Top

ഇടത്തോട്ട് ചായുന്നത് അപകടമെന്ന ഒബാമയുടെ മുന്നറിയിപ്പ് ഡെമോക്രാറ്റ് പ്രസിഡൻ്റ് സ്ഥാനാർത്ഥികൾ തള്ളി

ഇടത്തോട്ട് ചായുന്നത് അപകടമെന്ന ഒബാമയുടെ മുന്നറിയിപ്പ് ഡെമോക്രാറ്റ് പ്രസിഡൻ്റ് സ്ഥാനാർത്ഥികൾ തള്ളി

ഇടതുപക്ഷ ചായ് വുമായി ബന്ധപ്പെട്ട് മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ വിമർശനങ്ങളും മുന്നറിയിപ്പും 2020-ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിരിക്കുന്ന ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥികൾ നിരസിച്ചു. രാഷ്ട്രീയമായി ഇടതുപക്ഷത്തേക്ക് കൂടുതല്‍ ചായുകയാണെങ്കില്‍ അത് വോട്ടര്‍മാരെ പാര്‍ട്ടിയില്‍ നിന്നും അകറ്റുമെന്ന് പ്രസിഡന്റ് സ്ഥാനാർത്ഥികൾക്ക് ഒബാമ മുന്നറിയിപ്പ് നല്‍കിയിരുന്നു. മിക്ക വോട്ടർമാരും നിലവിലെ സംവിധാനം തകർന്നു കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ അഭിപ്രായം. ഒബാമ ഏതെങ്കിലും സ്ഥാനാർത്ഥിയുടെ പേരെടുത്ത് പരാമർശിക്കുകയോ നിർദ്ദിഷ്ട നയ നിർദ്ദേശങ്ങളെ വിമർശിക്കുകയോ ചെയ്തിയ്തിരുന്നില്ല.

എന്നാല്‍, ഏറ്റവും കൂടുതല്‍ ഇടതുപക്ഷ ചായ്വ് പ്രകടിപ്പിക്കുന്നവരും, മുന്‍നിര സ്ഥാനാര്‍ത്ഥികളുമായ ബെർണി സാണ്ടേഴ്‌സ്, എലിസബത്ത് വാറൻ എന്നിവരെയാണ് ഒബാമ വിമർശിച്ചതെന്ന് വ്യക്തമാണ്. അമേരിക്കക്കാരുടെ ജീവിതത്തിൽ സര്‍ക്കാര്‍ സംവിധാനങ്ങളുടെ സ്വാധീനം നാടകീയമായി മാറ്റുന്ന തരത്തിലുള്ള വലിയ ഘടനാപരമായ മാറ്റങ്ങളും നയ വ്യതിയാനങ്ങളും നിരന്തരം ആവശ്യപ്പെടുന്നവരാണ് സാണ്ടേഴ്‌സും വാറനും.

ഡൊണാൾഡ് ട്രംപിനെ അധികാരത്തില്‍ നിന്നും പുറത്താക്കുക എന്നതാണ് ലക്ഷ്യമെന്നും, ഇടതുപക്ഷ ചായ്‌വ് പ്രകടിപ്പിക്കുന്നവര്‍ സ്ഥാനാര്‍ത്ഥികളായാല്‍ മിതവാദികളേയും സ്വതന്ത്ര വോട്ടർമാരെയും അത് പാര്‍ട്ടിയില്‍നിന്നും അകറ്റുമെന്നും പാർട്ടിയുടെ കേന്ദ്രവിഭാഗം മാസങ്ങളായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 'നിലവിലുള്ള സിസ്റ്റത്തെ പൂർണ്ണമായും മാറ്റിമറിക്കണമെന്ന് ഒരു ശരാശരി അമേരിക്കക്കാരനും ആഗ്രഹിക്കുന്നില്ല. ഈ ഉള്‍ക്കാഴ്ച നഷ്ടപ്പെടാതെ നോക്കലാണ് പ്രധാനമെന്ന് ഞാന്‍ കരുതുന്നു' - ഒബാമ പറഞ്ഞു.

അതേസമയം, ഒബാമയുടെ അഭിപ്രായത്തെ അഭിസംബോധന ചെയ്ത സാണ്ടേഴ്‌സ് 'ഞാൻ നിലവിലെ സിസ്റ്റത്തെ മാറ്റിമറിക്കാന്‍ ആഗ്രഹിക്കുന്ന ആളല്ല' എന്നാണ് പറഞ്ഞത്. 'ആരോഗ്യ സംരക്ഷണം ഒരു മനുഷ്യാവകാശമാണെന്നും, ഓരോ പുരുഷനും സ്ത്രീക്കും കുട്ടികൾക്കും ആരോഗ്യ പരിരക്ഷ ഉറപ്പുനൽകാത്ത ഭൂമിയിലെ ഒരേയൊരു പ്രധാന രാജ്യം അമേരിക്കയാണെന്ന നാണക്കേട് അവസാനിപ്പിക്കണമെന്നുമാണ് ഞാന്‍ പറയുന്നത്. അത് സിസ്റ്റത്തിന് എതിരല്ല' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയ-സാമ്പത്തിക രംഗം വിപുലമായ പരിവര്‍ത്തനത്തിന് വിധേയമാകണമെന്നും, സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് അവസാനിപ്പിക്കുകയും, കുടിയേറ്റം നിയമവിരുദ്ധമാക്കരുതെന്നും അഭിപ്രായപ്പെടുന്നവരാണ് ഇടതുപക്ഷ ചായ്‌വ് പ്രകടിപ്പിക്കുന്ന ഡെമോക്രാറ്റിക്‌ നേതാക്കള്‍. അവര്‍ 'അല്‍പംകൂടി യാഥാര്‍ത്ഥ്യ ബോധത്തോടെ കാര്യങ്ങളെ സമീപിക്കണം' എന്നായിരുന്നു ഒബാമയുടെ നിര്‍ദേശം.


Next Story

Related Stories