ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഗുഹാ പെയിന്റിംഗ് കണ്ടെത്തി. ഇന്‍ഡോനേഷ്യയിലെ സുലവേസി ദ്വീപിലെ ലിയാംഗ് ടെഡോങ്ഗെ താഴ്വരയിലുള്ള ഗുഹയിലെ ചുമരിലാണ് കാട്ടു പന്നിയുടെ ചിത്രം കണ്ടെത്തിയത്. ചിത്രം ഏകദേശം 45,500 വര്‍ഷങ്ങള്‍ക്കു മുമ്പ് വരച്ചതായാണ് കരുതപ്പെടുന്നത്. മേഖലയിലെ മനുഷ്യവാസത്തിന്റെ ആദ്യകാല തെളിവുകളാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് പുരാവസ്തു ഗവേഷകര്‍ പറഞ്ഞു. സയന്‍സ് അഡ്വാന്‍സസ് ജേണലിലാണ് കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സുലവേസി വാര്‍ട്ടി പന്നിയുടെ ചിത്രമാണ് ഗുഹയില്‍ കണ്ടെത്തിയത്. ചെമ്മണ്ണ് നിറത്തിലാണ് പന്നിയെ വരച്ചിരിക്കുന്നത്. അതിനൊപ്പം രണ്ട് കൈപ്പടങ്ങളും ദൃശ്യമാണ്. കാലങ്ങളോളം മനുഷ്യര്‍ വേട്ടയാടിയിരുന്ന മൃഗമാണ് സുലവേസി വാര്‍ട്ടി പന്നികള്‍. അവ മേഖലയുടെ അതിപ്രാചീന കലാസൃഷ്ടിയുടെ ഭാഗമായിരുന്നു. അതിനാല്‍ ചിത്രത്തെക്കുറിച്ചും കൈപ്പടങ്ങളെക്കുറിച്ചും വിശദമായ പഠനത്തിനാണ് ഗവേഷകരുടെ നീക്കം.
ഇന്‍ഡോനേഷ്യന്‍ ആര്‍ക്കിയോളജി അധികൃതര്‍ക്കൊപ്പം ആസ്ട്രേലിയയിലെ ഗ്രിഫിത്ത് യൂണിവേഴ്സിറ്റിയില്‍ ഗവേഷണം നടത്തുന്നവരാണ് ഗുഹ കണ്ടെത്തിയത്. വേനല്‍ക്കാലത്ത് മാത്രമാണ് ഗുഹയില്‍ പ്രവേശിക്കാനാകുക. മണ്‍സൂണ്‍ സീസണില്‍ ഗുഹ വെളളത്താല്‍ മൂടപ്പെട്ടുകിടക്കുമെന്നും പ്രദേശവാസികള്‍ പറഞ്ഞു.