക്കാന്‍ അമേരിക്കന്‍ ഭരണകൂടം സമ്മതിക്കുന്നത്. 156 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ചൈനീസ് ഉത്പ്പന്നങ്ങള്‍ക്ക് മേല്‍ ഡിസംബര്‍ 15മുതല്‍ പുതിയ നികുതി ചുമത്തുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിട്ടുമുണ്ട്. നിലവിലെ ധാരണപ്രകാരം ആ തീരുമാനത്തില്‍ നിന്നും അമേരിക്ക പിറകോട്ട് പോകുമെന്നും, ഇരുരാജ്യങ്ങളും പരസ്പരം ചുമത്തിയ തീരുവ ഘട്ടംഘട്ടമായി കുറക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് ചൈനീസ് വാണിജ്യമന്ത്രാലയം. തീരുമാനം എന്ന് മുതല്‍ പ്രാബല്യത്തിലാകുമെന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല.

അതേസമയം, അമേരിക്ക- ചൈന വ്യാപാര യുദ്ധം അവസാനിച്ചേക്കുമെന്ന സൂചനകളെ തുടര്‍ന്ന് ഹോങ്കോങ്ങിന്റെ ഹാംഗ് സെങ് സൂചിക 0.7 ശതമാനവും എസ് ആന്റ് ഫ്യൂച്ചറുകൾ 0.5 ശതമാനമായും ഉയർന്നു. മറ്റ് ഓഹരികളും മെച്ചപ്പെട്ടു. യുവാൻ മൂല്യത്തിലും മുന്നേറ്റം ഉണ്ടായി. കഴിഞ്ഞ സെപ്തംബര്‍ ഒന്ന് മുതല്‍ 125 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഉത്പന്നങ്ങള്‍ക്ക് മേല്‍ ചുമത്തിയ അധിക നികുതിയില്‍ 15 ശതമാനം കുറക്കണമെന്നാണ് ചര്‍ച്ചയില്‍ ചൈന പ്രധാനമായും ആവശ്യപ്പെട്ടത്. കൂടാതെ 250 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഉത്പന്നങ്ങള്‍ക്കുമേലുള്ള 25 ശതമാനം നികുതിയും കുറക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് എത്രത്തോളം യുഎസ് അംഗീകരിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.

ചില താരിഫുകൾ മാത്രം പിൻ‌വലിക്കുന്ന തരത്തില്‍ ഒരു കരാര്‍ യാഥാര്‍ഥ്യമായാല്‍ അത് ട്രംപിന്‍റെ രാഷ്ട്രീയ വിജയമായി വ്യാഖ്യാനിക്കപ്പെട്ടേക്കും. ചര്‍ച്ചയില്‍ മേല്‍ക്കോയ്മ നിലനിര്‍ത്തിക്കൊണ്ടുതന്നെ കമ്പോളങ്ങൾ തുറക്കാനും കൂടുതൽ അമേരിക്കൻ കാർഷികോൽപ്പന്നങ്ങൾ വാങ്ങാനും ചൈനയെ നിർബന്ധിച്ചുവെന്ന് വരുത്തിതീര്‍ക്കാനും ട്രംപിന് സാധിക്കും. എന്നാൽ, കൂടുതൽ കാര്യമായ പ്രതിബദ്ധതകളൊന്നും ഇല്ലാതെ താരിഫ് നീക്കംചെയ്യുന്നത് ചൈനീസ് സമ്മര്‍ദ്ധത്തിനുമുന്നില്‍ മുട്ടുമടക്കുന്നതിനു തുല്യമാണെന്ന വിമര്‍ശവും ഉയരും. എന്തായാലും, ഈമാസംതന്നെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങും ഇടക്കാല വ്യാപാര കരാറില്‍ ഒപ്പുവെച്ചേക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


Next Story

Related Stories