മറ്റു രാജ്യങ്ങളില്‍ കോവിഡ് വാക്സിനുകള്‍ അംഗീകരിക്കപ്പെട്ടതിനു പിന്നാലെ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് കമ്മീഷണറോട് കയര്‍ത്ത് വൈറ്റ് ഹൗസ്. ഒന്നല്ലെങ്കില്‍ ഫൈസര്‍ വാക്സിന് അംഗീകാരം നല്‍കുക അല്ലെങ്കില്‍ രാജിവെച്ച് പുറത്തുപോകുക എന്നാണ് എഫ്ഡിഎ കമ്മീഷണര്‍ സ്റ്റീഫന്‍ ഹാന്‍ വൈറ്റ് ഹൗസിന്റെ അന്ത്യശാസനം. വാക്സിനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഏജന്‍സി വ്യക്തമാക്കിയില്ലെങ്കില്‍ രാജി വെക്കണമെന്നാണ് വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് മാര്‍ക്ക് മെഡോസ് ഹാനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കോവിഡ് പ്രതിരോധ വാക്സിനുകളുടെ കാര്യത്തില്‍ എഫ്ഡിഎ മെല്ലെപ്പോകുന്ന ആമയാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞവാരം ട്വീറ്റ് ചെയ്തിരുന്നു. പരീക്ഷണങ്ങളും വിലയിരുത്തലുകളുമായി സമയം കളയാതെ ജനങ്ങളുടെ ജീവന് രക്ഷിക്കാനുള്ള നടപടികളുണ്ടാകണമെന്നും വൈറ്റ് ഹൗസ് ആവശ്യപ്പെട്ടിരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എഫ്ഡിഎയുടെ നിലപാടിനോടുള്ള ട്രംപ് ഭരണകൂടത്തിന്റെ അതൃപ്തിയാണ് ഇതോടെ പുറത്തുവന്നിരിക്കുന്നത്.
തിരഞ്ഞെടുപ്പിനുമുമ്പ് കോവിഡ് വാക്സിന് പുറത്തിറക്കുമെന്ന് ട്രംപ് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ എഫ്ഡിഎയും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിദഗ്ധ സമിതിയും തിരക്കിട്ട് വാക്സിന് പുറത്തിറക്കുന്നതിനെ എതിര്‍ത്തിരുന്നു. എന്നാല്‍, യുകെയും കാനഡയും ഉള്‍പ്പെടെ രാജ്യങ്ങള്‍ ഫൈസര്‍ വാക്സിന് അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കിയതോടെയാണ് വൈറ്റ് ഹൗസ് വീണ്ടും എഫ്ഡിഎ കമ്മീഷണര്ക്കുനേരെ തിരിഞ്ഞിരിക്കുന്നത്.
മൂന്നാം ഘട്ടം പരീക്ഷണത്തില്‍ ഫൈസര്‍ വാക്സിന് 95 ശതമാനത്തോളം ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. അന്തിമ അംഗീകാരത്തിനായി ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ എഫ്ഡിഎയ്ക്ക് കൈമാറിയിരുന്നു. ഇതേത്തുടര്‍ന്ന്, വാക്സിന് അടിയന്തിര ഉപയോഗത്തിന് എഫ്ഡിഎ അനുമതി നല്‍കിയിരുന്നു. എന്നാല്‍ പൂര്‍ണ ഉപയോഗത്തിനുള്ള അനുമതി സംബന്ധിച്ച അവലോകനത്തിനായി എട്ട് മണിക്കൂറാണ് എഫ്ഡിഎ യോഗം ചേര്‍ന്നത്. 16 വയസ്സിനു മുകളിലുള്ളവര്‍ക്ക് വാക്സിന് ഉപയോഗിക്കാമെന്നാണ് സമിതിയുടെ നിരീക്ഷണം.