TopTop
Begin typing your search above and press return to search.

"മാസ്കുകള്‍ ഞങ്ങള്‍ക്ക് വേണം": കാനഡയിലേക്കുള്ള കയറ്റുമതി തടഞ്ഞ് ട്രംപ്

"മാസ്കുകള്‍ ഞങ്ങള്‍ക്ക് വേണം": കാനഡയിലേക്കുള്ള കയറ്റുമതി തടഞ്ഞ് ട്രംപ്

കാനഡയിലേക്ക് കയറ്റുമതി ചെയ്യുകയായിരുന്ന 30 ലക്ഷം എന്‍95 മാസ്കുകള്‍ യുഎസ് അധികൃതര്‍ തടഞ്ഞുവെച്ചു. കാനഡയിലെ ജനസാന്ദ്രതയേറിയ ഒന്റേറിയോ പ്രവിശ്യയിലേക്ക് കയറ്റി അയയ്ക്കാന്‍ തയ്യാറെടുക്കവെയാണ് അധികാരികള്‍ തടഞ്ഞത്. ഒന്റേറിയോയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ മാസ്കുകള്‍ നിലവില്‍ ലഭ്യമല്ലാത്ത സ്ഥിതിയുണ്ട്.

രാജ്യത്ത് 1950ലെ ഡിഫന്‍സ് പ്രൊഡക്ഷന്‍ നിയമം നടപ്പാക്കിയിരിക്കുകയാണ്. വെള്ളിയാഴ്ച മുതല്‍ നടപ്പാക്കിയ ഈ നിയമപ്രകാരം സുരക്ഷാവസ്ത്രങ്ങളുടെ കയറ്റുമതി അധികാരികള്‍ക്ക് തടയാന്‍ സാധിക്കും. കാന‍ഡ, ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കാണ് യുഎസ്സില്‍ നിന്ന് എന്‍95 മാസ്കുകള്‍ ഏറെയും കയറ്റുമതി ചെയ്യുന്നത്.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എന്‍95 മാസ്കുകള്‍ ഒഴിവാക്കാനാകാത്തതാണ്. ഇത് മാത്രമേ വൈറസ് അകത്തു ചെല്ലുന്നതിനെ കാര്യക്ഷമമായി തടയൂ. വായു വഴിയുള്ള വൈറസിന്റെ കടക്കലിനെ 95% വരെ തടയാന്‍ ഇത്തരം മാസ്കുകള്‍ക്ക് സാധിക്കും. അതെസമയം ലോകരാജ്യങ്ങളിലെല്ലാം ഇത്തരം മാസ്കുകള്‍ക്ക് ആവശ്യക്കാര്‍ കൂടിയതോടെ കടുത്ത ക്ഷാമം തുടരുകയാണ്. ആവശ്യക്കാര്‍ക്കനുസരിച്ചുള്ള ഉല്‍പാദനം നിലവിലില്ല.

മാസ്കുകള്‍ ആര്‍ക്കും വിട്ടു കൊടുക്കില്ലെന്ന് യുഎസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ആര്‍ക്കും മാസ്കുകള്‍ കൊടുക്കാന്‍ കഴിയില്ല. തങ്ങള്‍ക്കു തന്നെ ആവശ്യമുണ്ട്. അതുകൊണ്ട് ഡിഫന്‍സ് പ്രൊഡക്ഷന്‍ നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ജര്‍മനി ഓര്‍ഡര്‍ ചെയ്ത മാസ്കുകള്‍ യുഎസ് തട്ടിയെടുത്തതു സംബന്ധിച്ച വാര്‍ത്തകളും വന്നിരുന്നു. ഇന്ത്യയിലും കാര്യമായ മാസ്ക് ക്ഷാമം നിലവിലുണ്ട്. സാധാരണ നിലവാരത്തിലുള്ള മാസ്കുകളും ലഭ്യമല്ല. ഇക്കാരണത്താല്‍ നാടന്‍ മാസ്കുകള്‍ ഉപയോഗിക്കാനാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം.


Next Story

Related Stories