TopTop
Begin typing your search above and press return to search.

കോവിഡ് വ്യാപനം; ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്കുമായി യുഎസ്

കോവിഡ് വ്യാപനം; ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്കുമായി യുഎസ്

ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രവേശന വിലക്കുമായി യുഎസ്. മെയ് നാലു മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും. ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കൂടുന്നതും കൊറോണ വൈറസിന്റെ ഒന്നിലധികം വകഭേദങ്ങള്‍ കണ്ടെത്തിയതുമായ സാഹചര്യത്തിലാണ് വിലക്ക് ഏര്‍പ്പെടുത്തുന്നതെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കി പ്രസ്താവനയില്‍ അറിയിച്ചു. യുഎസ് പൗരന്മാര്‍, യുഎസിലെ സ്ഥിരതാമസക്കാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ദേശീയ സുരക്ഷാ ഉദ്യോഗസ്ഥര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് വിലക്ക് ബാധകമല്ല. ഉത്തരവ് പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ വിദ്യാര്‍ഥികള്‍, അക്കാദമിക പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ചില വിഭാഗങ്ങളെയും വിലക്കില്‍നിന്നൊഴിവാക്കിയതായി സ്റ്റേറ്റ് സെക്രട്ടറി ടോണി ബ്ലിങ്കണ്‍ അറിയിച്ചു.

ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്നും ആരെങ്കിലും രാജ്യത്ത് ഉണ്ടെങ്കില്‍ തിരികെ വരണമെന്നും പൗരന്മാര്‍ക്ക് യുഎസ് നിര്‍ദേശം നല്‍കി. താല്‍ക്കാലിക വിസയിലുള്ള വിദേശ പൗരന്മാര്‍ 14 ദിവസത്തിലധികം ഇന്ത്യയില്‍ തങ്ങിയാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ യുഎസിലേക്ക് യാത്ര ചെയ്യരുത്. എന്നാല്‍, അടിയന്തര സാഹചര്യങ്ങളില്‍ പ്രത്യേക ഇളവുകള്‍ അനുവദിച്ചേക്കും. യാത്രാവിലക്ക് ബാധകമല്ലാത്തവര്‍ക്ക് രാജ്യത്ത് പ്രവേശിക്കണമെങ്കില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. അതേസമയം, ഇന്ത്യയ്ക്ക് സഹായം നല്‍കുന്നതിന് യാത്രാനിയന്ത്രണം തടസമാകില്ലെന്നും യുഎസ് വ്യക്തമാക്കി.

പുതിയ തീരുമാനം എയര്‍ലൈനുകളെ അറിയിച്ചിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറഞ്ഞു. നേരത്തെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, യുകെ, അയര്‍ലന്‍ഡ്, ചൈന, ഇറാന്‍ തുടങ്ങി കോവിഡ് രൂക്ഷമായ മറ്റു ചില രാജ്യങ്ങള്‍ക്കും യുഎസ് പ്രവേശന വിലക്കേര്‍പ്പെടുത്തിയിരുന്നു.


Next Story

Related Stories