TopTop

ഒരു ചെറിയ ഹൈദരാബാദി ബിരിയാണി കഥ; ടാസ്കി വിളിയെടാ ടാസ്കി...

ഒരു ചെറിയ ഹൈദരാബാദി ബിരിയാണി കഥ; ടാസ്കി വിളിയെടാ ടാസ്കി...

രണ്ടു വര്‍ഷം ആയെന്നു തോന്നുന്നു ഹൈദരാബാദ് പോയിട്ട്, രാജമുന്ദ്രി നിന്നു വരുമ്പോഴോ പോകുമ്പോഴോ എയര്‍പോര്‍ട്ടില്‍ ഇറങ്ങാറുണ്ട്. രണ്ടേ കാല്‍ വര്‍ഷം ജോലി ചെയ്ത ഇടമാണ് ഹൈദരാബാദ്. ഒരുപാട് ഓര്‍മ്മകള്‍ ഉള്ള ഇടം.. ഇപ്പോള്‍ ജോലിസംബന്ധമായ മീറ്റിംഗിന് എത്തിയതാണ്. മീറ്റിംഗ് നേരത്തേ അവസാനിച്ചപ്പോ ഓടി ഒന്ന് ഗോല്‍കോണ്ട ഫോര്‍ട്ട് വരെ പോയി. ജോലിതിരക്കുകള്‍ അവസാനിച്ചപ്പോള്‍ വെറുത ഇരുന്നു ബോറടിച്ചപ്പോ ബിരിയാണി തിന്നാന്‍ കൊതി തോന്നി.

ബാവര്‍ച്ചിയും പാരഡൈസും പോകണ്ട എന്ന് തീരുമാനിച്ചതാ, അങ്ങനെ ആണ് കഫെ ബാഹര്‍ എന്ന റെസ്റ്റോറന്റില്‍ പോകാന്നു വെച്ചത്. മീറ്റിംഗിന് വേണ്ടി താമസിക്കുന്ന സ്ഥലത്ത് നിന്നും ഓല ബൈക്കിനു പോകാന്നു വെച്ചത് ഒരു രസത്തിന് വേണ്ടിയാണ്. ഒരുത്തന്‍ വന്ന്, പാന്‍ ഒക്കെ ചവച്ചു ഹെഡ് സെറ്റിലെ പാട്ടിന്റെ താളത്തിനു തല ഇളക്കി ഒരുത്തന്‍, 25 വയസ്സ് കാണും പ്രായം. ഹെല്‍മെറ്റ് എവിടെ എന്ന് ചോദിച്ചപ്പോ അതൊന്നും ഇല്ല എന്ന് മറുപടി, എനിക്കല്ല മകനേ ഓടിക്കുന്ന നിനക്ക് എങ്കിലും എന്ന് ചോദിച്ചപ്പോ ഒരു ചിരി ചിരിച്ചു നീട്ടി തുപ്പി. വിശപ്പ് ഉള്ളത് കൊണ്ട് പോകാം എന്ന് പറഞ്ഞു.


ഗോല്‍കോണ്ട ഫോര്‍ട്ട്

ഇത് പറഞ്ഞപ്പോ ആണ് പേര് മറന്നു പോയ നഗരത്തിലൂടെ ഓല ബൈക്കില്‍ വന്ന പയ്യനെ ഓര്‍മ വന്നത്, തലയില്‍ ഹെല്‍മെറ്റ് വെച്ചു വേറെ ഒരെണ്ണം യാത്രക്കാരന് വേണ്ടി വണ്ടിയുടെ വശത്തു തൂക്കി വന്ന് ഒരുത്തന്‍. കഥയില്‍ നിന്നും തെന്നി മാറുന്നില്ല, 'മ്മടെ കഥാനായകന്‍ അഞ്ചാറു വട്ടം കിക്കര്‍ അടിച്ചു ഹോണ്ട സിബിസി ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു. അങ്ങനെ ഞങ്ങ പൊയ്‌ക്കോണ്ടിരിക്കുമ്പോ ഇടക്ക് വെച്ചു വണ്ടി നിന്നു. എന്താണാവോ എന്നറിയാന്‍ ഞങ്ങ വണ്ടി നിര്‍ത്തി, ഒടുവില്‍ ആ നഗ്‌ന സത്യം തിരിച്ചറിഞ്ഞു വണ്ടിയില്‍ പെട്രോള്‍ തീര്‍ന്നിരിക്കുന്നു.

അടുത്ത പമ്പ് 300 മീറ്റര്‍ അകലെ ഉണ്ട്. അവിടെ വരെ നടന്നാലോ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ഓക്കേ പറഞ്ഞു, ഇങ്ങനെ എന്തോരം നടന്നിട്ടുള്ളതാ, എന്തോരം തള്ളിയിട്ടുള്ളതാ നമ്മള്‍. അങ്ങനെ പെട്രോള്‍ പമ്പില്‍ എത്തി. 50 രൂപയ്ക്കു പെട്രോള്‍ അടിച്ചു. അടിച്ചു കഴിഞ്ഞപ്പഴാ അതിലും വല്യ കോമഡി. ലവന്‍ അവന്റെ എല്ലാ പോക്കറ്റിലും തപ്പലോടു തപ്പല്‍, അത് കഴിഞ്ഞു എന്റെ നേരെ ഒരു നോട്ടം, ഭയ്യാ ആ കാശ് കൊടുക്കുമോ എന്ന ചോദ്യവും.

ബിരിയാണി തിന്നാന്‍ പോണ ഞാന്‍ കടും പിടുത്തത്തിനു നിന്നില്ല. ആ കാശും കൊടുത്തു. എന്നെ കൊണ്ട് ആക്കിയതും ഞാന്‍ അവനു 5 സ്റ്റാര്‍ റേറ്റിംഗ് കൊടുത്തു. അവനു കൊടുത്തില്ലേല്‍ പിന്നെ ആര്‍ക്കു കൊടുക്കും. ഹെല്‍മെറ്റ് ഇല്ല, പെട്രോള്‍ ഇല്ല, കയ്യില്‍ കാശ് ഇല്ല. എങ്കിലും അവന്‍ ഓടിക്കുന്നുണ്ട് ഓല ബൈക്ക്. ടാസ്‌കി വിളിക്കടാ ടാസ്‌കി..


Next Story

Related Stories