TopTop
Begin typing your search above and press return to search.

കായലിലും കടലിലും സഞ്ചരിക്കുന്ന 'ഒഴുകുന്ന കൂത്തമ്പലം'; കൊച്ചി പൊളിയാണ് ബ്രോ

കായലിലും കടലിലും സഞ്ചരിക്കുന്ന ഒഴുകുന്ന കൂത്തമ്പലം; കൊച്ചി പൊളിയാണ് ബ്രോ

കൊച്ചിയില്‍ ഇപ്പോള്‍ വിനോദസഞ്ചാരികള്‍ക്കായിട്ടുള്ള പദ്ധതികളുടെ ബഹളമാണ്. പ്രത്യേകിച്ച് ക്രൂയിസ് ടൂറിസ്റ്റുകള്‍ക്ക് കാര്യമായ പരിഗണയാണ് നല്‍കുന്നത്. ക്രൂയിസ് ടൂറിസം ഭാവിയില്‍ വലിയ വരുമാനം ലഭിക്കും എന്നാണ് കരുതപ്പെടുന്നത്. കൊച്ചിയില്‍ പലരും ടൂറിസ്റ്റ് ഫ്രണ്ടലിയായിട്ടുള്ള പദ്ധതികളുമായി രംഗത്ത് എത്തികൊണ്ടിരിക്കുകയാണ്. വളരെ കുറഞ്ഞ ചിലവില്‍ കൊച്ചി മെട്രോയ്ക്ക് താമസം ഒരുക്കിയപ്പോള്‍ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ക്രൂയിസ് ടൂറിസ്റ്റുകള്‍ക്കായി ഹെലികോപ്റ്റര്‍ സേവനങ്ങളാണ് ഒരുക്കിയത്. ഇതില്‍ പുതിയതാണ് സഞ്ചാരികള്‍ക്കായിട്ടുള്ള 'ഒഴുകുന്ന കൂത്തമ്പലം'. പ്രധാനമായും ക്രൂയിസ് ടൂറിസ്റ്റുകളെ ലക്ഷ്യം വച്ചുള്ള പദ്ധതിയാണിത്.

ആഡംബര നൗകകളും ക്രൂയിസ് ഷിപ്പുകളും വഴി ഇപ്പോള്‍ കൂടുതല്‍ സഞ്ചാരികള്‍ കൊച്ചിയിലേക്ക് എത്തുന്നുണ്ട്. ഈ സഞ്ചാരികളില്‍ പലരും പരമാവധി 24 മണിക്കൂര്‍ മാത്രമാണ് കൊച്ചിയില്‍ ചിലവഴിക്കുക. നഗരത്തിലിറങ്ങി യാത്രചെയ്യാനുള്ള സമയം ഇല്ലാത്തതിനാല്‍ ഇവരെ കായലിലൂടെ അല്ലെങ്കില്‍ കടലിലൂടെ കൊണ്ടുപോയി മനോഹരമായ ഗ്രാമീണക്കാഴ്ചകള്‍ കാണിക്കാനും കലകളെ പരിചയപ്പെടുത്താനും കഴിയുന്ന ഒരു വെസല്‍ (ചെറിയ കപ്പല്‍) യാത്ര സംവിധാനമാണ് ഒരുക്കുന്നത്.

കേരളത്തിലെ ക്ഷേത്രകലകള്‍ അരങ്ങേറുന്ന വാസ്തുശില്പകലാസൗന്ദര്യം തുടിക്കുന്ന കൂത്തമ്പല മാതൃകയിലുള്ള വെസലാണ് തയ്യാറാക്കുന്നത്. വെസലിനകത്തുള്ള തടികൊണ്ടുള്ള കൂത്തമ്പലത്തില്‍ 200 പേര്‍ക്ക് ഇരുന്ന് കലകള്‍ ആസ്വദിക്കാനുള്ള സൗകര്യവുമുണ്ടാകും. കൂടാതെ നാടന്‍ഭക്ഷണം വിളമ്പുന്ന കഫ്റ്റീരിയ, വിശ്രമ വിനോദത്തിനുള്ള കാര്യങ്ങളുമുണ്ടാകും. ഈ വെസല്‍ കരയോടടുപ്പിച്ച് നിര്‍ത്തി പരിപാടികള്‍ സംഘടിപ്പിക്കാനും കടലിലേക്കും ഉള്‍നാടന്‍ കായല്‍ സഞ്ചാരത്തിനും കഴിയുന്ന തരത്തിലാണ് നിര്‍മ്മിക്കുക.

ചരിത്ര പ്രധാന്യമുള്ള ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി തുടങ്ങിയ പ്രദേശങ്ങള്‍ സഞ്ചാരികള്‍ക്ക് കായലിലൂടെ സഞ്ചരിച്ച് ആസ്വാദിക്കാന്‍ സാധിക്കും. ഒപ്പം കേരളത്തിന്റെ തനത് കലാരൂപങ്ങള്‍ ആസ്വദിക്കാനും ഇതു വഴി അവസരമൊരുങ്ങും. കൊച്ചിക്കായലിലൂടെ ചെറായി, കുമ്പളങ്ങി, ചെല്ലാനം, കടമക്കുടി, മുളവുകാട്, ബോള്‍ഗാട്ടി തുടങ്ങിയ മേഖലകളിലേക്കും അടുത്തുള്ള ചെറിയ ദ്വീപുകളിലേക്കും തുരുത്തുകളിലേക്കും എത്താന്‍ കഴിയുന്ന തരത്തിലുള്ള യാത്രകളായിരിക്കും ക്രമീകരിക്കുക. കൂടാതെ നാടന്‍ ഭക്ഷ്യവിഭവങ്ങളും രുചിക്കാനുള്ള അവസരവും വെസലില്‍ ഉണ്ടാകും.

അതോടൊപ്പം കേരളീയ കരകൗശലവസ്തുക്കളുടെ പ്രദര്‍ശനവും വിപണനവും സൗകര്യമൊരുക്കും. കൊച്ചിയിലിപ്പോള്‍ കായല്‍ ടൂറിസത്തിനാണ് പ്രാധാന്യം കൂടുതല്‍. ബോട്ടുകളില്‍ വെറുതെ സഞ്ചരിക്കുക എന്ന രീതി മാറി നാടന്‍ കലകളും നാടന്‍ ഭക്ഷണത്തിന്റെ രുചിയും ആസ്വാദിക്കാനുള്ള അവസരമൊരുക്കുന്ന പുതിയ രീതിയാണ് ഇപ്പോഴുള്ളത്. കേരള ടൂറിസം വകുപ്പ് മുന്നോട്ടുവച്ച 'ഒഴുകുന്ന കൂത്തമ്പലം' ആശയത്തിന് ഏതാണ്ട് 4.84 കോടി രൂപയാണ് പദ്ധതി ചെലവ്. പദ്ധതിക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കുകയും ചെയ്തു.

കൊച്ചി തുറമുഖം ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ക്രൂയിസ് ഡെസ്റ്റിനേഷനുകളിലൊന്നും വിദേശികള്‍ ഉള്‍പ്പടെയുള്ള സഞ്ചാരികള്‍ക്ക് താല്‍പര്യമുള്ള ടൂറിസ്റ്റ് ഇടവുമാണ്. 2018-2019 കാലയളവില്‍ 49 ഓളം അന്താരാഷ്ട്ര ക്രൂയിസ് കപ്പലുകള്‍ കൊച്ചി സന്ദര്‍ശിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ ക്രൂയിസ് കപ്പലുകള്‍ എത്തുന്ന തുറമുഖങ്ങളുടെ കാര്യത്തില്‍ ഇപ്പോഴും മുന്‍ നിരയിലാണ് കൊച്ചി പോര്‍ട്ട്.

കൊച്ചിയിലെ ടൂറിസം മേഖലയെ ആഗോള തലത്തിലേക്ക് ഉയര്‍ത്തുന്നതിനും പല തരത്തിലുള്ള പദ്ധതികള്‍ ഇനിയും എത്തുന്നുണ്ട്. 2020ഓടെ പ്രവര്‍ത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ ക്രൂയിസ് ടെര്‍മിനല്‍ ഉള്‍പ്പെടെ കൊച്ചിയിലേക്ക് എത്തുന്ന ക്രൂയിസ് ടൂറിസ്റ്റുകളെ അത്ഭുതപ്പെടുത്തുന്നതിനായി കൂടുതല്‍ സേവനങ്ങളും സംരംഭങ്ങളും ഒരുങ്ങുന്നുണ്ടെന്നാണ് വിവരങ്ങള്‍.


Next Story

Related Stories