TopTop
Begin typing your search above and press return to search.

വംശീയതയ്ക്കെതിരെ ലോകം യുദ്ധം പ്രഖ്യാപിക്കണമെന്ന് ഇറാന്‍; സ്ത്രീകളെ കല്ലെറിഞ്ഞു കൊല്ലുന്നവരെന്ന് യുഎസ്സിന്റെ തിരിച്ചടി

വംശീയതയ്ക്കെതിരെ ലോകം യുദ്ധം പ്രഖ്യാപിക്കണമെന്ന് ഇറാന്‍; സ്ത്രീകളെ കല്ലെറിഞ്ഞു കൊല്ലുന്നവരെന്ന് യുഎസ്സിന്റെ തിരിച്ചടി

46കാരനായ കറുത്ത വര്‍ഗക്കാരനെ കൊലപ്പെടുത്തി വംശീയ വെറിക്കെതിരെ പ്രതിഷേധം കനക്കവെ ഇറാനിയന്‍ വിദേശകാര്യമന്ത്രി ജാവേദ് സരീഫ് നടത്തിയ പ്രസ്താവനയ്ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച് യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ. "നിങ്ങള്‍ സ്വവര്‍ഗലൈംഗികതയുള്ളവരെ തൂക്കിലേറ്റുന്നവരാണ്. സ്ത്രീകളെ കല്ലെറിഞ്ഞ് കൊല്ലുന്നവരാണ്, ജൂതന്മാരെ ഉന്മൂലനം ചെയ്യുന്നവരാണ്," പോംപിയോ പ്രതികരിച്ചു.

ഇറാനെതിരെയുള്ള യുഎസ്സിന്റെ ഒരു ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ നിന്ന് ഇറാന്‍ എന്നത് വെട്ടി പകരം യുഎസ് എന്നു ചേര്‍ത്ത് ട്വിറ്ററിലിട്ടാണ് ജാവേദ് സരീഫ് യുഎസ്സിലെ വംശീയ കൊലപാതകത്തോട് പ്രതികരിച്ചത്. 'അടുത്തകാലത്ത് ഇറാനില്‍ നടന്ന പ്രതിഷേധങ്ങള്‍' എന്ന വാര്‍ത്താക്കുറിപ്പില്‍ ഇറാന്‍ എന്നെഴുതിയത് വെട്ടി യുഎസ് എന്നാക്കിയിരുന്നു. തുടര്‍ന്നുള്ള കുറിപ്പിലും ഇത്തരത്തില്‍ വെട്ടിത്തിരുത്തലുകള്‍ വരുത്തി ഇറാനെതിരെ ഉപയോഗിച്ച അതേ ഭാഷ യുഎസ്സിനെതിരെ ഉപയോഗിക്കാന്‍ സരീഫ് വഴി കണ്ടു. ഇതോടൊപ്പം ഇങ്ങനെയൊരു കുറിപ്പും ചേര്‍ത്തു: "കറുത്തവരുടെ ജീവിതം പ്രധാനമാണെന്ന് ചിലര്‍ കരുതുന്നില്ല. വംശീയതയ്ക്കെതിരെ ലോകം യുദ്ധം പ്രഖ്യാപിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു."

ആഫ്രിക്കന്‍ ദേശങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും സരീഫിന്റെ പ്രസ്താവനയുണ്ടായിരുന്നു ട്വിറ്ററില്‍. അടിച്ചമര്‍ത്തലിനെതിരെ നടന്ന ധീരമായ പ്രതിഷേധങ്ങളെ ഇപ്പോഴത്തെ സമരങ്ങള്‍ ഓര്‍മിപ്പിക്കുന്നതായി അദ്ദേഹം പറയുകയുണ്ടായി.

അതെസമയം യുഎസ്സില്‍ വംശീയതയ്ക്കെതിരായ സമരങ്ങള്‍ തുടരുകയാണ്. നാല് ദിവസത്തിനുള്ളില്‍ 1669 പേര്‍ അറസ്റ്റിലായതായി ഔദ്യോഗിക അറിയിപ്പുണ്ടായി. പൊലീസ് വെടിവയ്പിൽ കഴിഞ്ഞദിവസം ഇൻഡ്യാനപ്പലിസിൽ ഒരാൾ മരിച്ചു. ഡെട്രോയിറ്റിലും ഒരാൾ വെടിവയ്പിൽ കൊല്ലപ്പെട്ടിരുന്നു. വൈറ്റ്ഹൗസിനു മുന്നിലും അക്രമം അരങ്ങേറി. ഞായറാഴ്ച വൈറ്റ് ഹൗസിനു മുന്നിലേക്ക് ഇരച്ചെത്തിയ പ്രക്ഷോഭകരെ ഒഴിപ്പിക്കാന്‍ പൊലീസ് കണ്ണീര്‍വാതക പ്രയോഗം നടത്തി. യുഎസിന്റെ തലസ്ഥാനമായ വാഷിങ്ടൻ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിനിടയില്‍ ഫ്ലോറിഡയിൽ പ്രതിഷേധക്കാർക്കിടയിലേക്ക് ട്രക്ക് ഓടിച്ചു കയറ്റിയ സംഭവമുണ്ടായി. ഈ ട്രക്കിന്റെ ഡ്രൈവര്‍ അറസ്റ്റിലായിട്ടുണ്ട്. ലോസാഞ്ചലസില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെത്തുടർന്ന് പതിനായിരത്തോളം പൊലീസുകാരാണ് വിന്യസിക്കപ്പെട്ടിരിക്കുന്നത്. മിനിയപ്പലിസ് പോലീസിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.

പ്രതിഷേധം രൂക്ഷമായതിനെ തുടര്‍ന്ന് ട്രംപിനെ വൈറ്റ് ഹൗസിലെ ഭൂഗര്‍ഭ ബങ്കറിലേക്ക് മാറ്റിയിട്ടുണ്ട്. വെള്ളിയാഴ്ചയും ഞായറാഴ്ചയും വൈറ്റ് ഹൗസിനു മുന്നിലേക്ക് പ്രതിഷേധക്കാര്‍ ഇരച്ചെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ട്രംപിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. നൂറുകണക്കിന് പ്രതിഷേധക്കാരെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും പോലീസും തടയുകയായിരുന്നു.


Next Story

Related Stories