ഫ്രാന്‍സ് ഇപ്പോള്‍ ഇരട്ട പ്രതിസന്ധിയിലാണ്. ഒരു വശത്ത് കൊവിഡിന്റെ രണ്ടാം വരവ്, മറ്റൊരു വശത്ത് തുടര്‍ച്ചയായി ആവര്‍ത്തിക്കുന്ന ഭീകരാക്രമണങ്ങള്‍. ഭീകരാക്രമണത്തിന് പിന്നില്‍ ഇസ്ലാമിക തീവ്രവാദികളാണെന്ന പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിന്റെ പ്രസ്താവനയും അതിനോട് ലോക രാഷ്ട്രങ്ങള്‍ ചേരി തിരിഞ്ഞ് നടത്തിയ പ്രതികരണങ്ങളുമാണ് ഇപ്പോള്‍ ലോക രാഷ്ട്രീയത്തിലെ മുഖ്യ വാര്‍ത്ത. ഫ്രാന്‍സിന് ഇസ്ലാംപേടിയാണെന്ന് മുസ്ലീം രാജ്യങ്ങളില്‍ ചിലത് ആക്ഷേപിക്കുമ്പോള്‍, ഇസ്ലാം ആഗോള തലത്തില്‍ പ്രതിസന്ധി നേരിടുകയാണെന്ന് മാക്രോണും അഭിപ്രായപ്പെട്ടത്. ഇത് ഫ്രഞ്ച് ഉത്പന്നങ്ങള്‍ ബഹിഷ്ക്കരിക്കുന്നതിലേക്കും നയതന്ത്ര പ്രതിനിധികളെ പിന്‍വലിക്കുന്നതിലേക്കും വരെ എത്തിയിരിക്കുന്നു
എങ്ങനെയാണ് സംഭവങ്ങളുടെ തുടക്കം
യൂറോപ്യന്‍ രാജ്യങ്ങളില്‍ മുസ്ലീം ജനസംഖ്യ കാര്യമായുളള രാജ്യമാണ് ഫ്രാന്‍സ്. അവിടുത്തെ ആകെ ജനസംഖ്യയില്‍ 8.8 ശതമാനമാണ് മുസ്ലീം ജനസംഖ്യ. വർഷങ്ങൾക്ക് മുമ്പ് തന്നെ നടന്ന കുടിയേറ്റമാണ് മുസ്ലീങ്ങള്‍ ഫ്രന്‍സില്‍ കൂടുതലായി ഉണ്ടാകാന്‍ കാരണമെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. കുടിയേറ്റക്കാരോടും അവരുടെ അനന്തര തലമുറകളോടും ഭൂരിപക്ഷ സമുദായത്തില്‍പ്പെട്ടവര്‍ പലയിടത്തും കാണിക്കുന്ന അപരത്വ വല്‍ക്കരണം ഇവിടെയും മുസ്ലീങ്ങള്‍ക്കെതിരെ ഉണ്ടായിരുന്നു. ഈ ഒരു പശ്ചാത്തലത്തില്‍ വേണം ഇപ്പോള്‍ ഉണ്ടായ പ്രശ്നത്തെക്കാണാന്. അത് ചരിത്രപരമായി തന്നെ ഉള്ള പ്രശ്നമാണ്.
ഇപ്പോഴുണ്ടായ സംഭവങ്ങളുടെ തുടക്കമെന്നത് ഷാര്‍ലെ ഹെബ്ദോ ആക്രമണത്തിന്റെ വിചാരണ തുടങ്ങിയതുമായി ബന്ധപ്പെട്ടാണെന്ന് കാണാം. 2015 ല്‍ ഫ്രഞ്ച് ആക്ഷേപ ഹാസ്യ മാഗസിനായ ഷാര്‍ലെ ഹെബ്ദോയില്‍ നടത്തിയ ആക്രമണത്തില്‍ 17 പേരാണ് കൊല്ലപ്പെട്ടത്. ഷാര്‍ലെ ഹെബ്ദോ പ്രവാചകന് മുഹമ്മദ് നബിയുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചതാണ് ആക്രമണത്തിന് കാരണമായത്. കാര്‍ട്ടൂണിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ആക്രമികളും പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. എന്നാല്‍ ഈ ആക്രമണത്തിന് സൗകര്യം നല്‍കിയവരെ അറസ്റ്റ് ചെയ്യുകയും വിചാരണ ആരംഭിക്കുകയും ചെയ്തത് സെപ്റ്റംബര്‍ രണ്ടിനായിരുന്നു. വിചാരണ ആരംഭിച്ച ദിവസം ഷാര്‍ലെ ഹെബ്ദോ വീണ്ടും പ്രവാചകന് മുഹമ്മദിന്റെ കാരിക്കേച്ചറുകള്‍ പ്രസിദ്ധീകരിച്ചു. അതിനെതിരെ പലയിടങ്ങളിലും പ്രതിഷേധങ്ങളും ആക്രമങ്ങളുമുണ്ടായി.
പിന്നീട് എന്താണ് സംഭവിച്ചത്.
ഒക്ടോബര്‍ 16 ന് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഫ്രാന്‍സില്‍ സാമുവല്‍ പാറ്റി എന്ന അധ്യാപകന് കഴുത്തറത്ത് കൊല്ലപ്പെടുന്നത്. ആവിഷ്ക്കാര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ക്ലാസിനിടെ പ്രവാചകന് മുഹമ്മദിന്റെ പടം കാണിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്ന് കരുതന്നു. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമായി താന്‍ പ്രവാചകന് മുഹമ്മദിന്റെ ചിത്രം കാണിക്കുകയാണെന്നും മതപരമായി പ്രശ്നമുളളവര്ക്ക ക്ലാസില്‍നിന്ന് വിട്ടുനില്ക്കാവുന്നതാണെന്നും പറഞ്ഞതിന് ശേഷമാണ് അദ്ദേഹം ഈ വിവാദ ചിത്രം പ്രദര്‍ശിപ്പിച്ചത്. അദ്ദേഹത്തെ പിന്നീട് ചെച്നിയയില്‍നിന്ന് ഫ്രാന്‍സിലെത്തിയ യുവാവ് കഴുത്തറത്തുകൊല്ലുകയായിരുന്നു.
ഇതിനോടുള്ള ഫ്രാന്‍സിന്റെയും ഇസ്ലാമിക സമൂഹത്തിന്റെയും പ്രതികരണം എങ്ങനെയായിരുന്നു
ഈ ക്രൂര കൃത്യത്തോട് ശക്തമായാണ് ഫ്രഞ്ച് സര്‍ക്കാര്‍ പ്രതികരിച്ചത്. പ്രവാചകന് മുഹമ്മദിന്റെ കാര്‍ട്ടൂണുകളെ തള്ളിപറയില്ലെന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രാണ്‍ പറഞ്ഞു. ഭീകര പ്രവര്‍ത്തനത്തെ ഇസ്ലാമുമായി സമീകരിക്കുന്നതിന് സമാനമായ പ്രസ്താവനയാണ് അദ്ദേഹം നടത്തിയത്. ലോക വ്യാപകമായി ഇസ്ലാം പ്രതിസന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ മുഹമ്മദിന്റെ ചിത്രങ്ങളെ തള്ളി പറയില്ലെന്നും പറഞ്ഞതോടെ മതവിശ്വാസത്തിനെതിരായ ആക്രമണമായി ചില മുസ്ലീം രാജ്യങ്ങള്‍ രംഗത്തെത്തി. ഭീകരാക്രമണത്തിന്റെ പേരില്‍ ഇസ്ലാമിനെ മൊത്തത്തില്‍ ഫ്രഞ്ച് സര്‍ക്കാര്‍ ആക്രമിക്കുന്നു എന്ന ആക്ഷേപവും ഇതോടെ ശക്തമായി.
ആരൊക്കെയാണ് ഫ്രാന്‍സുമായി ഉടക്കിയത്
ഇതില്‍ തുര്‍ക്കിയുടെ പ്രതികരണമാണ് ഏറ്റവും രൂക്ഷമായത്. ഫ്രഞ്ച് പ്രസിഡന്റ് തന്റെ മാനസിക നില പരിശോധിക്കണമെന്നാതായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. പ്രകോപനപരമായ പ്രസ്താവനയെ തുടര്‍ന്ന് ഫ്രാന്‍സ് തുര്‍ക്കിയില്‍നിന്ന് നയതന്ത്ര പ്രതിനിധിയെ പിന്‍വലിച്ചു. വിവിധ മുസ്ലീം രാജ്യങ്ങള്‍ ഫ്രഞ്ച് ഉത്പന്നങ്ങള്‍ ബഹിഷ്ക്കരിക്കാനും തീരുമാനിച്ചു. ഇതോടെ പ്രശ്നം കൂടുതല്‍ സങ്കീര്‍ണമായി. യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളും ഇന്ത്യയും ഫ്രാന്‍സിന് പിന്തുണയുമായി രംഗത്തെത്തി.
കഴിഞ്ഞ ദിവസം നടന്ന സംഭവം തെളിയിക്കുന്നതെന്താണ്
ടുണിഷ്യയില്നിന്ന് കഴിഞ്ഞ മാസം ഫ്രാന്‍സില്‍ എത്തിയ 21 കാരനാണ് കഴിഞ്ഞ ദിവസം മൂന്ന് പേരെ കൊലപ്പെടുത്തിയത്. പൊലീസിന്റെ വെടിവെപ്പില്‍ അയാള്‍ ഗുരുതരാവസ്ഥയിലാണ്. ഇസ്ലാമിക തീവ്രവാദ ആക്രമണമാണ് ഇതെന്ന് ഇമ്മാനുവല്‍ മാക്രോണ്‍ പറയുകയും ചെയ്തു. പൊതു സ്ഥലങ്ങളില്‍ പൊലീസ് സംരക്ഷണം ശക്തമാക്കിയതായി മാക്രോണ്‍ പറയുകയും ചെയ്തു. . നീസ് എന്ന നഗരത്തിലെ ക്രിസ്ത്യന്‍ പള്ളിയിലാണ് ആക്രമണം നടന്നത് . നാല് വര്‍ഷം മുമ്പ് മറ്റൊരു ട്യുണിഷ്യക്കാരന് ആള്‍ക്കൂട്ടത്തിലേക്ക് വാഹനം ഓടിച്ചു കയറി 86 പേരെ കൊലപ്പെടുത്തിയത് ഇതേ നഗരത്തിലായിരുന്നു.
എന്തുകൊണ്ടാണ് ഫ്രാന്‍സും ഇസ്ലാമിക രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ ഭിന്നതയെ സംസ്ക്കാരങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലെന്ന് ചിലര്‍ വിശേഷിപ്പിക്കുന്നത്. എന്താണ് സംസ്ക്കാരങ്ങള്‍ തമ്മിലുളള പോരാട്ടം( Clash of civilization)
അമേരിക്കയിലെ രാഷ്ട്രമീംമാസകനായ സാമുവല്‍ പി ഹണ്ടിംങ്ടണ്‍ വികസിപ്പിച്ചെടുത്ത സിദ്ധാന്തമാണ് സംസ്ക്കാരങ്ങളുടെ സംഘർഷം. ഇതനുസരിച്ച് രാജ്യങ്ങള്‍ തമ്മിലല്ല, ഇനി സംസ്ക്കാരങ്ങള്‍ തമ്മിലായിരിക്കും പോരാട്ടം എന്ന് അദ്ദേഹം സിദ്ധാന്തിച്ചു ശീതയുദ്ധത്തിന് ശേഷം 1990 കളിലാണ് അദ്ദേഹം ഈ സിദ്ധാന്തം, ആദ്യം ഫോറിന് അഫേയേഴ്സ് മാഗസിനിലുടെയും പിന്നീട് പുസ്തകത്തിലൂടെയും അവതരിപ്പിച്ചത്. അത്തരത്തിലുള്ള ഒരു സംഘര്‍ഷത്തിലേക്കാണ് ഇപ്പോൾ ഫ്രാൻസും ശ്ചാത്യ രാജ്യങ്ങളും ഇസ്ലാമിക രാജ്യങ്ങളും പോകുന്നതെന്ന സൂചനയാണ് ഇത്തരം ഒരു പ്രയോഗത്തിലൂടെ നടത്തുന്നത്.
ഫ്രാന്‍സ് ഭീകരതയുടെ ഇരയാണോ? അതോ ഇസ്ലാമോഫിയയിലാണോ അവിടുത്ത മുഖ്യധാര രാഷ്ട്രീയം
ഫ്രാന്‍സിലെ സംഘര്‍ഷങ്ങള്‍ പല രീതിയില്‍ പലപ്പോഴും ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. ഭീകരരായ ചിലര്‍ അവിടെ ഇസ്ലാമിന്റെ പേരില്‍ ആക്രമണം നടത്തുന്നുവെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അതിന് ഒരു വിശ്വാസി സമൂഹത്തെ മുഴുവന്‍ കുറ്റപ്പെടുത്തുന്ന തരത്തില്‍ അധികാരികളുടെ ഭാഗത്തുനിന്ന് പ്രതികരണമുണ്ടായി എന്നത് പ്രശ്നം കൂടുതല്‍ വഷളാക്കുകയാണ് ഉണ്ടായത്. നേരത്തെ തന്നെ ഇസ്ലാം വിരുദ്ധമെന്ന് പറയാവുന്ന പ്രസ്താവനകള്‍ ഫ്രഞ്ച് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. ഹലാല്‍ ഭക്ഷണമെന്നത് ഫ്രഞ്ച് സമൂഹത്തില്‍ വിഭാഗീയതയാണ് ഉണ്ടാക്കുന്നതെന്ന് അവിടുത്തെ ആഭ്യന്തര മന്ത്രിയുടെ പ്രസ്താവനയും തട്ടമിട്ട സ്ത്രീകള്‍ക്ക് നേരെ നടന്ന ആക്രമണവുമെല്ലാം ഇതിന്റെ ഉദാഹരണങ്ങളാണ്. അവിടുത്തെ ആഭ്യന്തര രാഷ്ട്രീയവും ഇസ്ലാം വിരുദ്ധ നീക്കങ്ങളെ സഹായിക്കുന്നുണ്ടെന്നതാ്ണ് യാഥാര്‍ത്ഥ്യം. തീവ്ര വലതുപക്ഷ പാര്‍ട്ടിയായ നാഷണല്‍ റാലി പൊളിറ്റിക്കല്‍ പാര്‍ട്ടി നേതാവ് മേരിന് ലെ പെന്നിന്റെ നിലപാടുകളെ അപ്രസക്തമാക്കുകയെന്നതാണ് മാക്രാണിന്റെ ലക്ഷ്യമെന്നും അതിന്റെ ഭാഗമാണ് ഇസ്ലാം വിരുദ്ധ സമീപനം സ്വീകരിക്കുന്നതെന്നും ആക്ഷേപമുണ്ട്. വെള്ളക്കാരന്റെ ബാധ്യതെയെന്ന (White man's burden) വംശീയാധിപത്യ ചിന്തകളും അദ്ദേഹത്തെ നയിക്കുന്നുവെന്നും വിമര്‍ശകര്‍ പറയുന്നു. മറുവശത്ത് അതിതീവ്രമായ പ്രതികരണത്തിലൂടെ, മഹാമാരിയുടെ കാലത്ത് ലോകത്തെ അനാവിശ്യമായ ഒരു സംഘര്‍ഷത്തിലേക്ക് ലോകത്തെ തള്ളിയിടുന്നതില്‍ തുര്‍ക്കി പോലുള്ള രാജ്യങ്ങള്‍ക്കും ഉണ്ടെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ലോക മുസ്ലീങ്ങളുടെ വ്ക്താവായി മാറാനാണ് തുര്‍ക്കി പ്രസിഡന്റ് തയ്യീപ് എര്‍ദോഗന്റെ ശ്രമമെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ഭീകര പ്രവര്‍ത്തനത്തെ പേരില്‍ മതത്തെ വിമര്‍ശിക്കുന്നവരും ഭീകരവാദികള്‍ക്കെതിരായ നീക്കത്തെ മതത്തിനെതിരായ നീക്കമെന്ന് പറയുന്നവരും ഫലത്തില്‍ ചെയ്യുന്നത് ഒന്നാണ്. സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുക.